പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അത്‌ലറ്റികോ മാഡ്രിഡ് വീണു; സ്പാനിഷ് സൂപ്പര്‍ കപ്പ് റയലിന്

By Web TeamFirst Published Jan 13, 2020, 8:44 AM IST
Highlights

സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം റയല്‍ മാഡ്രിഡിന്. സൗദിയിലെ കിംഗ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അത്‌ലറ്റികോ മാഡ്രിഡിനെ റയല്‍ മറികടന്നത്.

റിയാദ്: സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം റയല്‍ മാഡ്രിഡിന്. സൗദിയിലെ കിംഗ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അത്‌ലറ്റികോ മാഡ്രിഡിനെ റയല്‍ മറികടന്നത്. ഗോള്‍ പിറക്കാത്ത ഇരുപകുതിക്ക് ശേഷം അധിക സമയം. അവിടെയും സമനില. പിന്നീട് ഗോള്‍ കീപ്പര്‍മാരുടെ പോരാട്ടത്തിനൊടുവില്‍ റയല്‍ സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍.

റയലിന് വേണ്ടി ഡാനി കാര്‍വാള്‍, റോഡ്രിഗോ, ലൂക്ക മോഡ്രിച്ച്, സെര്‍ജിയോ റാമോസ് എന്നിവര്‍ ലക്ഷ്യം കണ്ടു. എന്നാല്‍ അത്‌ലറ്റികോ താരങ്ങളായ സോള്‍ നിഗ്വസ്, തോമസ് പാര്‍ട്ടി എന്നിവര്‍ക്ക് പിഴച്ചപ്പോള്‍ റയല്‍ വിജയം സ്വന്തമാക്കി. കീറണ്‍ ട്രിപ്പിയര്‍ മാത്രമാണ് അത്‌ലറ്റികോയ്ക്കായി ലക്ഷ്യം കണ്ടത്. 

റയലിന് വേണ്ടി ആദ്യ കിക്കെടുത്ത കാര്‍വഹാളിന് പിഴച്ചില്ല. എന്നാല്‍ അടുത്ത അത്‌ലറ്റികോയുടെ കിക്കെടുത്ത സോളിന് പിഴച്ചു. പിന്നാലെ റോഡ്രിഗോ ലക്ഷ്യം കണ്ടതോടെ റയലിന് 2-0ലീഡ്. തോമസ് പാര്‍ട്ടിയുടെ കിക്ക് കോത്വ തട്ടിയകറ്റിയതോടെ റയലിന് ആത്മവിശ്വാസമായി. മൂന്നാം കിക്കെടുത്ത ലൂക്ക മോഡ്രിച്ചും അവസരം പാഴാക്കിയില്ല. ട്രിപ്പിയര്‍ പക്ഷേ അത്‌ലറ്റിക്കോയ്ക്ക് ആശ്വാസം നല്‍കി. സ്‌കോര്‍ 3-1. 

എന്നാല്‍ നിര്‍ണായകമായ നാലാം കിക്കെടുത്ത നായകന്‍ സെര്‍ജിയോ റാമോസ് ജയം പൂര്‍ത്തിയാക്കി. റയലിന്റെ 11ആം കിരീടവും. 2013 മുതല്‍ റയലും അത്‌ലറ്റിക്കോയും ഏറ്റുമുട്ടിയ അഞ്ച് ഫൈനലുകളും അധികസമയത്തേക്ക് നീണ്ടു എന്ന കൗതുകവും ബാക്കിയാവുന്നു.

click me!