
പാരീസ്: പുതുവർഷത്തിൽ ഫ്രഞ്ച് വമ്പന്മാരായ പിഎസ്‍ജിക്ക് ഞെട്ടിക്കുന്ന തോൽവിയോടെ തുടക്കം. ഫ്രഞ്ച് ലീഗിൽ ലെൻസിനോടാണ് എംബാപ്പെയും കൂട്ടരും തോറ്റു. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് തോൽവി. ലിയോണല്‍ മെസിയും നെയ്മറും ഇല്ലാതെയാണ് പിഎസ്‍ജി ഇറങ്ങിയത്. ലെൻസിനായി ഫ്രാൻങ്കോസ്കി, ഓപ്പൺഡ, മൗറിസ് എന്നിവരാണ് ഗോൾ നേടിയത്. എക്കിറ്റിക്കെയാണ് പിഎസ്ജിയുടെ ഏക ഗോൾ നേടിയത്.
ലോകകപ്പിന് ശേഷം കഴിഞ്ഞ ദിവസം ആദ്യ മത്സരനിറങ്ങിയ നെയ്മര്‍ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു. ഇതോടെയാണ് താരത്തിന് ലെന്‍സിന് എതിരെയുള്ള മത്സരം നഷ്ടമായത്. ലോകകപ്പിന് ശേഷം ലിയോണല്‍ മെസി ഇതുവരെ പാരീസിലേക്ക് തിരികെ വന്നിട്ടില്ല. അര്‍ജന്‍റീനയിലെ പുതുവര്‍ഷ ആഘോഷത്തിന് ശേഷം മാത്രമേ മെസി ടീമിനൊപ്പം ചേരൂ എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കുറച്ച് വിയര്‍ത്തെങ്കിലും കഴിഞ്ഞ മത്സരം ജയിച്ചതിന്‍റെ ആവേശത്തില്‍ എത്തിയ പിഎസ്‍ജിയെ ലെന്‍സ് തുടക്കം തന്നെ ഞെട്ടിച്ചു.
അഞ്ചാം മിനിറ്റില്‍ തന്നെ ഫ്രാൻങ്കോസ്കി വല ചലിപ്പിച്ചതോടെ ചാമ്പ്യന്മാരുടെ ചിരി കുറഞ്ഞു. മൂന്നേ മൂന്ന് മിനിറ്റിനുള്ളില്‍ ഫ്രഞ്ച് യുവതാരം എക്കിറ്റിക്കെയിലൂടെ പിഎസ്‍ജി സമനില പിടിച്ചു. മത്സരത്തില്‍ പിഎസ്‍ജി ആരാധകര്‍ ചിരിച്ച ഏക നിമിഷമായി ഇതുമാറി. 28-ാം മിനിറ്റില്‍ ലൂയിസ് ഓപ്പൺഡ ലെന്‍സിനെ വീണ്ടും മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ 47-ാം മിനിറ്റില്‍ അലക്സിസ് ക്ലൗഡെ മാറിസിലൂടെ ലെന്‍സ് ലീഡ് ഉയര്‍ത്തിയതോടെ പിഎസ്‍ജിക്ക് ഹാപ്പി ന്യൂഇയര്‍ ഉണ്ടാവില്ലെന്ന് വ്യക്തമാവുകയായിരുന്നു.
16 ഷോട്ടുകള്‍ പിഎസ്‍ജി പായിച്ചെങ്കിലും അതില്‍ ലക്ഷ്യത്തിലേക്ക് വന്നത് ആറെണ്ണം മാത്രമാണ്. തോറ്റെങ്കിലും 17 മത്സരങ്ങളില്‍ നിന്ന് 14 വിജയവുമായി 44 പോയിന്‍റോടെ പിഎസ്‍ജി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 40 പോയിന്‍റോടെ ലെന്‍സ് ആണ് രണ്ടാമത്. ജനുവരി ഏഴിനാണ് പിഎസ്ജിയുടെ അടുത്ത മത്സരം. നെയ്മര്‍ ഈ മത്സരത്തിലേക്ക് തിരികെയെത്തുമെങ്കിലും ലിയോണല്‍ മെസി കളിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.