മെസ്സി ബാഴ്സ വിടില്ല; അഞ്ചുവർഷത്തേക്ക് കൂടി കരാർ നീട്ടും

By Web TeamFirst Published Jul 14, 2021, 8:23 PM IST
Highlights

ബാഴ്സയുമായുളള കരാർ കാലാവധി തീർന്നതോടെ കരിയറിലാദ്യമായി ഫ്രീ ഏജന്റായ മെസ്സി കോപ്പയിൽ അർജന്റീനക്കായി മിന്നുന്ന പ്രകടനം പുറത്തെടുത്ത് ടീമിന് കിരീടം സമ്മാനിച്ചിരുന്നു.

മാഡ്രിഡ്: ലിയോണൽ മെസ്സി ബാഴ്സലോണയിൽ തുടരുമോ എന്ന ആരാധകരുടെ ആകാക്ഷക്കും ആശങ്കക്കും ഒടുവിൽ വിരാമം. ബാഴ്സയുമായി മെസ്സി അഞ്ച് വർഷത്തേക്ക് കൂടി കരാറിൽ ഏർപ്പെട്ടുവെന്ന് ​ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തു. പ്രതിഫലത്തിൽ 50 ശതമാനം കുറവ് വരുത്തിയാണ് മെസ്സി ബാഴ്സയിൽ തുടരാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. വരും ദിവസങ്ങളിൽ മെസ്സിയുമായുള്ള പുതിയ കരാർ സംബന്ധിച്ച വിവരങ്ങൾ ബാഴ്സലോണ ഔദ്യോ​ഗികമായി പുറത്തുവിടുമെന്നും റിപ്പോർട്ടിൽ പറയുന്നു.

2004ൽ ബാഴ്സലോണക്കായി അരങ്ങേറിയ മെസ്സി കരിയറിൽ ഇതുവരെ മറ്റൊരു ക്ലബ്ബിനായും കളിച്ചിട്ടില്ല. എന്നാൽ കഴി‍ഞ്ഞ വർഷം ബാഴ്സ മാനേജ്മെന്റിനോടുള്ള എതിർപ്പുമൂലം ക്ലബ്ബ് വിടാനൊരുങ്ങിയ താരത്തെ ലാ ലി​ഗ അധികൃതരും ബാഴ്സയും കരാറിലെ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിലനിർ‌ത്തുകയായിരുന്നു. ഈ സീസണൊടുവിൽ ബാഴ്സയുമായുള്ള കരാർ അവസാനിച്ച മെസ്സി അത് പുതുക്കാൻ തയാറാവുമോ എന്നായിരുന്നു ആരാധകരുടെ ആകാംക്ഷ.

ബാഴ്സയുമായുളള കരാർ കാലാവധി തീർന്നതോടെ കരിയറിലാദ്യമായി ഫ്രീ ഏജന്റായ മെസ്സി കോപ്പയിൽ അർജന്റീനക്കായി മിന്നുന്ന പ്രകടനം പുറത്തെടുത്ത് ടീമിന് കിരീടം സമ്മാനിക്കുകയും ചെയ്തു. ഇതിനിടെ മെസ്സിയുമായി കരാറിലേർപ്പെടാൻ ബാഴ്സക്ക് ലാ ലി​ഗ അധികൃതരുടെ പുതിയ സാമ്പത്തികചട്ടങ്ങളും തടസമായി. കൊവിഡ് മഹാമാരിയെ തുടർന്ന് ടിക്കറ്റ് വരുമാനം നിലച്ച ബാഴ്സ സീസണിൽ ഏതാണ്ട് ഒരു ബില്ല്യണ്‍ യൂറോയോളം കടത്തിലാണ്.

ഇതുകൂടി പരി​ഗണിച്ചാണ് കുറഞ്ഞ പ്രതിഫലത്തില്‍ മെസ്സി ബാഴ്സയില്‍ തുടരാൻ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മെസ്സിയുടെ ആവശ്യപ്രകാരം അർജന്റീന ടീമിലെ സഹതാരവും ആത്മ സുഹൃത്തുമായ മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അ​ഗ്യൂറോയെ ബാഴ്സ ഇത്തവണ ടീമിലെത്തിച്ചിരുന്നു.

ഫ്രീ ഏജന്‍റായതോടെ മെസ്സി പിഎസ്ജി, മാഞ്ചസ്റ്റര്‍ യുണെറ്റഡ് ക്ലബുകളിലേക്ക് കൂടുമാറുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ജൂണ്‍ 30നാണ് ഏതാണ്ട് 594 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള മെസിയുടെ നാല് വര്‍ഷത്തെ ബാഴ്സ കരാര്‍ അവസാനിച്ചത്.

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!