'റാഷ്‌ഫോര്‍ഡ് വിജയി, ഇനിയും പെനാൽറ്റി എടുക്കും'; വംശീയാധിക്ഷേപങ്ങള്‍ക്കിടെ പിന്തുണച്ച് യുണൈറ്റഡ്

By Web TeamFirst Published Jul 14, 2021, 11:10 AM IST
Highlights

വെംബ്ലിയിലെ അഭിമാനപ്പോരില്‍ പിഴവ് വരുത്തിയെങ്കിലും മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനെ വിശ്വാസമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും പരിശീലകനും

മാഞ്ചസ്റ്റര്‍: യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിക്കെതിരെ പെനാൽറ്റി പാഴാക്കിയ ഇംഗ്ലണ്ട് താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനെ പിന്തുണച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഇനിയും റാഷ്‌ഫോര്‍ഡിനെ പെനാൽറ്റിയെടുക്കാന്‍ നിയോഗിക്കുമെന്ന് പരിശീലകന്‍ ഒലേ സോൾഷയര്‍ പറഞ്ഞു. പെനാല്‍റ്റി നഷ്‌ടപ്പെടുത്തിയതിന്‍റെ പേരില്‍ റാഷ്‌ഫോര്‍ഡടക്കം മൂന്ന് താരങ്ങള്‍ വംശീയാധിക്ഷേപം നേരിടുന്ന സാഹചര്യത്തിലാണ് പരസ്യ പിന്തുണയുമായി യുണൈറ്റഡ് രംഗത്തെത്തിയത്. 

വെംബ്ലിയിലെ അഭിമാനപ്പോരില്‍ പിഴവ് വരുത്തിയെങ്കിലും മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനെ വിശ്വാസമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും പരിശീലകനും. 'ചെങ്കുപ്പായത്തിൽ പെനാൽറ്റി എടുക്കാന്‍ അവസരം വന്നാൽ റാഷ്‌ഫോര്‍ഡ് ഇനിയും മുന്നോട്ടുവരും, യുവതാരം തന്നെ കിക്ക് എടുക്കുകയും ചെയ്യും' എന്ന് പരിശീലകന്‍ ഒലേ സോള്‍ഷയര്‍ പറ‌ഞ്ഞു. പെനാൽറ്റി ഷൂട്ടൗട്ടിന്‍റെ സമ്മര്‍ദം ഒഴിവാക്കാന്‍ ഒരുപാട് കളിക്കാര്‍ താത്പര്യപ്പെടുമ്പോള്‍ വെല്ലുവിളി ഏറ്റെടുത്ത റാഷ്‌ഫോര്‍ഡിനെ വിജയികളുടെ പട്ടികയിൽ ഉള്‍പ്പെടുത്തണമെന്നും സോള്‍ഷെയര്‍ അഭിപ്രായപ്പെട്ടു. 

ഇറ്റലിക്കെതിരെ യൂറോ കലാശപ്പോരില്‍ പെനാല്‍റ്റി പാഴാക്കിയതിന് സാമൂഹ്യമാധ്യമങ്ങളില്‍ വംശീയാധിക്ഷേപം റാഷ്‌ഫോര്‍ഡ് നേരിട്ടിരുന്നു. റാഷ്‌ഫോര്‍ഡിനൊപ്പം പെനാല്‍റ്റി പാഴാക്കിയ സാഞ്ചോയും സാക്കയും വംശീയാധിക്ഷേപത്തിന് വിധേയരായി. ഒരു തരത്തിലുള്ള വിവേചനവും അംഗീകരിക്കില്ലെന്നാണ് സംഭവത്തില്‍ ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍റെ പ്രതികരണം. ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് താരങ്ങള്‍ക്കെതിരായ വംശീയാധിക്ഷേപത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

കറുത്തവര്‍ഗ്ഗക്കാരനായതിൽ ഒരിക്കലും ഖേദിക്കില്ലെന്ന് തുറന്നെഴുതിയ റാഷ്‌ഫോര്‍ഡിന് പിന്നിൽ കായികലോകം അണിനിരക്കുന്നതിനിടെയാണ് യുണൈറ്റഡ് പരിശീലകന്‍റെ വിശ്വാസപ്രഖ്യാപനം. യുണൈറ്റഡ് സീനിയര്‍ ടീമിൽ 2015ൽ അരങ്ങേറ്റം കുറിച്ച റാഷ്‌ഫോര്‍ഡ് 179 കളിയിൽ 55 ഗോള്‍ നേടിയിട്ടുണ്ട്. റോബിന്‍ വാന്‍പേഴ്‌സിക്ക് ശേഷം ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക്ക് നേടിയ ഏക യുണൈറ്റഡ് താരം കൂടിയാണ് 23കാരനായ റാഷ്‌ഫോര്‍ഡ്. 

പെനാല്‍റ്റി കിക്കെടുക്കാന്‍ ആത്മവിശ്വാസമില്ലായിരുന്നു; ആരാധകരോട് മാപ്പ് പറഞ്ഞ് റാഷ്‌ഫോര്‍ഡ്

ഇംഗ്ലണ്ട് കളിക്കാർക്കെതിരായ വംശീയ അധിക്ഷേപം; ആയിരക്കണക്കിന് ട്വീറ്റുകൾ നീക്കം ചെയ്ത് ട്വിറ്റർ

ഇംഗ്ലീഷ് താരങ്ങള്‍ പെനാല്‍റ്റി പാഴാക്കിയ സംഭവം; ഉത്തരവാദിത്വം തനിക്കെന്ന് സൗത്‌‌ഗേറ്റ്

യൂറോ ഫൈനല്‍: പെനാല്‍റ്റി നഷ്‌ടപ്പെടുത്തിയതിന് ഇംഗ്ലീഷ് താരങ്ങള്‍ക്കെതിരെ വംശീയാധിക്ഷേപം, ആഞ്ഞടിച്ച് എഫ്എ    

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

click me!