ഗോളും അസിസ്റ്റുമായി തിളങ്ങി ലെവന്‍ഡോസ്‌കി; അവസാനം വരെ പൊരുതിയ സൗദിയെ മറികടന്ന് പോളണ്ട്

By Web TeamFirst Published Nov 26, 2022, 8:39 PM IST
Highlights

രണ്ടാം പാതിയില്‍ ഗോള്‍ മടക്കാനുള്ള വാശിയോടെയാണ് സൗദി ഇറങ്ങിയത്. അവരുടെ ആക്രമണത്തിനും മൂര്‍ച്ചകൂടി. 56-ാം മിനിറ്റില്‍ രണ്ടാംപാതിയിലെ ആദ്യ അവസരവും സൃഷ്ടിച്ചു. ബോക്‌സിനകത്തെ കൂട്ടപൊരിച്ചിലിനിടെ അല്‍ ദോസാറി നിലംപറ്റെ പായിച്ച ഷോട്ട് ഷെസ്‌നി കാലുകള്‍കൊണ്ട് തട്ടിയകറ്റി.

ദോഹ: ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ സൗദി അറേബ്യക്കെതിരെ പോളണ്ടിന് ജയം. റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഒരു ഗോളും അസിസ്റ്റുമായി തിളങ്ങിയ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പോളണ്ടിന്റെ ജയം. ലെവയ്ക്ക് പുറമെ, പിയോറ്റ് സിലിന്‍സ്‌കിയാണ് മറ്റൊരു ഗോള്‍ നേടിയത്. ആദ്യപാതിയില്‍ ഗോള്‍ വഴങ്ങിയെങ്കിലും പോളണ്ടിനെ വരച്ചവരയില്‍ നിര്‍ത്താന്‍ സൗദിക്ക് സാധിച്ചിരുന്നു. പലപ്പോഴും പോളണ്ട് ഗോള്‍മുഖം വിറപ്പിക്കാന്‍ സൗദി മുന്നേറ്റത്തിനായി. ആദ്യപകുതിയുടെ അവസാനങ്ങളില്‍ ഒരു പെനാല്‍റ്റി മുതലാക്കാന്‍ സാധിക്കാതെ പോയതും സൗദിക്ക് തിരിച്ചടിയായി. സലേം അല്‍ദ്വസാറിയായിരുന്നു കിക്കെടുത്തിരുന്നത്. 

പോളണ്ട് ലീഡെടുത്ത ആദ്യ പകുതി

അര്‍ജന്റീനയെ തോല്‍പ്പിച്ച അതേ പ്രകടനം സൗദി ആവര്‍ത്തിക്കുകയായിരുന്നു. അര്‍ജന്റീനയ്‌ക്കെതിരെ സൗദി പ്രതിരോധം ശക്തിപ്പെടുത്തിയാണ് കളിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ആക്രമിക്കാനും സൗദി മറന്നില്ല. മത്സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ സൗദി ആക്രമണം തുടങ്ങി. 14-ാം മിനിറ്റില്‍ ഒരു അവസരവും സൃഷ്ടിച്ചു. എന്നാല്‍ പോളിഷ് ഗോള്‍ കീപ്പര്‍ ഷെസ്‌നി രക്ഷകനായി. 15-ാം മിനിറ്റില്‍ യാക്കൂബ് കിവിയോറിന് മഞ്ഞകാര്‍ഡ് ലഭിച്ചു. 16-ാം മിനിറ്റില്‍ മാറ്റി കാഷിനും മഞ്ഞ. 19-ാം മിനിറ്റില്‍ അര്‍ക്കഡിയൂസ് മിലിക്കിനും മഞ്ഞ ലഭിച്ചു. അതില്‍ നിന്ന് മനസിലാക്കാം സൗദി ആക്രമണം എത്രത്തോളം മികച്ചതായിരുന്നുവെന്ന്.

26-ാം മിനിറ്റില്‍ പോളണ്ടിനും ലഭിച്ചു ആദ്യ അവസരം. സെലിന്‍സ്‌കിയുടെ കോര്‍ണറില്‍ നിന്ന് ബീല്‍ക്ക് തൊടുത്തുവിട്ട ഹെഡ്ഡര്‍ അല്‍- ഷെറ്രി ഗോള്‍ലൈനിന് തൊട്ടുമുമ്പ് വച്ച് രക്ഷപ്പെടുത്തി. 39-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോളെത്തി. ലെവന്‍ഡോസ്‌കിയുടെ സഹായത്തില്‍ സെലിന്‍സ്‌കിയുടെ മനോഹരമായ ഫിനിഷ്. 44-ാം മിനിറ്റില്‍ സൗദിക്ക് ഒപ്പമെത്താനുള്ള സുവര്‍ണാവസരമുണ്ടായിരുന്നു. എന്നാല്‍ പെനാല്‍റ്റി മുതലാക്കാന്‍ സലേം അല്‍ദ്വസാറിക്ക് സാധിച്ചില്ല. താരത്തിന്റെ ഷോട്ട് പോളിഷ് ഗോള്‍കീപ്പര്‍ തടഞ്ഞിട്ടു. റീബൗണ്ടില്‍ സൗദി താരം ഗോളിന് ശ്രമിച്ചെങ്കിലും ഷെസ്‌നി ഒരിക്കല്‍കൂടി രക്ഷകനായി.

ലെവന്‍ഡോസ്കിയുടെ ആദ്യ ലോകകപ്പ് ഗോള്‍

രണ്ടാം പാതിയില്‍ ഗോള്‍ മടക്കാനുള്ള വാശിയോടെയാണ് സൗദി ഇറങ്ങിയത്. അവരുടെ ആക്രമണത്തിനും മൂര്‍ച്ചകൂടി. 56-ാം മിനിറ്റില്‍ രണ്ടാംപാതിയിലെ ആദ്യ അവസരവും സൃഷ്ടിച്ചു. ബോക്‌സിനകത്തെ കൂട്ടപൊരിച്ചിലിനിടെ അല്‍ ദോസാറി നിലംപറ്റെ പായിച്ച ഷോട്ട് ഷെസ്‌നി കാലുകള്‍കൊണ്ട് തട്ടിയകറ്റി. 60-ാം മിനിറ്റില്‍ ദോസാറി നല്‍കിയ ക്രോസ് അല്‍ ബിറകന്‍ ക്രോസ് ബാറിന് മുകളിലൂടെ പായിച്ചു. 

64-ാം മിനിറ്റില്‍ ലീഡ് നേടാന്‍ പോളണ്ടിനും അവസരം ലഭിച്ചു. മിലിക്ക് ഹെഡ്ഡര്‍ ശ്രമം ക്രോസ് ബാറില്‍ തട്ടിതെറിച്ചു. 78-ാം മിനിറ്റില്‍ സൗദിക്ക് മറ്റൊരു അവസരം കൂടി. ബോക്‌സിന് പുറത്ത് നിന്ന് അല്‍ മാലിക്ക് നിലംപറ്റെ പായിച്ച ഷോട്ട് പോസ്റ്റിനരികിലൂടെ പുറത്തേക്ക്. എന്നാല്‍ 82-ാം മിനിറ്റില്‍ സൗദിക്ക് തിരിച്ചുവരാന്‍ കഴിയാത്ത വിധം പോളണ്ട് രണ്ടാം ഗോള്‍ നേടി. അദ്ദേഹത്തിന്റെ ആദ്യ ലോകകപ്പ് ഗോളായിരുന്നു അത്. പ്രതിരോധതാരം മാലിക്കിയുടെ പിഴവ് മുതലെടുത്ത് ലെവ ലീഡുയര്‍ത്തി. 90-ാം മിനിറ്റില്‍ ഒരിക്കല്‍കൂടി ലെവയ്ക്ക് ഗോള്‍ നേടാമായിരുന്നു. ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ അദ്ദേഹം നടത്തിയ ചിപ്പ് ഗോള്‍ശ്രമം ഫലം കണ്ടില്ല. സൗദി ചില ഒറ്റപ്പെട്ട ശ്രമങ്ങള്‍ നടത്തിയെങ്കിലും ഗോള്‍വര കടത്താനായില്ല. 

സൗദിയെ കണ്ണീരിലാഴ്ത്തിയ നിമിഷം! സുവര്‍ണാവസരം പാഴായതിന്‍റെ ഞെട്ടലില്‍ ആരാധകര്‍, വീഡിയോ

click me!