ഒരു മാറ്റവുമില്ല! ലുസൈൽ ടു ന്യൂജേഴ്സി, ഗോളടി തുടര്‍ന്ന് എംബാപ്പെ; സെനഗലിനെ വീഴ്ത്തി ഫ്രാന്‍സ്

Published : Jun 17, 2026, 02:53 AM IST
Kylian Mbappe

Synopsis

ആദ്യ പകുതിയിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ ഫ്രാൻസിനെ സെനഗൽ ശരിക്കും വിറപ്പിച്ചിരുന്നു. എന്നാൽ ഭാഗ്യം ആഫ്രിക്കൻ ടീമിനൊപ്പമുണ്ടായിരുന്നില്ല.

ന്യൂജേഴ്സി: ഫിഫ ലോകകപ്പില്‍ കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ സെനഗലിനെ വീഴ്ത്തി ഫ്രാന്‍സ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്‍റെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു എല്ലാ ഗോളുകളും. ഫ്രാന്‍സിനായി കിലിയന്‍ എംബാപ്പെ രണ്ട് ഗോള്‍ നേടിയപ്പോൾ പകരക്കാരനായി ഇറങ്ങിയ ബ്രാഡ്‌ലി ബാർകോള ഫ്രാന്‍സിന്‍റെ ഗോള്‍പ്പട്ടിക തികച്ചു.സെനഗലിനായി 18 കാരനായ ഇബ്രാഹിം എംബായെ ആശ്വാസ ഗോൾ നേടി.

ആദ്യ പകുതിയിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ ഫ്രാൻസിനെ സെനഗൽ ശരിക്കും വിറപ്പിച്ചിരുന്നു. എന്നാൽ ഭാഗ്യം ആഫ്രിക്കൻ ടീമിനൊപ്പമുണ്ടായിരുന്നില്ല.സെനഗൽ സൂപ്പർ താരം നിക്കോളാസ് ജാക്‌സന്‍റെ ഒരു കിടിലൻ ഷോട്ട് ഫ്രഞ്ച് പോസ്റ്റിന്‍റഎ പോസ്റ്റിലിടിച്ചു മടങ്ങി. ഒന്നാം പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ഇസ്മായില സാറിന് ലഭിച്ച സുവർണ്ണാവസരം പോസ്റ്റിന് മുകളിലൂടെ പറന്നുപോയത് സെനഗലിന് വലിയ തിരിച്ചടിയായി. ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിൽ ഫ്രാൻസ് കളി മാറ്റി. 61-ാം മിനിറ്റിൽ ബോക്സിനുള്ളിൽ വെച്ച് എംബാപ്പെയെ സെനഗൽ താരം സാഡിയോ മാനെ ഫൗൾ ചെയ്തതിന് ഫ്രാന്‍സ് പെനൽറ്റിക്കായി മുറവിളി കൂട്ടിയെങ്കിലും വാര്‍ പരിശോധനക്ക് ശേഷം റഫറി പെനൽറ്റി അനുവദിച്ചില്ല. എന്നാല്‍ 66-ാം മിനിറ്റിൽ മൈക്കൽ ഒലീസെയുടെ ത്രൂ പാസ് സ്വീകരിച്ച് എംബാപ്പെ ഫ്രാൻസിനെ മുന്നിലെത്തിച്ചു (1-0). ഈ ഗോളോടെ ഫ്രാൻസിന്‍റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എന്ന ഒലിവിയർ ജിറൂഡിന്റെ റെക്കോർഡിനൊപ്പം (57 ഗോളുകൾ) എംബാപ്പെ എത്തി.

ഗോൾ നേടിയതോടെ ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സ് വരുത്തിയ മാറ്റങ്ങൾ കളി പൂർണ്ണമായി ഫ്രാൻസിന്‍റെ കൈകളിലാക്കി. ഉസ്മാൻ ഡെംബെലെയ്ക്ക് പകരം ഇറങ്ങിയ ബ്രാഡ്‌ലി ബാർകോള സെനഗൽ പ്രതിരോധത്തിന്‍റെ താളം തെറ്റിച്ചു. 82-ാം മിനിറ്റിൽ അഡ്രിയാൻ റാബിയോട്ടിന്‍റെ മനോഹരമായ അസിസ്റ്റിൽ നിന്നും പന്ത് സ്വീകരിച്ച ബാർകോള, സെനഗൽ ഗോൾകീപ്പർ എഡ്വേർഡ് മെൻഡിയുടെ തലയ്ക്ക് മുകളിലൂടെ മനോഹരമായ ഒരു ചിപ്പ് ഷോട്ടിലൂടെ ഫ്രാൻസിന്‍റെ ലീഡ് രണ്ടാക്കി ഉയർത്തി (2-0).

മത്സരം ഫ്രാൻസ് ഏകപക്ഷീയമായി ജയിക്കുമെന്ന് കരുതിയിരിക്കെയാണ് ഇഞ്ചുറി ടൈമിൽ (90+5') പിഎസ്ജി കൗമാര താരം ഇബ്രാഹിം എംബായെയിലൂടെ സെനഗൽ ഒരു ഗോൾ മടക്കിയത്. ഫ്രഞ്ച് താരം ചൗമേനിയെ വെട്ടിച്ച് തകർപ്പൻ ഫിനിഷിംഗിലൂടെയാണ് 18 കാരൻ ഗോൾ നേടിയത് (2-1). എന്നാൽ സെനഗലിന്‍റെ ആഹ്ളാദത്തിന് വെറും ഒരു മിനിറ്റിന്‍റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. തൊട്ടടുത്ത മിനിറ്റിൽ തന്നെ (90+6') ലോങ് റേഞ്ചിൽ നിന്നുള്ള ഒരു കിടിലൻ ഷോട്ടിലൂടെ എംബാപ്പെ ഫ്രാൻസിന്‍റെ മൂന്നാം ഗോളും തന്‍റെ രണ്ടാം ഗോളും നേടി സെനഗലിന്‍റെ തിരിച്ചുവരവ് സാധ്യതകൾ പൂർണ്ണമായി അവസാനിപ്പിച്ചു. ഈ ഗോളോടെ 58 അന്താരാഷ്ട്ര ഗോളുകളുമായി എംബാപ്പെ ഫ്രാൻസിന്‍റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി മാറി. ഒപ്പം ലോകകപ്പിൽ 14 ഗോളുകളെന്ന ലയണൽ മെസിയുടെ നേട്ടത്തിനൊപ്പവും താരം എത്തിക്കഴിഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആദ്യ മത്സരത്തിലെ നിരാശക്കുശേഷം ബ്രസീലിന് ആശ്വാസവാര്‍ത്ത, പരിക്കിൽ നിന്ന് മുക്തനായി നെയ്മർ പരിശീലനം തുടങ്ങി
മൂന്നാം ലോകകിരീടം ലക്ഷ്യമിട്ട് ഫ്രഞ്ച് പട; ഫ്രാൻസ്- സെനഗൽ പോരാട്ടം കനക്കും