
മ്യൂണിക്: ലോക ഫുട്ബോളിലെ രാജാക്കൻമാരെല്ലാം ഒരുമിച്ച് അണിനിരന്നിട്ടും വര്‍ഷങ്ങളോളം കൈയെത്തി പിടിക്കാനാവാതിരുന്ന ചാമ്പ്യൻസ് ലീഗ് കിരീടത്തില്‍ ഒടുവില്‍ മുത്തമിട്ട് പിഎസ്‌ജി. മ്യൂണിക്കില്‍ നടന്ന കിരീടപ്പോരില്‍ ഇറ്റാലിയൻ കരുത്തരായ ഇന്‍റർ മിലാനെ എതിരില്ലാത്ത 5 ഗോളുകള്‍ക്ക് തകർത്താണ് പി എസ് ജി യൂറോപ്പിലെ രാജാക്കൻമാരായത്.
ഫ്രഞ്ച് ക്ലബിന്‍റെ കന്നി ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. തോൽക്കാൻ മനസ്സിലെന്ന് ഉറക്കെ പറഞ്ഞാണ് ലൂയിസ് എൻറികെയുടെ സംഘം മോഹകപ്പില്‍ മുത്തമിട്ടത്. കളിയുടെ 12- ാം മിനുട്ടിൽ അഷ്റഫ് ഹക്കീമിയുടെ സൂപ്പർ ഫിനിഷിലൂടെ ഗോള്‍ വേട്ട തുടങ്ങിയ പി എസ് ജി വെറും എട്ടുമിനുട്ടിനുള്ളിൽ ലീഡ് ഇരട്ടിയാക്കി 19-കാരൻ ഡെസിറെ ഡൂയെ 20ാം മിനിറ്റില്‍ പി എസ് ജിയെ രണ്ടടി മുന്നിലെത്തിച്ചു. ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ ലീഡില്‍ അവസാനിപ്പിച്ച പി എസ് ജിക്കെതിരെ ഇന്‍റര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയായിരുന്നു രണ്ടാം പകുതിയിലും പി എസ് ജിയുടെ സമ്പൂര്‍ണ ആധിപത്യം.
63- മിനുട്ടിൽ ഡൂയെയുടെ ഡബിളിലൂടെ പി എസ് ജി കന്നിക്കിരീടം ഉറപ്പിച്ചു. ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ രണ്ട് ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഇതോടെ ഡുയെ സ്വന്തമാക്കി. 20 വയസുള്ളപ്പോള്‍ റയലിനെതിരെ ബെനഫിക്കക്കായി രണ്ട് ഗോള്‍ നേടിയ ഇതിഹാസ താരം യൂസേബിയോയുടെ റെക്കോര്‍ഡാണ് ഡൂയെ മറികടന്നത്.
മൂന്ന് ഗോള്‍ വീണതോടെ കളിമറന്ന ഇറ്റാലിയൻ വമ്പൻമാരുടെ വല നിറച്ച് പിന്നീട് ക്വിച്ചയും മയൂലുവും. 73ാം മിനിറ്റിലും 86-ാം മിനിറ്റിലുമായിരുന്നു ഇന്‍ററിന്‍റെ മോഹങ്ങള്‍ക്ക് മേല്‍ അവസാന ആണിയും അടിച്ച് പി എസ് ജിയുടെ ഗോളുകള്‍. 2015ൽ ബാഴ്സലോണക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ പി എസ് ജി കോച്ച് ലൂയിസ് എന്‍റികെ രണ്ട് ക്ലബ്ബുകള്‍ക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്ന ആറാമത്തെ മാത്രം പരിശീലകനായി.
മത്സരത്തിനുശേഷം പാരീസിലെ തെരുവില്‍ ഫ്രഞ്ച് ആരാധകരുടെ വിജയാഹ്ളാദം അതിരുകടന്നത് സംഘര്‍ഷത്തിനും കാരണമായി. പൊലീസിനുനേരെ പടക്കങ്ങളെറിഞ്ഞ് ആഘോഷിച്ച ഫ്രഞ്ച് ആരാധകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!