
മാഞ്ചസ്റ്റര്‍: പ്രീമിയർ ലീഗിൽ ഇന്ന് വമ്പൻ പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ രാത്രി പത്തിന് മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. ഇന്ത്യയില്‍ ജിയോ ഹോട് സ്റ്റാറിലും ഇംഗ്ലണ്ടില്‍ സ്കൈ സ്പോര്‍ട്സിലും മത്സരം തത്സമയം കാണാനാവും. പരിശീലകനായുള്ള പെപ് ഗ്വാർഡിയോളയുടെ ആയിരാമത്തെ മത്സരത്തിൽ ഇത്തിഹാദിൽ ജയം മാത്രം ലക്ഷ്യമിട്ടാവും മാഞ്ചസ്റ്റർ സിറ്റി ഇറങ്ങുക. പ്രീമിയര്‍ ലീഗിലെ ഗോളടി വീരൻമാരായ ഏർലിംഗ് ഹാളണ്ടും മുഹമ്മദ് സലായും നേര്‍ക്കുനേര്‍ വരുന്നുവെന്നതും ഇന്നത്തെ മത്സരത്തെ ആവേശകരമാക്കും.
യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെ വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് ആർനെ സ്ലോട്ടിന്‍റെ ലിവർപൂൾ. പത്ത് കളിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പത്തൊൻപതും ലിവർപൂളിന് പതിനെട്ടും പോയിന്‍റാണുള്ളത്. മധ്യനിരയിൽ പ്ലേമേക്കർമാരായ റോഡ്രിയുടേയും മത്തേയു കൊവാസിച്ചിന്‍റെയും അഭാവം മറികടക്കുകയാണ് സിറ്റി കോച്ച് ഗ്വാർഡിയോളയുടെ വെല്ലുവിളി.
പ്രതീക്ഷയത്രയും ഏർലിംഗ് ഹാളണ്ടിന്‍റെ സ്കോറിംഗ് മികവിലാണ്. പ്രീമിയർ ലീഗിൽ ഗോൾവേട്ടയിലെ സെഞ്ച്വറി തികയ്ക്കുകയാണ് ലിവര്‍പൂളിനെതിരെ ഇറങ്ങുമ്പോള്‍ ഹാളണ്ടിന്‍റെ ലക്ഷ്യം.107 കളിയിൽ 98 ഗോളുമായാണ് ലിവർപൂളിനെതിരെ ഹാളണ്ട് ഇറങ്ങുന്നത്. ഇന്ന് രണ്ടുഗോൾ നേടിയാൽ ഏറ്റവും വേഗത്തിൽ 100 പ്രീമിയർ ലീഗ് ഗോളെന്നെ റെക്കോർഡ് ഹാളണ്ടിന് സ്വന്തമാവും. 124 കളിയിൽ 100 ഗോളിലെത്തിയ അലൻ ഷിയററുടെ റെക്കോര്‍ഡാവും ഇതോടെ തകരുക.
ഹാളണ്ടിനൊപ്പം ഫിൽ ഫോഡനും ബെർണാഡോ സിൽവയും ജെറിമി ഡോകുവും കൂടി ചേരുമ്പോൾ ലിവർപൂൾ പ്രതിരോധനിരയ്ക്ക് പിടിപ്പത് പണിയായിരിക്കും. മുഹമ്മദ് സലാ, ഡൊമിനിക് സോബോസ്ലായ്, ഫ്ലോറിയൻ വിർടസ് ത്രയത്തിലാണ് ലിവർപൂളിന്‍റെ ഗോൾ പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക