Latest Videos

ബ്രസീലിലെ നാടകീയ രംഗങ്ങളും മത്സരം ഉപേക്ഷിക്കലും; രൂക്ഷ പ്രതികരണവുമായി മെസിയും പരിശീലകനും

By Web TeamFirst Published Sep 6, 2021, 9:48 AM IST
Highlights

മത്സരത്തിനായി അ‍ർജന്റൈൻ ടീം ഒരു മണിക്കൂർ മുൻപ് സ്റ്റേഡിയത്തിൽ എത്തിയതാണെന്നും ആരോഗ്യപ്രവർത്തകർക്ക് ഇക്കാര്യം നേരത്തേ അറിയിക്കാമായിരുന്നുവെന്നും ലിയോണൽ മെസി

സാവോപോളോ: പ്രീമിയർ ലീഗ് താരങ്ങൾക്ക് കളിക്കാൻ കഴിയില്ലെന്ന് മത്സരത്തിന് മുൻപ് അറിയിപ്പൊന്നും കിട്ടിയിരുന്നില്ലെന്ന് അ‍‍ർജന്റൈൻ കോച്ച് ലിയോണൽ സ്‌കലോണി. 'മൂന്ന് ദിവസമായി അ‍ർജന്റൈൻ ടീം ബ്രസീലിലുണ്ട്. പരിശീലനം നടത്തിയപ്പോഴൊന്നും ആരോഗ്യവകുപ്പ് ഇടപെട്ടില്ല. മത്സരം തുടങ്ങിയതിന് ശേഷം ആരോഗ്യപ്രവർത്തകർ ഗ്രൗണ്ടിലെത്തിയത് ഫുട്ബോളിനോടുള്ള അനാദരവാണ്. ഇരു ടീമുകളിലേയും താരങ്ങൾ മത്സരത്തിന് തയ്യാറായിരുന്നു'വെന്നും സ്‌കലോണി പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ബ്രസീല്‍-അര്‍ജന്‍റീന ലോകകപ്പ് യോഗ്യതാ മത്സരം നാടകീയമായി ഉപേക്ഷിച്ചതിന് പിന്നാലെയാണ് സ്‌കലോണിയുടെ പ്രതികരണം. 

മത്സരത്തിനായി അ‍ർജന്റൈൻ ടീം ഒരു മണിക്കൂർ മുൻപ് സ്റ്റേഡിയത്തിൽ എത്തിയതാണെന്നും ആരോഗ്യപ്രവർത്തകർക്ക് ഇക്കാര്യം നേരത്തേ അറിയിക്കാമായിരുന്നുവെന്നും ലിയോണൽ മെസി പ്രതികരിച്ചു. കളി തുടങ്ങാൻ കാത്തിരുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും മെസി പറഞ്ഞു. ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷനും ആരോഗ്യവകുപ്പിന്റെ നടപടിയെ വിമർശിച്ചു. മത്സരം തുടങ്ങിയതിന് ശേഷമല്ല ഇത്തരം നടപടികൾ സ്വീകരിക്കേണ്ടതെന്ന് സിബിഎഫ് പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസ് പറഞ്ഞു. 

ബ്രസീലിനെതിരായ യോഗ്യതാ മത്സരം ഉപേക്ഷിച്ചതോടെ അർജന്റീനയ്‌ക്ക് മൂന്ന് പോയിന്റ് ലഭിച്ചേക്കും. ഇക്കാര്യത്തിൽ ഫിഫയാണ് അന്തിമ തീരുമാനം എടുക്കുക. മത്സരം നിയന്ത്രിച്ച റഫറിയുടേയും മാച്ച് കമ്മീഷണറുടേയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഫിഫയുടെ അച്ചടക്ക സമിതി ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. മത്സരം വീണ്ടും നടത്താനുള്ള സാധ്യത കുറവാണ്. ഈ മാസം 10ന് ബൊളീവിയക്കെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം.

കളത്തില്‍ നാടകീയ രംഗങ്ങള്‍ 

അർജന്‍റൈൻ താരങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് ബ്രസീൽ ആരോഗ്യപ്രവർ‍ത്തകർ മൈതാനത്ത് ഇറങ്ങിയതാണ് കളി ഉപേക്ഷിക്കാൻ കാരണം. കോപ്പാ അമേരിക്ക ഫൈനലിനു ശേഷം ഫുട്ബോൾ ലോകം കാത്തിരുന്നു അർജന്റീന-ബ്രസീൽ ക്ലാസിക് പോരാട്ടമാണ് ഇങ്ങനെ അലസിപ്പിരിഞ്ഞത്. 

ഇംഗ്ലണ്ടിൽ നിന്നും വരുന്നവർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്‍റീൻ ഉണ്ട് ബ്രസീലിൽ. പ്രീമിയർ ലീഗ് താരങ്ങളായ എമിലിയാനോ മാർട്ടിനെസ്, ബുയൻഡിയ, റൊമേരോ, ലോ സെൽസോ എന്നിവർ ക്വാറന്‍റീൻ മാനദണ്ഡം പാലിച്ചില്ലെന്നായിരുന്നു പരാതി. ഇവരെ സമ്പർക്ക വിലക്കിലേക്ക് മാറ്റാനാണ് ഹെൽത്ത് ഒഫീഷ്യലുകൾ കളത്തിലിറങ്ങിയത്. 

എന്നാൽ, മാർട്ടിനെസ്, റൊമേരോ, ലോ സെൽസോ, എന്നിവർ ഉൾപ്പെട്ട ഒഫീഷ്യൽ ലൈനപ്പ് സൗത്ത് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ മണിക്കൂറുകൾക്ക് മുൻപ് പ്രസിദ്ധീകരിച്ചിരുന്നു. അതിനാൽ മത്സരം തുടങ്ങിയ ശേഷം ബ്രസീലിയന്‍ ആരോഗ്യവകുപ്പ് മൈതാനത്ത് നടത്തിയ ഇടപെടലിനെ വിമർശിക്കുകയാണ് ഫുട്ബോൾ ലോകം. 

ആരോഗ്യപ്രവര്‍ത്തകര്‍ 'കളിച്ചു'; ആരാധകര്‍ കാത്തിരുന്ന അര്‍ജന്റീന ബ്രസീല്‍ മത്സരം ഉപേക്ഷിച്ചു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!