ഇക്കുറി സലായെ പിന്തള്ളി! മാനേ ആഫ്രിക്കൻ ഫുട്ബോൾ രാജാവ്

By Web TeamFirst Published Jan 8, 2020, 10:35 AM IST
Highlights

2017ലും 2018ലും പുരസ്‌കാരം ലഭിച്ചത് ലിവർപൂള്‍ സഹതാരം മുഹമ്മദ് സലായ്‌ക്ക് ആയിരുന്നു

ഹർഗാദ സിറ്റി: ലിവർപൂളിന്റെ സെനഗൽ താരം സാദിയോ മാനേ ആഫ്രിക്കന്‍ ഫുട്ബോളര്‍ ഓഫ് ദ് ഇയര്‍. ലിവര്‍പൂള്‍ സഹതാരവും ഈജിപ്ഷ്യന്‍ സ്‌ട്രൈക്കറുമായ മുഹമ്മദ് സലായെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ അല്‍ജീരിയന്‍ താരം റിയാദ് മെഹ്‌റസിനെയും പിന്തള്ളിയാണ് മാനേയുടെ നേട്ടം. കഴിഞ്ഞ രണ്ട് തവണയും സലായ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു സാദിയോ മാനേ.

സെനഗലിനെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലിലെത്തിച്ചിരുന്നു മാനേ. കഴിഞ്ഞ തവണ ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ചു. പ്രീമിയര്‍ ലീഗിലും 2019 മാനേയ്‌ക്ക് സുവര്‍ണ വര്‍ഷമായിരുന്നു. 36 മത്സരങ്ങളില്‍ നിന്ന് 24 ഗോളും ആറ് അസിസ്റ്റും നേടി. സലാ 34 കളികളില്‍ 18 ഗോളും അഞ്ച് അസിസ്റ്റും കുറിച്ചപ്പോള്‍ മെഹ്‌റസിന് 24 മത്സരങ്ങളില്‍ ഏഴുവീതം ഗോളും അസിസ്റ്റുമേയുള്ളൂ. മാനേയും സലായും മെഹ‌റസും ടീം ഓഫ് ദ് ഇയറില്‍ ഇടംപിടിച്ചിട്ടുണ്ട്. പിയറി എമറിക് ഔബമയാങ്, ജോയല്‍  മാറ്റിപ് തുടങ്ങിവരും ടീമിലുണ്ട്. 

എൽ ഹാജി ദിയോഫിനു ശേഷം ആഫ്രിക്കന്‍ ഫുട്ബോളര്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരം നേടുന്ന സെനഗൽ താരമാണ് മാനേ. 2002ലാണ് എൽ ഹാജി ദിയോഫ് പുരസ്‌കാരത്തിന് അര്‍ഹനായത്. ഈജിപ്‌തിലെ ഹർഗാദ സിറ്റിയിൽ നടന്ന ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ സമ്മേളനത്തിൽ വച്ചായിരുന്നു മാനേയ്‌ക്ക് പുരസ്‌കാരം കൈമാറിയത്. 
 

click me!