World Cup qualifier: റഷ്യയുമായുള്ള ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ നിന്ന് പിന്‍മാറി ലെവന്‍ഡോവ്സ്കിയുടെ പോളണ്ട്

By Web TeamFirst Published Feb 26, 2022, 5:16 PM IST
Highlights

അസോസിയേഷനെടുത്തത് ശരിയായ തീരുമാനമാണ്. യുക്രൈനെതിരെ സായുധ ആക്രമണം നടത്തുന്ന റഷ്യയുമായി ഫുട്ബോള്‍ കളിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. റഷ്യന്‍ ഫുട്ഫോള്‍ താരങ്ങളും ആരാധകരും ഇതിന് ഉത്തരവാദികളല്ലെന്നറിയാം, പക്ഷെ സംഭവിക്കുന്ന കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാവില്ലല്ലോ-ലെവന്‍ഡ്വ്സ്കി ട്വിറ്ററില്‍ കുറിച്ചു.

മോസ്കോ: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍(Russia's Ukraine invasion) പ്രതിഷേധിച്ച് റഷ്യയുമായുള്ള ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ പോരാട്ടത്തില്‍(Poland-Russia WC qualifier) നിന്ന് പിന്‍മാറി പോളണ്ട്. മാര്‍ച്ചില്‍ നടക്കേണ്ട യോഗ്യതാ പോരാട്ടത്തില്‍ നിന്നാണ് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കി(Robert Lewandowski) നയിക്കുന്ന പോളണ്ട് പിന്‍മാറിയത്.

റഷ്യ വേദിയാവേണ്ടിയിരുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍, ഫോര്‍മുല വണ്ണിലെ റഷ്യന്‍ ഗ്രാന്‍പ്രിക്സ് എന്നിവ റദ്ദാക്കിയതിന് പിന്നാലെയാണ് പോളണ്ടിന്‍റെ പിന്‍മാറ്റം. പോളണ്ട് ഫുട്ബോള്‍ അസോസിയേഷന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ലെവന്‍ഡോവ്സ്കി നിലവിലെ സാഹചര്യത്തില്‍ റഷ്യയുമായി മത്സരിക്കുന്നതിനെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലുമാകുന്നില്ലെന്നും വ്യക്തമാക്കി.

കായികലോകത്തും റഷ്യക്ക് ബഹിഷ്കരണം, ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വേദി മാറ്റി

അസോസിയേഷനെടുത്തത് ശരിയായ തീരുമാനമാണ്. യുക്രൈനെതിരെ സായുധ ആക്രമണം നടത്തുന്ന റഷ്യയുമായി ഫുട്ബോള്‍ കളിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. റഷ്യന്‍ ഫുട്ഫോള്‍ താരങ്ങളും ആരാധകരും ഇതിന് ഉത്തരവാദികളല്ലെന്നറിയാം, പക്ഷെ സംഭവിക്കുന്ന കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാവില്ലല്ലോ-ലെവന്‍ഡ്വ്സ്കി ട്വിറ്ററില്‍ കുറിച്ചു.

It is the right decision! I can’t imagine playing a match with the Russian National Team in a situation when armed aggression in Ukraine continues. Russian footballers and fans are not responsible for this, but we can’t pretend that nothing is happening. https://t.co/rfnfbXzdjF

— Robert Lewandowski (@lewy_official)

മാര്‍ച്ച് 24നായിരുന്നു ലോകകപ്പ് യോഗ്യതാ പ്ലേ ഓഫ് സെമി പോരാട്ടത്തില്‍ പോളണ്ട് റഷ്യയെ നേരിടേണ്ടിയിരുന്നത്. ഇതില്‍ ജയിക്കുന്ന ടീം സ്വീഡന്‍-ചെക്ക് റിപ്ലബ്ലിക് മത്സരത്തിലെ വിജയിയകളുമായി ഫൈനലില്‍ ഏറ്റുമുട്ടണം. ഇതിലും ജയിക്കുന്നവര്‍ക്കായിരുന്നു ലോകകപ്പ് യോഗ്യത നേടാനാവുക.

കോലിക്കും ധോണിക്കും പിന്നാലെ രോഹിത് എത്തുമോ? എലൈറ്റ് പട്ടികയില്‍ ഇടം പിടിക്കാന്‍ ചാഹലും

റഷ്യയുടെ യുക്രൈന്‍ ആക്രമണത്തിനെതിരെ കളിക്കളത്തിലും വ്യാപക പ്രതിഷേധങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റഷ്യന്‍ സ്പോണ്‍സറുടെ ലോഗോ എടുത്തു മാറ്റിയതിന് പിന്നാലെ ജര്‍മന്‍ രണ്ടാം ഡിവിഷന്‍ ലീഗ് ടീമായ ഷാല്‍ക്കെയും റഷ്യന്‍ സ്പോണ്‍സറുടെ ലോഗോ എടുത്തു മാറ്റിയിരുന്നു.

ഇതിന് പുറമെ റഷ്യയുടെ നടപടിക്കെതിരെ യുക്രൈന്‍ പതാക വീശി പ്രതിഷേധിക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമുകള്‍ക്കും കളിക്കാര്‍ക്കും പരിശീലകര്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ഈ വര്‍ഷം ജൂണില്‍ നടക്കാനിരിക്കുന്ന യൂറോ കപ്പ് വനിതാ ഫുട്ബോളില്‍ നിന്ന് റഷ്യയെ പുറത്താക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

click me!