ചെൽസി വിടാൻ എൻസോ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ആവശ്യപ്പെട്ട 120 മില്യൺ പൗണ്ട് നൽകാൻ മാഞ്ചസ്റ്റർ സിറ്റിയോ റയൽ മാഡ്രിഡോ തയ്യാറാകാത്തതിനെ തുടർന്നാണ് താരം ലണ്ടനിൽ തന്നെ തുടരുന്നത്.
ലണ്ടൻ: ട്രാന്‍സ്ഫര്‍ വിവാദത്തിനിടെ ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ കളിക്കാനിറങ്ങിയ അർജന്‍റീന മധ്യനിര താരം എൻസോ ഫെർണാണ്ടസിനെ കൂവലോടെ വരവേറ്റ് ആരാധകര്‍. പ്രീ-സീസണിലെ അവസാന സൗഹൃദ മത്സരത്തിൽ റയൽ സോസിഡാഡിനെതിരെ കളത്തിലിറങ്ങിയപ്പോഴാണ് ഗ്യാലറിയില്‍ നിന്ന് കൂവലുയര്‍ന്നത്. അതേസമയം സ്റ്റേഡിയത്തിലെ മറ്റൊരു വിഭാഗം ആരാധകർ എനേ്‍സോയെ പിന്തുണച്ച് മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.
മത്സരത്തിന്‍റെ 62-ാം മിനിറ്റിൽ നായകൻ റീസ് ജെയിംസിന് പകരക്കാരനായാണ് എൻസോ മൈതാനത്തിറങ്ങിയത്. ട്രാൻസ്ഫർ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ചെൽസി നൽകിയ സമയപരിധി അവസാനിച്ചതിന് തൊട്ടടുത്ത ദിവസമായിരുന്നു ഈ മത്സരം. ചെൽസി വിടാൻ എൻസോ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ആവശ്യപ്പെട്ട 120 മില്യൺ പൗണ്ട് നൽകാൻ മാഞ്ചസ്റ്റർ സിറ്റിയോ റയൽ മാഡ്രിഡോ തയ്യാറാകാത്തതിനെ തുടർന്നാണ് താരം ലണ്ടനിൽ തന്നെ തുടരുന്നത്.
ആരാധകരിൽ ചിലർ കൂവിയെങ്കിലും സഹതാരങ്ങൾ എൻസോയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. മൈതാനം വിടുമ്പോൾ ക്യാപ്റ്റൻ റീസ് ജെയിംസ് എൻസോയെ ആലിംഗനം ചെയ്ത് ക്യാപ്റ്റന്‍റെ ആംബാൻഡ് കൈമാറി. പിന്നീട് എൻസോ പന്ത് തൊടുമ്പോഴെല്ലാം ആർപ്പുവിളികളും കൂവലുകളും ഒരുപോലെ ഗാലറിയിൽ നിന്ന് ഉയർന്നു. വിവാദങ്ങൾക്കിടയിലും പുതിയ പരിശീലകൻ സാബി അലോൺസോയ്ക്ക് കീഴിൽ മികച്ച പ്രകടനമാണ് ചെൽസി കാഴ്ചവെച്ചത്. മത്സരത്തില്‍ റയൽ സോസിഡാഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ചെൽസി തോൽപ്പിച്ചു. ഇരട്ട ഗോളുകളുമായി ഷാവോ പെഡ്രോ തിളങ്ങിയപ്പോൾ മോർഗൻ റോജേഴ്സും ചെൽസിക്കായി ഗോൾ നേടി. പ്രീ-സീസണിൽ പെഡ്രോയുടെ ഗോൾ നേട്ടം എട്ടായി ഉയർന്നു. സോസിഡാഡിന്‍റെ ആശ്വാസ ഗോൾ ജോൺ അറംബുരു സ്വന്തമാക്കി.
ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരായ അര്‍ജന്‍റീനയുടെ സമനില ഗോൾ നേടിയത് എന്‍സോയായിരുന്നു. ഫൈനലില്‍ സ്പെയിനിനെതിരെ ചുവപ്പുകാര്‍ഡ് കണ്ട് എന്‍സോ പുറത്തായത് അര്‍ജന്‍റീനയുടെ തോല്‍വിയില്‍ നിര്‍ണായകമാകുകയും ചെയ്തു. ഓഗസ്റ്റ് 24-ന് ഫുൾഹാമിനെതിരായ മത്സരത്തോടെയാണ് ചെൽസിയുടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്യാമ്പയിന് തുടക്കമാകുന്നത്. സെപ്റ്റംബർ 1-ന് ട്രാൻസ്ഫർ വിന്‍ഡോ അടക്കുന്നത് വരെ എൻസോയുടെ ഭാവി എന്താകുമെന്ന ആകാംഷയിലാണ് ഫുട്ബോൾ ലോകം.
