
മാഡ്രിഡ്: മാഡ്രിഡ് ഡെർബിയിൽ അത്ലറ്റിക്കോ മാഡ്രിഡിനോട് 2-1 ന് തോറ്റതിന് പിന്നാലെ റഫറീയിംഗിനെതിരെ രംഗത്തെത്തിയ റയൽ മാഡ്രിഡ് പരിശീലകൻ ഹോസെ മൗറീഞ്ഞോയ്ക്കും ക്ലബ്ബിനുമെതിരെ കടുത്ത വിമർശനവുമായി ലാ ലിഗ പ്രസിഡന്‍റ് ഖാവിയർ തെബാസ്. മത്സരത്തിലെ തീരുമാനങ്ങളെ ചോദ്യം ചെയ്ത് റയൽ മാഡ്രിഡ് മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങൾ ടൂർണമെന്‍റിന്‍റെ നിഷ്പക്ഷതയെയും മറ്റ് ക്ലബ്ബുകളെയും അപമാനിക്കുന്നതാണെന്ന് തെബാസ് ആരോപിച്ചു.
അത്ലറ്റിക്കോ മാഡ്രിഡ് താരങ്ങളായ ക്രിസ്റ്റ്യൻ റൊമേറോ ജൂഡ് ബെല്ലിങ്ഹാമിനെയും ലീ കാങ്-ഇൻ ഫെഡറിക്കോ വാൽവെർദെയെയും ഫൗൾ ചെയ്തതിന്‍റെ ദൃശ്യങ്ങൾ അച്ചടിച്ച പേപ്പറുകളുമായാണ് മൗറീഞ്ഞോ വാർത്താസമ്മേളനത്തിനെത്തിയത്. റഫറി രണ്ട് വ്യക്തമായ റെഡ് കാർഡുകൾ നൽകാൻ മടിച്ചുവെന്നും, അനുഭവപരിചയമില്ലാത്ത റഫറി സമ്മർദ്ദത്തിന് വഴങ്ങിയെന്നും മൗറീഞ്ഞോ പറഞ്ഞു. മത്സരത്തിന്‍റെ 52-ാം മിനിറ്റിൽ റയൽ ഡിഫൻഡർ ഡീൻ ഹൈസൻ ചുവപ്പു കാർഡ് കണ്ട പുറത്തായതോടെ റയൽ 10 പേരുമായാണ് ബാക്കി സമയം കളിച്ചത്.
എന്നാൽ മൗറീഞ്ഞോയുടെയും റയൽ മാഡ്രിഡ് അനുഭാവമുള്ള മാധ്യമങ്ങളുടെയും ഈ നിലപാടിനെ തെബാസ് സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായി വിമർശിച്ചു. പഴയ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ഉയർത്തിപ്പിടിച്ച് റയലിന്‍റെ വക്താക്കളും ചാനലുകളും വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ്. വരുമാനവും കാഴ്ചക്കാരുടെ എണ്ണവും ക്ലബ്ബിന്‍റെ വലിപ്പവും നോക്കിയാണോ ഇനി റഫറിയിംഗ് നടത്തേണ്ടതെന്ന് എന്ന് തെബാസ് ചോദിച്ചു. റയൽ മാഡ്രിഡ് ഇല്ലാതെ ലാ ലിഗയ്ക്ക് നിലനിൽപ്പില്ലെന്ന പ്രചാരണങ്ങൾ മറ്റ് ക്ലബ്ബുകളെയോ അവരുടെ ആരാധകരെയോ ചരിത്രത്തെയോ മാനിക്കാത്ത നിലപാടാണെന്നും, ലീഗ് ആരുടെയും സ്വന്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!