റൊണാള്‍ഡോയോ മോഡ്രിച്ചോ?, ലോകവേദിയിൽ നിന്ന് ഇന്ന് ഒരാൾ അസ്തമിക്കും, വിധിനിർണായക രാത്രിയിലേക്ക് പോർച്ചുഗലും ക്രൊയേഷ്യയും

Published : Jul 02, 2026, 11:59 AM IST
Ronaldo-Modric

Synopsis

കരിയറിൽ നേടാത്തതായി ഒന്നുമില്ലാത്തവർ, പക്ഷേ ഒരു ലോകകപ്പ് കിരീടം മാത്രം ഇരുവരെയും ഇതുവരെ അനുഗ്രഹിച്ചിട്ടില്ല. ഇന്ന് ടൊറന്റോയിൽ മടങ്ങുമ്പോൾ ഒരാൾക്ക് ആ നിരാശ ജീവിതകാലം മുഴുവൻ ബാക്കിയാകും.

ടൊറന്‍റോ: ഫുട്ബോൾ ചരിത്രത്തിലെ രണ്ട് സമാനതകളില്ലാത്ത ഇതിഹാസങ്ങൾ. റയൽ മാഡ്രിഡിന്‍റെ സുവർണ്ണകാലത്ത് ഒരേ കുപ്പായത്തിൽ ഒന്നിച്ച് പൊരുതിയ ഉറ്റസുഹൃത്തുക്കൾ. പ്രായം നാൽപ്പതുകളിലെത്തി നിൽക്കുമ്പോഴും ലോകവേദിയിൽ തങ്ങളുടെ രാജ്യത്തിനായി നെഞ്ചുറപ്പോടെ പൊരുതുന്ന രണ്ട് പടനായകർ. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലൂക്ക മോഡ്രിച്ചും! ഫിഫ ലോകകപ്പിന്‍റെ നോക്കൗട്ടില്‍ കാനഡയിലെ ടൊറന്‍റോ സ്റ്റേഡിയത്തിൽ ഇന്ന് പോർച്ചുഗലും ക്രൊയേഷ്യയും നേർക്കുനേർ വരുമ്പോൾ കായികലോകം ശ്വാസമടക്കിയാണ് കാത്തിരിക്കുന്നത്. കാരണം, ഇന്ന് രാത്രി കഴിയുമ്പോൾ ഈ രണ്ടുപേരിൽ ഒരാൾക്ക് അത് കരിയറിലെ അവസാന ലോകകപ്പ് മത്സരമായി മാറും.

ക്രിസ്റ്റ്യാനോയ്ക്ക് ഇത് ആറാം ലോകകപ്പാണ്, മോഡ്രിച്ചിന് അഞ്ചാമത്തേതും. രണ്ടാളുടേതുമായി ആകെ 47 ലോകകപ്പ് മത്സരങ്ങളുടെ പാരമ്പര്യം. ആറ് ബാലൺ ഡി ഓർ പുരസ്കാരങ്ങൾ, ഒൻപത് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ (റൊണാൾഡോ-5, മോഡ്രിച്ച്-4). കരിയറിൽ നേടാത്തതായി ഒന്നുമില്ലാത്തവർ, പക്ഷേ ഒരു ലോകകപ്പ് കിരീടം മാത്രം ഇരുവരെയും ഇതുവരെ അനുഗ്രഹിച്ചിട്ടില്ല. ഇന്ന് ടൊറന്റോയിൽ മടങ്ങുമ്പോൾ ഒരാൾക്ക് ആ നിരാശ ജീവിതകാലം മുഴുവൻ ബാക്കിയാകും.

പോർച്ചുഗലിന്‍റെ ഇതിഹാസ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പുറത്തേക്കുള്ള വഴി ചിന്തിക്കാൻ പോലും കഴിയില്ല. കിരീടമില്ലെങ്കിൽ തന്‍റെ ഇതിഹാസ പദവി പൂർണ്ണമാകില്ലെന്ന് ഉറച്ചുവിശ്വസിക്കുന്ന റൊണാൾഡോയ്ക്ക് പക്ഷേ ഈ ലോകകപ്പിൽ കാര്യങ്ങൾ അത്ര പന്തിയല്ല. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളിയിലും മുഴുവൻ സമയവും കളിച്ചിട്ടും കളിയിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ഉസ്ബെക്കിസ്ഥാനെതിരെ നേടിയ രണ്ട് ഗോളുകൾ മാറ്റിനിർത്തിയാൽ ഒരു അസിസ്റ്റ് പോലും 41കാരനായ റൊണാള്‍ഡോയുടെ പേരിലില്ല.

മത്സരങ്ങൾക്ക് മുൻപ് ആരാധകർ ആവേശത്തോടെ ഏറ്റുവിളിച്ച അയാം ബാക്ക് എന്ന വാചകം പോലും ഇപ്പോൾ വിമർശകരുടെ പരിഹാസച്ചുവയുള്ള ട്രോളുകളായി മാറിക്കഴിഞ്ഞു. അതിനൊക്കെയപ്പുറം കരിയറിൽ ഇന്നേവരെ ഒരു ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ പോലും ഗോൾ നേടാൻ റൊണാൾഡോയ്ക്ക് കഴിഞ്ഞിട്ടില്ല എന്ന കറുത്ത ചരിത്രവുമുണ്ട്. ഇന്ന് ആ ചരിത്രം തിരുത്തിയില്ലെങ്കിൽ, മോഹഭംഗങ്ങളുടെ കാർമേഘങ്ങൾക്കിടയിൽ ഫുട്ബോൾ ലോകത്തെ ആ സൂര്യൻ എന്നെന്നേക്കുമായി അസ്തമിക്കും.

മറുഭാഗത്ത്, ലൂക്ക മോഡ്രിച്ച് വെറുമൊരു കളിക്കാരനല്ല, ക്രൊയേഷ്യൻ ഫുട്ബോളിന്‍റെ ഉയിരാണ്. ഒന്നുമില്ലായ്മയിൽ നിന്ന് അവരെ 2018-ൽ ലോകകപ്പിന്‍റെ റണ്ണേഴ്സ് അപ്പാക്കിയ, 2022-ൽ സെമിഫൈനൽ വരെ എത്തിച്ച മാന്ത്രികൻ. കളി മൈതാനത്ത് ലൂക്കയുടെ സാന്നിധ്യം തന്നെ ടീമംഗങ്ങൾ ആഘോഷമാക്കാറുണ്ട്. പ്രായം മുപ്പതുകളുടെ അവസാനത്തിൽ നിന്ന് നാൽപ്പതിലേക്ക് എത്തുമ്പോൾ സ്വാഭാവികമായും വേഗതയ്ക്ക് മൂർച്ച കുറയുന്നുണ്ടെങ്കിലും, ഈ ലോകകപ്പ് യാത്ര എവിടെ അവസാനിച്ചാലും മോഡ്രിച്ചിനെ ക്രൊയേഷ്യൻ ജനത തോളിലേറ്റി മാത്രമേ യാത്രയാക്കൂ. കാരണം അവർക്കയാൾ അത്രമേൽ പ്രിയപ്പെട്ടവനാണ്.

റയൽ മാഡ്രിഡിൽ ഒന്നിച്ച് ചരിത്രം രചിച്ചവർ ഇന്ന് പരസ്പരം പോരടിക്കുമ്പോൾ ഫുട്ബോൾ ലോകത്തിന്റെ കണ്ണ് നിറയുമെന്നുറപ്പാണ്. ഇവരിൽ ആർക്കാണ് വിധി നേരം നീട്ടിനൽകുക?. പോർച്ചുഗലിന്‍റെ ഗോൾവേട്ടക്കാരനോ അതോ ക്രൊയേഷ്യയുടെ മിഡ്‌ഫീൽഡ് ജനറലോ? ആരാകും ഈ രാത്രിയുടെ കണ്ണീരും സങ്കടവുമായി ലോകകപ്പ് വേദിയോട് വിടപറയുക? കാത്തിരുന്ന് കാണാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബെല്ലിംഗ്ഹാമിന്‍റെ ആ ആലിംഗനത്തിലുണ്ട് എല്ലാം; ഇംഗ്ലണ്ടിന്‍റെ വമ്പന്മാർക്ക് മുന്നിൽ വൻമതിലായി ലയണൽ എംപാസി
ലോകകപ്പ് വേദിയെ കണ്ണീരിലാഴ്ത്തി കോംഗോ പരിശീലകൻ; വാർത്താസമ്മേളനത്തിനിടെ അറിഞ്ഞത് പിതാവിന്‍റെ വിയോഗവാർത്ത