UEFA Europa League : യൂറോപ്പയിലും ബാഴ്‌സലോണയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ല; എതിരാളികളെ ഇന്നറിയാം

By Web TeamFirst Published Dec 13, 2021, 12:54 PM IST
Highlights

ഇനി രണ്ടാം നിര ക്ലബുകള്‍ മത്സരിക്കുന്ന യൂറോപ്പ ലീഗിലാണ് ബാഴ്‌സയുടെ സ്ഥാനം. യൂറോപ്പയില്‍ ബാഴ്‌സലോണയുടെ എതിരാളികള്‍ ആവാന്‍ സാധ്യയുള്ള ടീമുകളും മത്സരക്രമവും എങ്ങനെയെന്ന് നോക്കാം. 

സൂറിച്ച്: ഏറെ നാളുകള്‍ക്ക് ശേഷം യൂറോപ്പ ലീഗിലേക്ക് തരംതാഴ്ത്തപ്പെട്ടിരിക്കുകയാണ് ബാഴ്‌സലോണ എഫ്‌സി (Barcelona FC). അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനോട് (Bayern Munich) തോറ്റതോടെയാണ് ബാഴ്‌സലോണ യൂറോപ്പിലെ മുന്‍നിര ക്ലബ് അല്ലാതായി മാറിയത്. ഇനി രണ്ടാം നിര ക്ലബുകള്‍ മത്സരിക്കുന്ന യൂറോപ്പ ലീഗിലാണ് ബാഴ്‌സയുടെ സ്ഥാനം. യൂറോപ്പയില്‍ ബാഴ്‌സലോണയുടെ എതിരാളികള്‍ ആവാന്‍ സാധ്യയുള്ള ടീമുകളും മത്സരക്രമവും എങ്ങനെയെന്ന് നോക്കാം. 

ഈ സീസണ്‍ മുതല്‍ പുതിയ ഫോര്‍മാറ്റിലാണ് യുറോപ്പ ലീഗില്‍ മത്സരങ്ങള്‍ നടക്കുന്നത്. യുറോപ്പ ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ജേതാക്കളായ ലിയോണ്‍, മൊണോക്കോ, സ്പാര്‍ട്ടക് മോസ്‌കോ, ഐന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ട്, ഗലാറ്റസരേ, റെഡ് സ്റ്റാര്‍, ബയര്‍ ലെവര്‍ക്യൂസന്‍ വെസ്റ്റ് ഹാം എന്നീ എട്ട് ടീമുകള്‍ പ്രീക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പാക്കിക്കഴിഞ്ഞു. ബാക്കിയുള്ള എട്ട് സ്ഥാനങ്ങള്‍ക്കായി മത്സരിക്കുന്നത് പതിനാറ് ടീമുള്‍. 

യൂറോപ്പ ലീഗിലെ ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയവരും ചാംപ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നാം സ്ഥാനത്ത് എത്തിയവരുമാണ് ഈ ടീമുകള്‍. റേഞ്ചേഴ്‌സ്, റയല്‍ സോസിഡാഡ്, നാപ്പോളി, ഒളിംപിയാക്കോസ്, ലാസിയോ, ബ്രാഗ, റയല്‍ ബെറ്റിസ്, ഡൈനമോ സാഗ്രെബ് എന്നിവരാണ് യൂറോപ്പ ലീഗിലെ രണ്ടാം സ്ഥാനക്കാര്‍. ആര്‍ ബി ലൈപ്‌സിഷ് , പോര്‍ട്ടോ, ബൊറൂസ്യ ഡോര്‍ട്ട്മുണ്ട്, ഷെറിഫ്, ബാഴ്‌സലോണ, അറ്റലാന്റ, സെവിയ, സെനിത് എന്നിവര്‍ ചാംപ്യന്‍സ് ലീഗിലെ മൂന്നാം സ്ഥാനക്കാരും. 

ആദ്യപാദ മത്സരം ഫെബ്രുവരി പതിനേഴിനും രണ്ടാം പാദം 24നും നടക്കും. യുവേഫയുടെ നിയമം അനുസരിച്ച ഒരേ രാജ്യത്ത് നിന്നുള്ള ടീമുകള്‍ പ്രീക്വാര്‍ട്ടറില്‍ ഏറ്റുമുട്ടില്ല. ഇതോടെ റയല്‍ ബെറ്റിസ്, സെവിയ, റയല്‍ സോസിഡാഡ് എന്നിവര്‍ ബാഴ്‌സലോണയുടെ എതിരാളികള്‍ ആവില്ലെന്നുറപ്പായി. 

നാപ്പോളി, ലാസിയോ, റേഞ്ചേഴ്‌സ്, ഒളിംപിയാക്കോസ്, ബ്രാഗ, ഡൈനമോ സാഗ്രെബ് എന്നിവരില്‍ ഒരുടീമായിരിക്കും ബാഴ്‌സലോണയുടെ എതിരാളികള്‍. ഇതില്‍ തന്നെ ലാസിയോയും നാപ്പോളിയുമാണ് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യത.

click me!