മാഞ്ചെസ്റ്റര്‍ അങ്കത്തില്‍ യുണെറ്റഡിനെ തോല്‍പ്പിച്ച് സിറ്റിയുടെ പടയോട്ടം

By Web TeamFirst Published Nov 6, 2021, 10:57 PM IST
Highlights

അതേ സമയം സിറ്റിയോടുള്ള തോല്‍വിയോടെ യുണെറ്റഡ് പരിശീലകന്‍ ഓലെ ഗുണ്ണാര്‍ സോള്‍ഷ്യരുടെ നില പരുങ്ങലിലായി. 

മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രമീയര്‍ ലീഗില്‍ (EPL)  മാഞ്ചെസ്റ്റര്‍ സിറ്റി(Manchester City), യുണെറ്റഡ് (Manchester United) പോരാട്ടത്തില്‍ സിറ്റിക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് നാട്ടുകാരായ യുണെറ്റഡിനെ സിറ്റി തോല്‍പ്പിച്ചത്. മത്സരത്തില്‍ ഉടനീളം കളി പെപ് ഗാര്‍ഡിയോളയുടെ സംഘത്തിന്‍റെ കയ്യിലായിരുന്നു. സിറ്റിക്ക് വേണ്ടി ആദ്യം സഹായിച്ചത് യുണെറ്റഡിന്റെ എറിക് ബെയ്ലി നേടിയ സെല്‍ഫ് ഗോളായിരുന്നു. രണ്ടാമത്തെ ഗോള്‍ ബെര്‍ണാഡോ സില്‍വ സിറ്റിക്കായി നേടി. 

അതേ സമയം സിറ്റിയോടുള്ള തോല്‍വിയോടെ യുണെറ്റഡ് പരിശീലകന്‍ ഓലെ ഗുണ്ണാര്‍ സോള്‍ഷ്യരുടെ നില പരുങ്ങലിലായി. ഇദ്ദേഹത്തെ ഉടന്‍ തന്നെ യുണെറ്റഡ് മാനേജ്മെന്‍റ് പുറത്താക്കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. യുണെറ്റഡിന്‍റെ തട്ടകമായ ഓണ്‍ഡ് ട്രാഫോഡിലാണ് തോല്‍വി സംഭവിച്ചത് എന്നത് പ്രധാന കാര്യമാണ്.

മത്സരത്തിന്‍റെ ഏഴാം മിനുട്ടില്‍ കാന്‍സോലോയുടെ ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിലാണ് ബെയ്ലിയുടെ കാലില്‍ തന്നെ യുണെറ്റഡിന്‍റെ വലയില്‍ തന്നെ ബോള്‍ കയറിയത്. 45മത്തെ മിനുട്ടില്‍ ഇടവേളയ്ക്ക് തൊട്ടുമുന്‍പായിരുന്നു ബെര്‍ണാഡോ സില്‍വ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടും യുണെറ്റഡിന് വിജയം നേടാന്‍ സാധിച്ചില്ല.

മത്സരത്തില്‍ സിറ്റി 68 ശതമാനം ബോള്‍ പൊസിഷന്‍ നേടിയതിലൂടെ തന്നെ മത്സരത്തിലെ ആധിപത്യം വ്യക്തമാണ്. അതില്‍ തന്നെ അഞ്ച് ടാര്‍ഗറ്റ് ഷോട്ടുകള്‍ സിറ്റി ഉതിര്‍ത്തപ്പോള്‍, ഒരേയൊരെണ്ണമാണ് യുണെറ്റഡിന് സാധ്യമായത്. ഇപ്പോള്‍ പ്രിമീയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്താണ് സിറ്റി ഇവര്‍ക്ക് 11 കളില്‍ 23 പൊയന്‍റുണ്ട്. അതേ സമയം യുണെറ്റഡിന് 11 മത്സരങ്ങളില്‍ 17 പൊയന്‍റാണ് ഉള്ളത്. യുണെറ്റഡ് ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.

click me!