പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- ചെല്‍സി പോരാട്ടം

By Web TeamFirst Published Oct 24, 2020, 12:48 PM IST
Highlights

 പ്രീമിയര്‍ ലീഗില്‍ ഇരുവരും ഇതുവരെ 56 തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇതില്‍ 18 തവണയും ചെല്‍സിയാണ് ജയിച്ചത്. മാഞ്ചസ്റ്റര്‍ 17 തവണ ജയിച്ചു.

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- ചെല്‍സി പോരാട്ടം. മാഞ്ചസ്റ്ററിന്റെ ഹോംഗ്രൗണ്ടായ ഓള്‍ഡ്‌ട്രോഫോഡില്‍ ഇന്ത്യന്‍ സമയം രാത്രി 10.30നാണ് മത്സരം. പ്രീമിയര്‍ ലീഗില്‍ ഇരുവരും ഇതുവരെ 56 തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇതില്‍ 18 തവണയും ചെല്‍സിയാണ് ജയിച്ചത്. മാഞ്ചസ്റ്റര്‍ 17 തവണ ജയിച്ചു. 21 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. കഴിഞ്ഞ സീസണിലെ രണ്ട് മത്സരത്തിലും മാഞ്ചസ്റ്ററിനായിരുന്നു ജയം. ഓള്‍ഡ്ട്രാഫോഡില്‍ നടന്ന ആദ്യ മത്സരം 4-0ത്തിനും സ്റ്റാംഫോഡ് ബ്രിഡ്ജില്‍ നടന്ന രണ്ടാം മത്സരം 2-0ത്തിനും ജയിച്ചു. 

എന്നാല്‍ ഇത്തവണ മികച്ച ടീമുമായെത്തുന്ന ഫ്രാങ്ക് ലാംപാര്‍ഡിനും സംഘത്തിനും മാഞ്ചസ്റ്ററിനെ മറികടക്കാമെന്നുള്ള പ്രതീക്ഷയുണ്ട്. ഡിഫന്‍സ് ആണ് രണ്ട് ടീമുകളുടെയും പ്രധാന പ്രശ്‌നവും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സീസണില്‍ കളിച്ച രണ്ട് ഹോം മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. എന്നാല്‍ ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിക്കെതിരെ തിരിച്ചുവന്നു. അതേപ്രകടം ചെല്‍സിക്കെതിരേയും തുടരാനാകുമെന്നാണ് കോച്ച് സോള്‍ഷ്യാറിന്റെ പ്രതീക്ഷ. 

ഇത്തവണ പിഎസ്ജിയില്‍ നിന്നെത്തിയ എഡിസണ്‍ കവാനി മാഞ്ചസ്റ്റര്‍ ജേഴ്‌സിയില്‍ അരങ്ങേറിയേക്കും. സസ്‌പെന്‍ഷനില്‍ ഉള്ള അന്തോണി മാര്‍ഷ്യല്‍ കളിക്കില്ല. ചെല്‍സി നിരയില്‍ മെന്‍ഡി വല കാക്കും. കെപയുടെ പരിക്ക് ഭേദമാവാത്തതിനെ തുടര്‍ന്നാണിത്. സിയെച് ഇന്ന് ചെല്‍സി ജേഴ്‌സിയില്‍ അരങ്ങേറിയേക്കും. പുതുതായി ടീമിലെത്തിയ താരങ്ങള്‍ പൂര്‍ണ ഫിറ്റാണെന്നുള്ളത് ലാംപാര്‍ഡിനേയും സന്തോഷിപ്പിക്കുന്നു.

click me!