തോല്‍വി കാര്യമാക്കേണ്ടതില്ല; ഓലേ സോള്‍ഷെയര്‍ മാഞ്ചസ്റ്ററിന്റെ പരിശീലകനായി തുടരും

By Web TeamFirst Published Nov 9, 2021, 3:55 PM IST
Highlights

ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും എതിരെ നാണംകെട്ട തോല്‍വി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കം മുതിര്‍ന്ന താരങ്ങളുടെ മുറുമുറുപ്പ്. പരിശീലകനെ പുറത്താക്കണമെന്ന് ആരാധകരുടെ മുറവിളി.
 

മാഞ്ചസ്റ്റര്‍: പരിശീലകന്‍ ഒലേ സോള്‍ഷെയറെ തത്ക്കാലം പുറത്താക്കില്ലെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വൃത്തങ്ങള്‍. എന്നാല്‍ തോല്‍വിയില്‍ പരിശീലകന് നിരുപാധിക പിന്തുണ നല്‍കാന്‍ ക്ലബ്ബ് ഒരുക്കമല്ലെന്നാണ് റിപ്പോര്‍ട്ട്. ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും എതിരെ നാണംകെട്ട തോല്‍വി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കം മുതിര്‍ന്ന താരങ്ങളുടെ മുറുമുറുപ്പ്. പരിശീലകനെ പുറത്താക്കണമെന്ന് ആരാധകരുടെ മുറവിളി. എന്നിട്ടുംതള്ളി ഒലേ സോള്‍ഷെയറെ കൈവിടാന്‍ ഒരുക്കമല്ല മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 

ദേശീയ ടീമുകളിലേക്ക് കളിക്കാര്‍ മടങ്ങിപ്പോയ ഇന്റര്‍നാഷണല്‍ ബ്രേക്കിനിടയില്‍ പരിശീലകനെ മാറ്റില്ലെന്ന് ക്ലബ്ബിന്റെ എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍മാന്‍  എഡ് വുഡ്‌വാര്‍ഡ്,  സോള്‍ഷെയറെ നേരിട്ട് അറിയിച്ചു. വാറ്റ്‌ഫോര്‍ഡിനെതിരെ ഈ മാസം 20നുള്ള മത്സരത്തിന്റെ തയ്യാറെടുപ്പുമായി മുന്നോട്ടുപോകാനും നിര്‍ദേശം നല്‍കി. ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ യുണൈറ്റഡ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് സോള്‍ഷെയറിന് തുണയായെന്ന് സൂചനയുണ്ട്. 

ലെസ്റ്റര്‍ സിറ്റി പരിശീലകന്‍ ബ്രെണ്ടന്‍ റോഡ്‌ജേഴ്‌സിനെ യുണൈറ്റഡ് പ്രതിനിധികള്‍ സമീപിച്ചെങ്കിലും , സീസണിനിടയിലെ മാറ്റത്തിന് തയ്യാറാകാഞ്ഞതും നിര്‍ണായകമായി. സീസണിനൊടുവില്‍ വരെ സോള്‍ഷെയറെ നിലനിര്‍ത്തുന്നതിനോടാണ് നിലവില്‍ ക്ലബ്ബ് നേതൃത്വത്തില്‍ ഭൂരിഭാഗത്തിനും താത്പര്യം. എന്നാല്‍ ചാംപ്യന്‍സ് ലീഗ് യോഗ്യത തുലാസിലായാല്‍ പരിശീലകനെ മാറ്റിയേക്കും. പ്രീമിയര്‍ ലീഗില്‍ 11 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ആറാം സ്ഥാനത്താണ് യുണൈറ്റഡ്.

click me!