കോപ്പ അമേരിക്കയ്ക്ക് മുമ്പ് ബ്രസീലിന് കനത്ത തിരിച്ചടി; പരിക്കേറ്റ നെയ്മര്‍ പുറത്ത്

By Web TeamFirst Published Jun 6, 2019, 5:24 PM IST
Highlights


ഗ്രൗണ്ടില്‍ വീണ് വേദനയില്‍ പുളഞ്ഞ താരം കാലു കുത്താനാവാതെ കരഞ്ഞുകൊണ്ടാണ് കളം വിട്ടത്. പരിക്കേറ്റ് ഗ്രൗണ്ട് വിട്ട നെയ്മറെ ഉടന്‍ സ്കാനിംഗിന് വിധേയനാക്കിയിരുന്നു.

സാവോ പോളോ: കോപ്പ അമേരിക്ക ടൂര്‍ണമെന്‍റിന് തുടക്കം കുറിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ബ്രസീലിന് കനത്ത തിരിച്ചടിയായി സൂപ്പര്‍ താരം നെയ്മറുടെ പരിക്ക്. കോപ്പയ്ക്ക് മുമ്പ് ഖത്തറിനെതിരെ നടന്ന സന്നാഹ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ നെയ്മര്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ കളിക്കില്ലെന്ന് ബ്രസീലിയന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കി. ഖത്തറിനെതിരായ മത്സരത്തില്‍ പതിനേഴാം മിനിറ്റിലാണ് നെയ്മര്‍ക്ക് പരിക്കേറ്റത്.

ഗ്രൗണ്ടില്‍ വീണ് വേദനയില്‍ പുളഞ്ഞ താരം കാലു കുത്താനാവാതെ കരഞ്ഞുകൊണ്ടാണ് കളം വിട്ടത്. പരിക്കേറ്റ് ഗ്രൗണ്ട് വിട്ട നെയ്മറെ ഉടന്‍ സ്കാനിംഗിന് വിധേയനാക്കിയിരുന്നു. കണങ്കാലില്‍ പൊട്ടലുണ്ടെന്ന് വ്യക്തമായി. തുടര്‍ന്നാണ് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷന്‍ തീരുമാനം പ്രഖ്യാപിച്ചത്. പരിക്കിന്റെ ഗൗരവം കണക്കിലെടുത്താല്‍ നെയ്മര്‍ക്ക് കോപ്പയില്‍ കളിക്കാനാവില്ലെന്നും നെയ്മറുടെ പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.

ഖത്തറിനെതിരായ മത്സരത്തില്‍ ബ്രസീല്‍ 2-0ന് ജയിച്ചിരുന്നു. കോപ്പയില്‍ ക്ഷണിക്കപ്പെട്ട ടീമായി കളിക്കുന്ന ടീമാണ് ഖത്തര്‍. ഇത്തവണത്തെ കോപ്പ അമേരിക്കയ്ക്ക് ബ്രസീലാണ് ആതിഥ്യം വഹിക്കുന്നത്. ജൂണ്‍ 15ന് ടീമിന് ബൊളീവിയക്കെതിരെ ആണ് ആതിഥേയരായ ബ്രസീലിന്റെ ആദ്യ മത്സരം. ബലാത്സംഗ ആരോപണത്തെത്തുടര്‍ന്ന് നേരത്തെ ബ്രസീലിന്റെ നായകസ്ഥാനത്തു നിന്ന് നെയ്മറെ കോച്ച് ടിറ്റെ നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരിക്കിനെത്തുടര്‍ന്ന് സൂപ്പര്‍ താരത്തിന് കോപ്പ അമേരിക്കയും നഷ്ടമാവുന്നത്.

click me!