Asianet News MalayalamAsianet News Malayalam

Champions League final: കായികലോകത്തും റഷ്യക്ക് ബഹിഷ്കരണം, ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വേദി മാറ്റി

ഇതിന് പുറമെ യുക്രൈനില്‍ നിന്നും റഷ്യയില്‍ നിന്നും ചാമ്പ്യന്‍സ് ലീഗില്‍ മത്സരിക്കുന്ന ടീമുകളുടെ ഹോം മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലായിരിക്കും നടത്തുകയെന്നും യുവേഫ വ്യക്തമാക്കി. 2018ലെ ലോകകപ്പ് ഫുട്‌ബോളിന് വേണ്ടി പണികഴിപ്പിച്ച സെന്‍റ് പീറ്റേഴ്‌സ്ബര്‍ഗിലെ ഗാസ്‌പ്രോം അരീനയിലായിരുന്നു ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നത്.

Champions League final: UEFA Strips Russia Of Hosting Champions League Final, New venue announced
Author
london, First Published Feb 25, 2022, 5:10 PM IST

മോസ്കോ: ഈ വര്‍ഷത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍(UEFA Champions League final) മത്സരം റഷ്യയില്‍(Russia) നിന്ന് മാറ്റി. ഫൈനല്‍ മെയ് 28ന് ഫ്രാന്‍സില്‍ നടത്താനാണ് തീരുമാനം. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ചാണ് നടപടി. ഇന്ന് യുവേഫ എക്‌സിക്യൂട്ടീവ് കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്നാണ് ഫൈനല്‍ മത്സരത്തിന്‍റെ വേദി മാറ്റാന്‍ നിശ്ചയിച്ചത്.

ഫ്രാന്‍സിലെ സ്റ്റേഡ് ഡെ ഫ്രാന്‍സ് സ്റ്റേഡ‍ിയമാണ് ഫൈനലിന് വേദിയാവുക. 80000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിലാണ് 1998ലെ ലോകകപ്പ് ഫൈനലും 2016ലെ യൂറോ കപ്പ് ഫൈനലും നടന്നത്. 2000ലും 2006ലും ഇതേ സ്റ്റേഡിം ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് വേദിയായിട്ടുണ്ട്.

ഇതിന് പുറമെ യുക്രൈനില്‍ നിന്നും റഷ്യയില്‍ നിന്നും ചാമ്പ്യന്‍സ് ലീഗില്‍ മത്സരിക്കുന്ന ടീമുകളുടെ ഹോം മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലായിരിക്കും നടത്തുകയെന്നും യുവേഫ വ്യക്തമാക്കി. 2018ലെ ലോകകപ്പ് ഫുട്‌ബോളിന് വേണ്ടി പണികഴിപ്പിച്ച സെന്‍റ് പീറ്റേഴ്‌സ്ബര്‍ഗിലെ ഗാസ്‌പ്രോം അരീനയിലായിരുന്നു ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നത്.

എന്നാല്‍ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് വിവിധ രാജ്യങ്ങളും കളിക്കാരും നിലപാടെടുത്തതോടെ യുവേഫ വേദി മാറ്റാന്‍ നിര്‍ബന്ധിതരായി. സുരക്ഷാ പ്രശ്നം കൂടി കണക്കിലെടുത്താണ് യുവേഫ വേദി മാറ്റാനുള്ള തീരുമാനമെടുത്തത്.

അതേസമയം യുവേഫയുടെ നടപടി അപമാനകരമാണെന്ന് റഷ്യന്‍ സര്‍ക്കാര്‍ പ്രതികരിച്ചു. ഇത് വലിയ നാണക്കേടാണ്, സെന്‍റ് പീറ്റേഴ്സ്ബര്‍ഗില്‍ ലഭ്യമായതില്‍ ഏറ്റവും മികച്ച സൗകര്യങ്ങളൊരുക്കാന്‍ തങ്ങള്‍ക്ക് കഴിയുമായിരുന്നുവെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് യുവേഫക്ക് ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്‍റെ വേദി ആദ്യം നിശ്ചയിച്ച സ്ഥലത്തു നിന്ന് മാറ്റേണ്ടിവരുന്നത്. 2020ല്‍ കൊവിഡിനെത്തുടര്‍ന്ന് ഫൈനല്‍ വേദി ഇസ്താംബൂളില്‍ നിന്ന് പോര്‍ച്ചുഗലിലെ ലിസ്ബണിലേക്ക് മാറ്റിയിരുന്നു. കൊവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞവര്‍ഷവും ഇസ്താംബൂളില്‍ നിന്ന് പോര്‍ച്ചുഗല്‍ നഗരമായ പോര്‍ട്ടോയിലേക്ക് ഫൈനല്‍ വേദി മാറ്റിയിരുന്നു.

Follow Us:
Download App:
  • android
  • ios