
ന്യൂയോര്‍ക്ക്: ലോകകപ്പിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ (ഡിആര്‍ കോംഗോ) ഇംഗ്ലണ്ടിനെതിരെ വീരോചിത പോരാട്ടം നടത്തി പുറത്തായതിന് പിന്നാലെ പരിശീലകന്‍ സെബാസ്റ്റ്യൻ ഡെസാബ്രെയെ തേടിയെത്തിയത് മറ്റൊരു ദു:ഖ വാര്‍ത്ത. മത്സരശേഷം മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ ഡെസാബ്രെ തന്‍റെ പിതാവിന്‍റെ വിയോഗവാർത്ത തത്സമയം അറിയുന്ന നിമിഷത്തിനാണ് ലോകകപ്പ് പ്രസ് കോൺഫറൻസ് ഇന്നലെ സാക്ഷ്യം വഹിച്ചത്.
മത്സരത്തിലെ തോൽവിയുടെ നിരാശയിലും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് തികഞ്ഞ സംയമനത്തോടെ മറുപടി നൽകുകയായിരുന്നു ഡെസാബ്രെ. എന്നാൽ വാർത്താസമ്മേളനത്തിന്‍റെ അവസാന നിമിഷങ്ങളിൽ കോംഗോ ടീമിന്‍റെ പ്രസ് ഓഫീസർ മൈക്കിലൂടെ ഫ്രഞ്ച് ഭാഷയിൽ ആ ദൗർഭാഗ്യകരമായ പ്രഖ്യാപനം നടത്തി. എല്ലാവർക്കും നന്ദി, എന്നാൽ ഞങ്ങൾക്ക് ഒരു കാര്യം അറിയിക്കാനുണ്ട്. നമ്മുടെ കോച്ചിന്‍റെ പിതാവ് മരണപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നു.
ഈ വാക്കുകൾ കേട്ട് ഏതാനും നിമിഷങ്ങൾ ഡെസാബ്രെ പൂർണ്ണമായും സ്തബ്ധനായി ഇരുന്നു. ക്യാമറകൾക്ക് മുന്നിൽ തന്‍റെ വികാരങ്ങൾ നിയന്ത്രിക്കാൻ പാടുപെട്ട ഡെസാബ്രെ, വിറയ്ക്കുന്ന ശബ്ദത്തോടെ നന്ദി എന്ന് മാത്രം പറഞ്ഞ് പെട്ടെന്ന് തന്നെ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് എഴുന്നേറ്റുപോയി. വിവരമറിഞ്ഞയുടൻ തന്നെ ഡെസാബ്രെ നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്ക് തിരിച്ചതായാണ് റിപ്പോർട്ടുകൾ.
Sebastien Desabre, Congo manager and so far best of World Cup, learned just before game v England that his dad passed away.
Here press officer announcing it at the end of presser.
Desabre’s facial expression couldn’t be painted not even by Leonardo pic.twitter.com/GNVJhMFrQz— Tancredi Palmeri (@tancredipalmeri) July 2, 2026
വ്യക്തിപരമായ വലിയൊരു ദുരന്തത്തോടെയാണ് ലോകകപ്പ് യാത്ര അവസാനിച്ചതെങ്കിലും, കോംഗോ ഫുട്ബോളിൽ ഒരു വിപ്ലവം സൃഷ്ടിച്ചാണ് 49-കാരനായ ഫ്രഞ്ച് പരിശീലകന്‍ സെബാസ്റ്റ്യൻ ഡെസാബ്രെ മടങ്ങുന്നത്. 1974-ന് ശേഷം (52 വർഷങ്ങൾക്ക് ശേഷം) ആദ്യമായാണ് കോംഗോ ലോകകപ്പിന് യോഗ്യത നേടുന്നത്. ഡെസാബ്രെയുടെ തന്ത്രങ്ങൾക്കുകീഴിൽ ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ ഗോളും, കന്നി വിജയവും, ചരിത്രത്തിലാദ്യമായി നോക്കൗട്ട് ഘട്ടത്തിലേക്കുള്ള പ്രവേശനവും കോംഗോ സ്വന്തമാക്കി.
മത്സരത്തിൽ കോംഗോ ഗോൾകീപ്പർ ലയണൽ എംപാസി നടത്തിയ അവിശ്വസനീയമായ സേവുകളും ഈ ലോകകപ്പിലെ മികച്ച പ്രതിരോധ പ്രകടനങ്ങളിലൊന്നായി വാഴ്ത്തപ്പെടും. തോറ്റെങ്കിലും ഞങ്ങൾ നിരാശരേക്കാൾ ഏറെ അഭിമാനികളാണ് എന്ന് വാർത്താസമ്മേളനത്തിൽ ഡെസാബ്രെ പറഞ്ഞ വാക്കുകൾ അന്വർത്ഥമാക്കുന്നതായിരുന്നു കോംഗോയുടെ ഈ ലോകകപ്പ് ടൂർണമെന്‍റ്.
നോക്കൗട്ട് പോരാട്ടത്തില്‍(റൗണ്ട് ഓഫ് 32) കരുത്തരായ ഇംഗ്ലണ്ടിനെതിരെ അവിശ്വസനീയമായ പോരാട്ടമാണ് കോംഗോ കാഴ്ചവെച്ചത്. ഏഴാം മിനിറ്റിൽ ഗോൾ നേടി മത്സരത്തിന്‍റെ 75-ാം മിനിറ്റ് വരെ 1-0 എന്ന സ്കോറിന് കോംഗോ ലീഡ് നിലനിർത്തിയിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് ഫുട്ബോൾ ലോകം പ്രതീക്ഷിച്ചിരിക്കെയാണ് ഇംഗ്ലീഷ് നായകൻ ഹാരി കെയ്ൻ വില്ലനായി എത്തിയത്. 75-ാം മിനിറ്റിൽ സമനില ഗോളും, പിന്നീട് 86-ാം മിനിറ്റിൽ വിജയഗോളും നേടി ഹാരി കെയ്ൻ ഇംഗ്ലണ്ടിന് 2-1 ന്‍റെ നാടകീയ വിജയം സമ്മാനിച്ചു. ഇതോടെ കോംഗോയുടെ ലോകകപ്പ് സ്വപ്നങ്ങൾ പ്രീ-ക്വാർട്ടറിന് തൊട്ടരികെ അവസാനിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!