
കാംപ് നൗ: സ്‌പാനിഷ്(La Liga) വമ്പന്‍മാരായ ബാഴ്‌സലോണയുടെ(Barcelona FC) പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ്(Xavi) ഇന്ന് ഔദ്യോഗികമായി ചുമതലയേൽക്കും. കാംപ് നൗവിലെ(Camp Nou) അവതരണത്തിന് ശേഷം സാവി മാധ്യമങ്ങളോട് സംസാരിക്കും. പുറത്താക്കപ്പെട്ട റൊണാൾഡ് കൂമാന്(Ronald Koeman) പകരമാണ് ബാഴ‌്‌സയുടെ ഇതിഹാസ താരം കൂടിയായ സാവി പരിശീലകനായി എത്തുന്നത്.
ഖത്തർ ക്ലബ് അൽ സാദുമായി രണ്ട് വർഷ കരാർ ബാക്കിയുള്ളതിനാൽ അഞ്ച് ദശലക്ഷം യൂറോ നഷ്‌ടപരിഹാരം നൽകിയാണ് ബാഴ്‌സലോണ സാവിയെ സ്വന്തമാക്കിയത്. അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ഇടവേള ആയതിനാൽ ഈമാസം 20ന് എസ്‌പാനിയോളിനെതിരെ ആയിരിക്കും സാവിക്ക് കീഴിൽ ബാഴ്‌സയുടെ ആദ്യ മത്സരം. ബാഴ്‌സലോണയുടെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ സാവി ക്ലബിനായി 767 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. ബാഴ്‌സയുടെ 25 കിരീടവിജയങ്ങളിൽ പങ്കാളിയാവുകയും ചെയ്‌തു. എട്ട് ലാ ലിഗ കിരീടങ്ങളും നാല് ചാമ്പ്യന്‍സ് ലീഗും ഉള്‍പ്പടെയാണിത്.
ആശംസയുമായി ഇനിയേസ്റ്റ
ബാഴ്‌സലോണയുടെ പരിശീലകനായി ചുമതലയേറ്റെടുക്കുന്ന സാവി ഹെർണാണ്ടസിന് ആശംസയുമായി മുൻതാരം ആന്ദ്രേസ് ഇനിയേസ്റ്റ രംഗത്തെത്തി. ബാഴ്‌സലോണയ്ക്ക് ഇപ്പോൾ ഏറ്റവും അനുയോജ്യനായ പരിശീലകൻ സാവിയാണ്. ക്ലബിനെ വൈകാരികമായും സാങ്കേതികമായും അടുത്തറിഞ്ഞയാളാണ് സാവി. ബാഴ്‌സലോണയുടെ പരിശീല ചുമതല ഏറ്റെടുക്കാനുള്ള പരിചയസമ്പത്ത് സാവി കൈവരിച്ചിട്ടുണ്ടെന്നും ഇനിയേസ്റ്റ പറഞ്ഞു.
ബാഴ്‌സലോണയുടെ പ്രതാപകാലത്ത് മധ്യനിരയിലെ ശക്തികേന്ദ്രങ്ങളായിരുന്നു സാവിയും ഇനിയേസ്റ്റ. ജപ്പാൻ ക്ലബ് വിസെൽ കോബിന്‍റെ താരമാണിപ്പോൾ ഇനിയേസ്റ്റ
റൊണാള്‍ഡ് കൂമാനെ പരിശീലകനാക്കുന്നതിന് മുമ്പ് സാവിയെ കോച്ചായി എത്തിക്കാന്‍ ബാഴ്‌സ ശ്രമിച്ചിരുന്നെങ്കിലും സമയമായിട്ടില്ലെന്ന് പറഞ്ഞ് അദ്ദേഹം അത് നിരസിക്കുകയായിരുന്നു. സഹപരിശീലകനായ സെര്‍ജി ബര്‍ജുവായിരുന്നു കൂമാന്‍ പുറത്തായ ശേഷം ബാഴ്‌സയുടെ താല്‍ക്കാലിക പരിശീലകന്‍. സാവിക്ക് കീഴില്‍ അല്‍ സാദ് ഖത്തര്‍ ആഭ്യന്തര ലീഗില്‍ കഴിഞ്ഞ സീസണില്‍ കിരീടം നേടിയിരുന്നു.
അല്‍ സാദ് സമ്മതിച്ചു; സാവി ബാഴ്സ പരിശീലകനാവും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!