
ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ 2-2 ന് സമനില വഴങ്ങിയതിന് തൊട്ടുപിന്നാലെ ഇറാൻ ഫുട്ബോൾ ടീമിനോട് യുഎസിൽ നിന്നും അടിയന്തിരമായി രാജ്യംവിടാന്‍ ആവശ്യപ്പെട്ട് അധികൃതര്‍. കളി കഴിഞ്ഞ് മണിക്കൂറുകൾക്കകം രാജ്യം വിടാൻ ഇറാൻ ടീമിനോട് യുഎസ് അധികൃതർ ആവശ്യപ്പെടുകയായിരുന്നു. കളിക്കാർക്ക് കടുത്ത മത്സരത്തിന് ശേഷം വിശ്രമത്തിന് പോലും സമയം നൽകാതെയാണ് മെക്സിക്കോയിലെ തങ്ങളുടെ താൽക്കാലിക പരിശീലന ക്യാമ്പിലേക്ക് മടങ്ങാൻ അധികൃതർ നിർദ്ദേശം നൽകിയതെന്ന് ഇറാന്റെ മുഖ്യ പരിശീലകൻ അമീർ ഖാലെനോയി വെളിപ്പെടുത്തി.
യുഎസിന്‍റെ ഈ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച കോച്ച്, ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്ന ടീം തങ്ങളുടേതാണെന്ന് ആരോപിച്ചു. മത്സരത്തിന് ശേഷം കാലിഫോർണിയയിൽ തങ്ങി അടുത്ത ദിവസം ഉച്ചയോടെ മെക്സിക്കോയിലേക്ക് മടങ്ങാനായിരുന്നു ഇറാൻ ടീം നിശ്ചയിച്ചിരുന്നത്. എന്നാൽ കളി കഴിഞ്ഞയുടൻ 140 മൈൽ അകലെയുള്ള മെക്സിക്കൻ അതിർത്തി നഗരമായ തിഹുവാനയിലേക്ക് മടങ്ങാൻ അധികൃതര്‍ നിർദേശിക്കുകയായിരുന്നു.
ഇതിനെതിരെ ആണ് പരിശീലകൻ അമീർ ഖാലെനോയി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഞങ്ങൾക്ക് വിശ്രമിക്കാൻ പോലും അവർ സമയം തന്നില്ല. കളി കഴിഞ്ഞയുടൻ 'നിങ്ങൾ ഉടൻ തന്നെ രാജ്യം വിടണം' എന്നാണ് അവർ പറഞ്ഞത്. കളിക്കാർക്ക് മത്സരത്തിന് ശേഷമുള്ള റിക്കവറി സമയം വളരെ പ്രധാനമാണ്. എന്നാൽ ഞങ്ങളോട് ഉടൻ തന്നെ വിമാനത്തിൽ കയറി തിഹുവാനയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നു. ഞങ്ങൾ ഇത് കാരണം കടുത്ത പ്രതിസന്ധിയിലാണ്. എന്തുകൊണ്ടാണ് അവർ ഞങ്ങളെ ഇങ്ങനെ മടക്കി അയക്കുന്നതെന്ന് സത്യസന്ധമായി പറഞ്ഞാൽ അറിയില്ല. ഇത്തവണത്തെ ലോകകപ്പിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നതും വേട്ടയാടപ്പെടുന്നതുമായ ടീം ഒരുപക്ഷേ ഞങ്ങളായിരിക്കും. മറ്റാരോ ആണ് ഞങ്ങൾക്ക് വേണ്ടിയുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നത് പോലെ തോന്നുന്നുവെന്ന് ഇറാന്‍ പരിശീലകന്‍ പറഞ്ഞു.
ഫെബ്രുവരിയിൽ യുഎസും ഇസ്രായേലും ഇറാനെതിരെ സൈനിക നീക്കം ആരംഭിച്ചതിന് ശേഷം വലിയ പ്രതിസന്ധികളിലൂടെയാണ് ഇറാന്‍റെ ലോകകപ്പ് യാത്ര കടന്നുപോകുന്നത്. യുഎസിലെ തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ സുരക്ഷിതമായ മറ്റൊരു വേദികളിലേക്ക് മാറ്റണമെന്ന് ഇറാൻ ഫിഫയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നിരസിക്കപ്പെടുകയായിരുന്നു. ഒടുവിൽ കടുത്ത സുരക്ഷാ-യാത്രാ നിയന്ത്രണങ്ങളോടെയാണ് ഇറാൻ ടൂർണമെന്‍റിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. ടീം ക്യാപ്റ്റൻ മെഹ്ദി താരെമിയും യുഎസ് അധികൃതർക്കും ഫിഫയ്ക്കുമെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ്, മറ്റ് കോച്ചിങ് സപ്പോർട്ട് സ്റ്റാഫുകൾ, ഔദ്യോഗിക മാധ്യമ ഉദ്യോഗസ്ഥർ എന്നിവരടക്കം നിരവധി പേർക്ക് യുഎസ് വിസ നിഷേധിച്ചതായി താരം വെളിപ്പെടുത്തി. ഞങ്ങൾ ഇപ്പോൾ തന്നെ ലോസ് ആഞ്ചലസ് വിടേണ്ട അവസ്ഥയിലാണ്. ഇത് ടീമിന് ഒട്ടും നല്ലതല്ല. ഫിഫ ഞങ്ങളെ കൂടുതൽ സഹായിക്കേണ്ടതുണ്ട്. ഞങ്ങളെ സംബന്ധിച്ച് കാര്യങ്ങളെല്ലാം ഒരു ദുരന്തം പോലെയാണ് നടക്കുന്നത്- താരെമി കടുത്ത പറഞ്ഞു. തിഹുവാനയിൽ നിന്ന് ലോസ് ആഞ്ചലസിലേക്ക് എത്തുന്നതിന് മാത്രം തങ്ങൾക്ക് 5 മണിക്കൂറോളം സെക്യൂരിറ്റി പരിശോധനകൾക്കായി ചിലവഴിക്കേണ്ടി വന്നതായും താരം കൂട്ടിച്ചേർത്തു.
ആരാധകരുടെ കടുത്ത രാഷ്ട്രീയ പ്രതിഷേധങ്ങൾക്കും കൂക്കിവിളികൾക്കും നടുവിലാണ് ഇറാൻ തങ്ങളുടെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ 2-2 സമനില പിടിച്ചത്. മത്സരത്തിൽ രണ്ടുതവണ പിന്നിലായ ശേഷമായിരുന്നു ഇറാന്‍റെ തിരിച്ചുവരവ്. വരും ദിവസങ്ങളിൽ കൂടുതൽ മികച്ച പരിശീലനവും വിശ്രമവും ആവശ്യമായിരിക്കെയാണ് യാത്രാ വിലക്കുകൾ മൂലം ടീമിന് നിരന്തരം അതിർത്തി കടന്ന് മെക്സിക്കോയിലേക്ക് മടങ്ങേണ്ടി വരുന്നത്. വരുന്ന ഞായറാഴ്ച ബെൽജിയത്തിനെതിരെയുള്ള ഇറാന്‍റെ അടുത്ത മത്സരവും ലോസാഞ്ചലസിലെ സോഫി സ്റ്റേഡിയത്തിലാണ് നടക്കേണ്ടത്. യുഎസിന്‍റെ ഈ കടുത്ത രാഷ്ട്രീയ ഇടപെടലുകൾ ടീമിന്‍റെ ലോകകപ്പ് പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ആരാധകര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!