ഒടുവില്‍ മൈക്കൽ കാരിക്കിനെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്; പകരക്കാരനാവാൻ മൗറീഷ്യോ പൊച്ചെറ്റിനോ

Published : Nov 12, 2026, 05:19 PM IST
MICHAEL CARRICK

Synopsis

മോശം പ്രകടനത്തെത്തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മുഖ്യ പരിശീലകൻ മൈക്കൽ കാരിക്കിനെ പുറത്താക്കി. പകരക്കാരനായി മൗറീഷ്യോ പൊച്ചെറ്റീനോയെ നിയമിക്കാൻ ധാരണയായതായി റിപ്പോർട്ടുകൾ.

മാഞ്ചസ്റ്റർ: മോശം പ്രകടനത്തെത്തുടർന്ന് പ്രീമിയർ ലീഗിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് മുഖ്യ പരിശീലകൻ മൈക്കൽ കാരിക്കിനെ പുറത്താക്കി. നിലവിലെ അമേരിക്കൻ ദേശീയ ടീം പരിശീലകനായ മൗറീഷ്യോ പൊച്ചെറ്റീനോയെ പകരക്കാരനായി നിയമിക്കാനാണ് ക്ലബ്ബിന്‍റെ നീക്കം. പൊച്ചെറ്റിനോയുമായി ക്ലബ്ബ് പ്രാഥമിക ധാരണയിലെത്തിയതായാണ് റിപ്പോർട്ടുകൾ.

തരംതാഴ്ത്തൽ ഭീഷണിയിൽ യുണൈറ്റഡ്

അവസാന 11 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് യുണൈറ്റഡിന് വിജയിക്കാനായത്. പ്രീമിയർ ലീഗ് പോയിന്‍റ് പട്ടികയിൽ പതിനെട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടീം, 17-ാം സ്ഥാനത്തുള്ള കവൻട്രിക്ക് ഒരു പോയിന്‍റ് പിന്നിലാണ്. ചാമ്പ്യൻസ് ലീഗ് പട്ടികയിലും 17-ാം സ്ഥാനത്താണ് യുണൈറ്റഡ്. ഫുട്ബോൾ ഡയറക്ടർ ജേസൺ വിൽകോക്സ് നടത്തിയ അവലോകനത്തിന് ശേഷമാണ് കാരിക്കിനെ പുറത്താക്കാൻ തീരുമാനിച്ചത്. വിൽകോക്സും സിഇഒ ഒമർ ബെറാഡയും മൊണാക്കോയിലെത്തി ക്ലബ്ബ് സഹ ഉടമ സർ ജിം റാറ്റ്ക്ലിഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ഗ്ലേസർ കുടുംബം കൂടി ഉൾപ്പെട്ട ബോർഡ് യോഗത്തിലാണ് കാരിക്കിനെ പുറത്താക്കാനുള്ള തീരുമാനത്തിന് അന്തിമ അനുമതി നൽകിയത്.

പൊച്ചെറ്റിനോയ്ക്കായി കോടികൾ മുടക്കേണ്ടി വരും

സതാംപ്ടൺ, ടോട്ടൻഹാം, ചെൽസി എന്നീ പ്രീമിയർ ലീഗ് ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുള്ള പൊച്ചെറ്റിനോ 2024 സെപ്റ്റംബറിലാണ് അമേരിക്കൻ ദേശീയ ടീം പരിശീലക സ്ഥാനം ഏറ്റെടുത്തത്. പോച്ചെറ്റീനോയെ സ്വന്തമാക്കാൻ ഏകദേശം 10 മില്യൺ ഡോളർ (7.5 മില്യൺ പൗണ്ട്) റിലീസ് ക്ലോസായി യുണൈറ്റഡിന് നൽകേണ്ടി വരും. സപ്പോർട്ടിംഗ് സ്റ്റാഫിനെ കൂടി കൊണ്ടുവരാൻ ഇതിലും വലിയ തുക ചെലവാകും. എഡ്ഡി ഹൗ, ജൂലിയൻ നാഗൽസ്മാൻ എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നെങ്കിലും പൊച്ചെട്ടിനോയെ തന്നെ എത്തിക്കാനാണ് യുണൈറ്റഡ് തീരുമാനിച്ചത്.

ക്ലബ്ബിന്‍റെ പ്രതികരണം

സീസണിലെ നിരാശാജനകമായ തുടക്കത്തിന് ശേഷം, ഞങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഒരു മാറ്റം അനിവാര്യമാണെന്ന കടുത്ത തീരുമാനത്തിൽ ക്ലബ്ബ് എത്തിച്ചേർന്നിരിക്കുകയാണെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രസ്താവനയില്‍ പറഞ്ഞു. മൈക്കൽ എപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ഒരു ഇതിഹാസമായിരിക്കും. കഴിഞ്ഞ സീസണിൽ അദ്ദേഹം നൽകിയ നേതൃത്വവും നേട്ടങ്ങളും എന്നും സ്നേഹത്തോടെ സ്മരിക്കപ്പെടുമെന്നും ക്ലബ്ബ് പ്രസ്താവനയിൽ വ്യക്തമാക്കി.

തിരിച്ചടിയായ പ്രകടനങ്ങൾ

കഴിഞ്ഞ സീസണിൽ ഇടക്കാല പരിശീലകനായി ചുമതലയേറ്റ കാരിക്ക് 17 മത്സരങ്ങളിൽ 12 എണ്ണത്തിലും ടീമിനെ വിജയിപ്പിച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുത്തിരുന്നു. ഇതോടെയാണ് മെയ് മാസത്തിൽ 2028 വരെ കരാർ നൽകി കാരിക്കിനെ സ്ഥിരം പരിശീലകനാക്കിയത്. എന്നാൽ ഈ സീസണിൽ എല്ലാ ചാമ്പ്യൻഷിപ്പുകളിലുമായി മൂന്ന് വിജയങ്ങൾ (ഇപ്സ്‌വിച്ച്, സബ, റോമ എന്നിവർക്കെതിരെ) മാത്രമാണ് ടീമിന് നേടാനായത്.

ബോൺമൗത്തിനെതിരായ 3-0 ന്‍റെ തോൽവിക്ക് ശേഷം മൂന്ന് മത്സരങ്ങൾ കൂടി കാരിക്കിന് സമയം നൽകിയിരുന്നു. ചെൽസിയോട് 2-0 ന് തോറ്റതിന് പിന്നാലെ റോമയ്ക്കെതിരെ ജയിക്കുകയും ആസ്റ്റൺ വില്ലയോട് 4-4 ന് സമനില പിടിക്കുകയും ചെയ്തെങ്കിലും ടീമിന്‍റെ പ്രകടനം തൃപ്തികരമല്ലെന്ന് മാനേജ്‌മെന്‍റ് വിലയിരുത്തി. ഇതിനിടെ ചാമ്പ്യൻസ് ലീഗിൽ കോമോയോട് 4-1 ന് തോറ്റതിന് പിന്നാലെ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് കാരിക്കിന്‍റെ തന്ത്രങ്ങളെ ചോദ്യം ചെയ്തതും ലിസാൻഡ്രോ മാർട്ടിനസ് വിൽകോക്സിനെ വിമർശിച്ചതും ഡ്രസ്സിംഗ് റൂമിലെ അസ്വാരസ്യങ്ങൾ പുറത്തുകൊണ്ടുവന്നിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

2013-ൽ സർ അലക്സ് ഫെർഗൂസൺ പടിയിറങ്ങിയതിന് ശേഷം എട്ട് പരിശീലകരെയാണ് യുണൈറ്റഡ് നിയമിച്ചത്. ജനുവരിയിൽ റൂബൻ അമോറിമിനെ പുറത്താക്കിയതിന് പിന്നാലെ ഒരു കലണ്ടർ വർഷത്തിനുള്ളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കുന്ന രണ്ടാമത്തെ പരിശീലകനാണ് മൈക്കൽ കാരിക്ക്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു വർഷത്തിനുള്ളിൽ രണ്ട് പരിശീലകരെ പുറത്താക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ന്യൂസിലൻഡിൽ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി; സൗഹൃദ ഫുട്ബോൾ മത്സരത്തിൽ തോറ്റത് എതിരില്ലാത്ത 5 ഗോളിന്
പീറ്റല്‍ ഷില്‍ട്ടന്‍ വെംബ്ലിയില്‍ നേരിട്ടെത്തി ആദരിക്കും, ഇംഗ്ലണ്ട്‌ ഫുട്‌ബോളിലെ ചരിത്രപുരുഷനായി ഹാരി കെയിന്‍ മാറും, ബാലണ്‍ ഡി ഓറും പ്രദര്‍ശിപ്പിക്കും