ന്യൂസിലൻഡിനെതിരെയുള്ള മത്സരത്തിനിടെയായിരുന്നു നാടകീയ രംഗങ്ങൾ. രാഷ്ട്രീയ സംഘർഷങ്ങൾക്കും പ്രതിഷേധങ്ങൾക്കും വേദിയായി ലോസ് ആഞ്ചലസിലെ സോഫി സ്റ്റേഡിയം.

കാലിഫോര്‍ണിയ: ഫിഫ ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഇറാൻ സമനില പൊരുതി നേടിയതിന് പിന്നാലെ ഇറാൻ താരത്തിന്‍റെ ഗോളാഘോഷത്തെച്ചൊല്ലി വിവാദം. മത്സരത്തിൽ രണ്ട് വട്ടം പിന്നിലായിട്ടും ഇറാന്‍ സമനില പിടിച്ചിരുന്നു. ഇതില്‍ രണ്ടാം പകുതിയില്‍ 2-1ന് പിന്നിലായപ്പോള്‍ ഇറാന്റെ രക്ഷകനായി നിർണായകമായ സമനില ഗോൾ നേടിയ മിഡ്ഫീൽഡർ മൊഹമ്മദ് മൊഹെബിയുടെ ഗോൾ ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഗോളടിച്ചതിന് പിന്നാലെ താരം കൈകൾ കൊണ്ട് 'തോക്കിൽ നിന്ന് വെടിയുതിർക്കുന്ന' രീതിയിൽ ആഘോഷിക്കുകയായിരുന്നു. ഇതോടെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പെരുമാറിയ താരത്തെ ലോകകപ്പിൽ നിന്ന് ഉടനടി വിലക്കണമെന്ന ആവശ്യവുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാലിഫോർണിയയിലെ സോഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇറാൻ തോൽവി മുഖത്ത് നിൽക്കുമ്പോഴായിരുന്നു മൊഹെബിയുടെ തകർപ്പൻ ഹെഡ്ഡർ ഗോൾ പിറന്നത്. ഈ ഗോളോടെ ഇറാൻ സമനില (2-2) പിടിച്ചെടുത്തു. എന്നാൽ ഗോൾ നേടിയ ആവേശത്തിൽ മൊഹെബി നടത്തിയ 'ഗൺ ഫയറിങ്' ആഘോഷം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. ഫിഫ താരത്തിനെതിരെ അടിയന്തരമായി കടുത്ത അച്ചടക്ക നടപടിയെടുക്കണമെന്നാണ് ഭൂരിഭാഗം ഫുട്ബോൾ പ്രേമികളുടെയും ആവശ്യം.

രാഷ്ട്രീയ കലുഷിതമായി ഗാലറി; ഫിഫ വിലക്കും കാറ്റിൽപ്പറത്തി

മത്സരത്തിന് മുൻപ് തന്നെ കനത്ത രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഈ പോരാട്ടം അരങ്ങേറിയത്. ഫിഫയുടെയും പ്രാദേശിക അധികൃതരുടെയും നിരവധി കടുത്ത നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്നിട്ടും കളിയിലുടനീളം രാഷ്ട്രീയ പ്രതിഷേധങ്ങൾ ഉയർന്നു കേട്ടു.

Scroll to load tweet…

പഴയ പതാകയുമായി പ്രതിഷേധം

മത്സരത്തിന് മുന്നോടിയായി നൂറുകണക്കിന് പ്രതിഷേധക്കാരാണ് ഇറാൻ സർക്കാരിനെതിരെ സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയത്. സ്റ്റേഡിയത്തിനകത്ത് ഫിഫയുടെ കർശന വിലക്ക് മറികടന്ന് ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന് മുൻപുള്ള പഴയ പതാകകൾ ആരാധകർ പരസ്യമായി പ്രദർശിപ്പിച്ചു. ബാനറുകളിലും ടി-ഷർട്ടുകളിലും ഈ പതാകകൾ പ്രത്യക്ഷപ്പെട്ടു. സ്റ്റേഡിയത്തിലെ കനത്ത സുരക്ഷാ പരിശോധനയ്ക്കിടയിൽ, വിപ്ലവത്തിന് മുൻപുള്ള പതാക പതിച്ച ടി ഷർട്ട് ധരിച്ചെത്തിയ ഒരു കൂട്ടം ആരാധകരോട് സുരക്ഷാ ഉദ്യോഗസ്ഥർ അത് മാറ്റാൻ ആവശ്യപ്പെട്ടു. പകരം വസ്ത്രമില്ലെന്ന് ആരാധകർ വ്യക്തമാക്കിയതോടെ ടി ഷർട്ട് തിരിച്ചിട്ടു ധരിക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ ഗാലറിയിലേക്ക് പ്രവേശിച്ചതോടെ പലരും നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി പതാകകൾ വീശി.

Scroll to load tweet…

ദേശീയ ഗാനത്തെ കൂവി വിളിച്ച് ആരാധകർ

കളി തുടങ്ങുന്നതിന് മുൻപ് ഇറാന്‍റെ ഔദ്യോഗിക ദേശീയ ഗാനം ആലപിച്ചപ്പോൾ ഒരു വിഭാഗം ഇറാൻ ആരാധകർ മൈതാനത്തിന് നേരെ പുറംതിരിഞ്ഞു നിൽക്കുകയും വലിയ രീതിയിൽ കൂവി വിളിക്കുകയും ചെയ്തു. ഗാലറിയിലെ രാഷ്ട്രീയ പ്രതിഷേധങ്ങൾക്കും കലുഷിതമായ അന്തരീക്ഷത്തിനും പിന്നാലെ മൊഹെബി നടത്തിയ തോക്കേന്തിയുള്ള ഗോൾ ആഘോഷം കൂടിയായതോടെ വിഷയത്തില്‍ ഫിഫ അടിയന്തിരമായി ഇടപെടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക