
കോഴിക്കോട്: ദേശീയ സീനിയര്‍ വനിത ഫുട്‌ബോളില്‍ (National Senior Women Football) കേരളത്തിന് (Kerala) ആദ്യജയം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ കേരളം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഉത്തരാഖണ്ഡിനെ തോല്‍പ്പിച്ചത്. ആദ്യപകുതിയുടെ 44-ാം മിനുട്ടില്‍ കേരളത്തിനായി വിനീത വിജയനാണ് ആദ്യ ഗോള്‍ നേടിയത്.
രണ്ടാം പകുതി തുടങ്ങി ഏഴാം മിനിറ്റില്‍ ഭഗവതി ചൗഹാനിലൂടെ ഉത്തരാഖണ്ഡ് സമനില പിടിച്ചു. ലീഡ് തിരിച്ചുപിടിക്കാന്‍ കളി ശക്തമാക്കിയ കേരളം 75-ാം മിനുട്ടില്‍ മാനസയുടെ ഹെഡര്‍ ഗോളിലൂടെ മുന്നിലെത്തി. കെ.വി. അതുല്യയുടെ മികച്ചൊരു പാസില്‍ നിന്നാണ് മാനസ കേരളത്തിനായി വലകുലുക്കിയത്. കളിയുടെ അവസാന നിമിഷത്തില്‍ ഫെമിനയെ ബോക്‌സില്‍ വീഴ്ത്തിയതിന് കേരളത്തിന് പെനാല്‍റ്റി കിട്ടി. ഇത് ഫെമിന തന്നെ ഗോളാക്കിയതോടെ കേരളം 3-1 ന് വിജയം ഉറപ്പിച്ചു.
മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ രാവിലെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഹരിയാന ആന്ധ്രപ്രദേശിനെ തോല്‍പ്പിച്ചു. ജ്യോതി (18), വിധി (22), താനു (71), പൂജ (75), എന്നിവരാണ് ഹരിയാനക്കായി ഗോളുകള്‍ നേടിയത്.
മറ്റൊരു മത്സരത്തില്‍ റെയില്‍വേസ് എതിരില്ലാത്ത അഞ്ച് ഗോളിന് ദാദ്ര ആന്‍ഡ് നാഗര്‍ഹേവലിയെ തോല്‍പ്പിച്ചു. റെയില്‍വേഴ്സിന് വേണ്ടി മമ്ത നാല് ഗോള്‍ നേടി. സുപ്രിയ റൗട്രായിയുടെ വകയാണ് ഒരു ഗോള്‍. ഡിസംബര്‍ രണ്ടിന് നടക്കുന്ന ഛത്തീസ്ഗഢ്- റെയില്‍വേസ് മത്സരത്തിലെ വിജയി ഗ്രൂപ്പ് ബിയില്‍ നിന്നും ക്വാര്‍ട്ടറിന് യോഗ്യത നേടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!