
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ആഴ്‌സണലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ രാത്രി ഒന്‍പതിനാണ് മത്സരം. നാല് കളിയില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമടക്കം ആഴ്‌സണലിന് ഒന്‍പതും, രണ്ട് വീതം ജയവും തോല്‍വിയുമടക്കം സിറ്റിക്ക് ആറും പോയിന്റാണുള്ളത്. അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാം ജയം സ്വന്തമാക്കി. യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളിന് ചെല്‍സിയെ തോല്‍പിച്ചു. പതിനാലാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസും മുപ്പത്തിയേഴാം മിനിറ്റില്‍ കാസിമിറോയുമാണ് യുണൈറ്റഡിന്റെ ഗോളുകള്‍ നേടിയത്. ട്രെവോയാണ് ചെല്‍സിയുടെ സ്‌കോറര്‍.
നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിന്റെ ജൈത്രയാത്ര തുടരുന്നു. ലിവര്‍പൂള്‍ അഞ്ചാം റൗണ്ടില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് എവര്‍ട്ടനെ തോല്‍പിച്ചു. റയാന്‍ ഗ്രാവെന്‍ബെര്‍ക്ക്, ഹ്യൂഗോ എകിറ്റിക്കെ എന്നിവരാണ് ലിവര്‍പൂളിന്റെ സ്‌കോറര്‍മാര്‍. ആദ്യ പകുതിയില്‍ ആയിരുന്നു രണ്ടുഗോളും. അഞ്ച് കളിയില്‍ പതിനഞ്ച് പോയിന്റുമായി ലീഗില്‍ ഒന്നാംസ്ഥാനത്ത് തുടരുകയാണ് ലിവര്‍പൂള്‍.
സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിന്റെ അപരാജിത കുതിപ്പ് തുടരുന്നു. റയല്‍ അഞ്ചാം റൗണ്ടില്‍ എതിരില്ലാത്ത രണ്ട് ഗോളിന് എസ്പാനിയോളിനെ തോല്‍പിച്ചു. ഇരുപത്തിരണ്ടാം മിനിറ്റില്‍ എഡര്‍ മിലിറ്റാവോയും നാല്‍പ്പത്തിയേഴാം മിനിറ്റില്‍ കിലിയന്‍ എംബാപ്പേയുമാണ് റയലിന്റെ ഗോളുകള്‍ നേടിയത്. അഞ്ച് കളിയില്‍ പതിനഞ്ച് പോയിന്റുമായി ലീഗില്‍ ഒന്നാംസ്ഥാനത്ത് തുടരുകയാണ് റയല്‍ മാഡ്രിഡ്. ബാഴ്‌സലോണ ഇന്ന് രാത്രി പന്ത്രണ്ടരയ്ക്ക് ഗെറ്റാഫെയെ നേരിടും.
ജര്‍മ്മന്‍ ലീഗ് ഫുട്‌ബോളില്‍ ബയേണ്‍ മ്യൂണിക്കിന് തുടര്‍ച്ചയായ നാലാം ജയം. ബയേണ്‍ ഒന്നിനെതിരെ നാല് ഗോളിന് ഹോഫെന്‍ ഹൈമിനെ തോല്‍പിച്ചു. ഹാരി കെയ്‌ന്റെ ഹാട്രിക് കരുത്തിലാണ് ബയേണിന്റെ ജയം. 44, 48, 77 മിനിറ്റുകളില്‍ ആയിരുന്നു കെയ്‌ന്റെ ഗോളുകള്‍. സെര്‍ജി ഗ്‌നാബ്രിയാണ് ബയേണിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്. നാല് കളിയില്‍ 12 പോയിന്റുമായി ലീഗില്‍ ഒന്നാംസ്ഥാനത്താണ് ബയേണ്‍.
സൗദി പ്രോ ലീഗില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളുകളുടെ മികവില്‍ അല്‍ റിയാദിനെതിരെ അല്‍ നസറിന് വമ്പന്‍ ജയം. 5-1ന്റെ തകര്‍പ്പന്‍ ജയത്തോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒന്‍പത് പോയിന്റുമായി അല്‍ നസര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഈ മത്സരത്തിലെ ഇരട്ട ഗോളുകളോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരിയറിലെ ആകെ ഗോളുകളുടെ എണ്ണം 945 ആയി. പോര്‍ച്ചുഗല്‍ താരമായ ജാവോ ഫെലിക്‌സും മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടി തിളങ്ങി.
മേജര്‍ ലീഗ് സോക്കറില്‍ ലിയോണല്‍ മെസി മാജിക്കിലൂടെ ഇന്റര്‍ മയാമിക്ക് ജയം. ഡിസി യുണൈറ്റഡിനെ രണ്ടിനെതിരെ 3 ഗോളിനാണ് മയാമി തോല്‍പിച്ചത്. മെസി രണ്ട് ഗോള്‍ നേടുകയും ടീമിന്റെ ആദ്യ ഗോളിന് വഴി ഒരുക്കുകയും ചെയ്തു. 66, 85 മിനിറ്റുകളില്‍ ആയിരുന്നു മെസിയുടെ ഗോളുകള്‍. കരിയറില്‍ 173ആം തവണ ആണ് മെസി ഇരട്ട ഗോള്‍ നേടുന്നത്. മെസി തന്നെയാണ് പ്ലെയര്‍ ഓഫ് ഡി മാച്ച്.