പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി; യുനൈറ്റഡിനും ചെല്‍സിക്കും ജയം

By Web TeamFirst Published Nov 22, 2020, 9:53 AM IST
Highlights

ചെല്‍സി എതിരില്ലാത്ത രണ്ട് ഗോളിന് ന്യൂകാസില്‍ യുനൈറ്റഡിനെ മറികടന്നു. ഒമ്പത് മത്സരങ്ങളില്‍ 20 പോയിന്റുള്ള ടോട്ടന്‍ഹാമാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാരുടെ പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി. ടോട്ടന്‍ഹാമിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു സിറ്റിയുടെ തോല്‍വി. അതേസമയം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 1-0ത്തിന് വെസ്റ്റ് ബ്രോമിനെ മറികടന്നു. ചെല്‍സി എതിരില്ലാത്ത രണ്ട് ഗോളിന് ന്യൂകാസില്‍ യുനൈറ്റഡിനെ മറികടന്നു. ഒമ്പത് മത്സരങ്ങളില്‍ 20 പോയിന്റുള്ള ടോട്ടന്‍ഹാമാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇത്രയും മത്സരങ്ങളില്‍ 18 പോയിന്റുള്ള ചെല്‍സി രണ്ടാമതാണ്. ഇന്ന് ലിവര്‍പൂളിനെ തോല്‍പ്പിക്കാനായാല്‍ ലെസ്റ്റര്‍ സിറ്റിക്ക് ഒന്നാമതെത്താന്‍ അവസരമുണ്ട്.

സിറ്റിക്കെതിരെ സണ്‍ ഹ്യൂങ്, ജിയോവാനി ലോ സെല്‍സോ എന്നിവരാണ് ടോട്ടനത്തിനായി ഗോളുകള്‍ നേടിയത്. മത്സരം തുടങ്ങി അഞ്ചാം മിനുറ്റില്‍ ഹ്യൂങ് ടോട്ടന്‍ഹാമിനെ മുന്നിലെത്തിച്ചു. പകരക്കാരനായി എത്തിയ സെല്‍സോ 65ാം മിനിറ്റിലാണ് ഗോള്‍ നേടിയത്. 

വെസ്റ്റ് ബ്രോമിനെ ഒരു ഗോളിനാണ് യുനൈറ്റഡ് മറികടന്നത്. 56ാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസാണ് യുണൈറ്റഡിന്റെ രക്ഷകനായത്. എട്ട് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് യുനൈറ്റഡ്. 

അതേസമയം ചെല്‍സി അഞ്ചാം ജയം സ്വന്തമാക്കി. എതിരില്ലാത്ത രണ്ട് ഗോളിന് ന്യൂകാസില്‍ യുണൈറ്റഡിനെ തോല്‍പിച്ചു. ഫ്രെഡറിക്കോ ഫെര്‍ണാണ്ടസിന്റെ സെല്‍ഫ് ഗോളിലൂടെ 10ാം മിനിറ്റില്‍ തന്നെ ചെല്‍സി മുന്നിലെത്തി. 65ാം മിനിറ്റില്‍ ടാമി അബ്രഹാമാണ് ചെല്‍സിയുടെ ജയം ഉറപ്പിച്ച ഗോള്‍ നേടിയത്. തിമോ വെര്‍ണര്‍ പാസ് നല്‍കി. 

ഇന്ന് നിലവിലെ ചാംപ്യന്മാരായ ലിവര്‍പൂള്‍ മുന്‍ ചാംപ്യന്മാരായ ലെസ്റ്ററിനെ നേരിടും. ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡിലാണ് മത്സരം. പരുക്ക് കാരണം ആദ്യ ഇലവനിലെ ഒട്ടുമിക്ക താരങ്ങളും ഇല്ലാതെയാണണ് ലിവര്‍പൂള്‍ ഇറങ്ങുക. ആഴ്‌സണല്‍ രാത്രി പത്തിന് ലീഡ്‌സ് യുണൈറ്റഡിനെ നേരിടും.

click me!