
കൊല്‍ക്കത്ത: മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് കല്‍ക്കത്ത ലീഗ് കിരീടപ്പോരില്‍ മോഹന്‍ ബഗാന്റെ രക്ഷകനായി! മുഹമ്മദന്‍സിനെതിരെ ടീം പത്ത് പേരായി ചുരുങ്ങുകയും, ഒരു ഗോളിന് പിറകില്‍ പോവുകയും ചെയ്‌തപ്പോള്‍, സഹല്‍ ഗോള്‍ നേടി, തിരിച്ചുവരവൊരുക്കി. ലീഡ് ഗോളടിച്ചതും സഹലായിരുന്നു. മിഡ്‌ഫീല്‍ഡില്‍ സഹല്‍ അധ്വാനിച്ചു കളിച്ചതോടെ എതിര്‍ ടീമിന് ഇടക്ക് വെച്ച ലഭിച്ച ആധിപത്യം നഷ്ടമായി. സഹല്‍ ഇംപാക്ടില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് എട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കല്‍ക്കട്ട ഫുട്‌ബോള്‍ ലീഗ് (സിഎഫ്‌എല്‍) പ്രീമിയര്‍ ഡിവിഷന്‍ കിരീടത്തില്‍ മുത്തമിട്ടു. ബരാസത് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനലില്‍ മുഹമ്മദന്‍ എസ് സിയെ 3-2ന് തോല്‍പ്പിച്ചാണ് ബഗാന്‍ അവരുടെ 31ാം സി എഫ് എല്‍ കിരീടം സ്വന്തമാക്കിയത്. പത്ത് പേരായി ചുരുങ്ങിയിട്ടും, ബഗാന്‍ എതിര്‍വല കുലുക്കിയത് പോരാട്ടവീര്യം പുറത്തെടുത്തിട്ടായിരുന്നു. 2018ന് ശേഷം ആദ്യമായാണ് ക്ലബ്ബ് കല്‍ക്കത്ത ലീഗില്‍ ജേതാക്കളാകുന്നത്.
ആരുടെയും വ്യക്തിപരമായ പ്രകടനം കൊണ്ടല്ല ബഗാന്റെ കിരീട വിജയം. ഇത് ടീം വര്‍ക്കിന്റെ ജയമാണ് - സഹല്‍ മത്സരശേഷം പ്രതികരിച്ചു. വരാനിരിക്കുന്ന ഐ എഫ് എ ഷീല്‍ഡ്, ഐ എസ് എല്‍ ടൂര്‍ണമെന്റുകള്‍ക്കുള്ള ഒരുക്കങ്ങള്‍ക്ക് ഊര്‍ജമേകുന്നതാണ് ലീഗ് ജയമെന്ന് സഹല്‍ പറഞ്ഞു.
സഹലിന്റെ ഹെഡ്ഡര്‍ ഗോളുകള്‍...
മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പിറകിലായിട്ടും, ബഗാന്‍ തിരിച്ചുവരവ് നടത്തിയത് ഇന്ത്യന്‍ മിഡ്‌ഫീല്‍ഡിലെ സുല്‍ത്താനായ സഹല്‍ അബ്ദുള്‍ സമദിന്റെ രണ്ട് ഹെഡ്ഡര്‍ ഗോളുകളിലൂടെയാണ്. 26,70 മിനുട്ടുകളിലായിരുന്നു സഹലിന്റെ ഗോളുകള്‍. അമ്പത്തൊമ്പതാം മിനുട്ടില്‍ ഗോള്‍കീപ്പര്‍ ദീപ്രോഭത് ഘോഷ് ചുവപ്പ് കാര്‍ഡ് കണ്ടത് ബഗാന് തിരിച്ചടിയായി. സഹലിന്റെ ഗോളില്‍ ബഗാനാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍, ലാല്‍റെംസാംഗ ഫനായ് (42), മഹിതോഷ് റോയ് (63) എന്നിവര്‍ നേടിയഗോളുകളില്‍ മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് മുന്നില്‍ കയറി. മഹിതോഷിന്റെ ഗോള്‍ ബഗാന്‍ ഗോളി ദീപ്രോഭത് ഘോഷിന് റെഡ് കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്നുണ്ടായ പെനാല്‍റ്റിയിലൂടെ ആയിരുന്നു. പത്ത്‌പേരായി ചുരുങ്ങിയ ബഗാന്‍, എഴ് മിനുട്ടിനുള്ളില്‍ സഹലിന്റെ ഗോളില്‍ സമനില പിടിച്ചു (2-2). എഴുപത്തിനാലാം മിനുട്ടില്‍ യുവ സ്‌ട്രൈക്കര്‍ സയാന്‍ ബാനര്‍ജിയിലൂടെ ബഗാന്‍ നാടകീയ ജയം സ്വന്തമാക്കി. കഴിഞ്ഞ രണ്ട് സീസണുകളിലും ഈസ്റ്റ്‌ബംഗാളിന്റെ താരമായിരുന്ന സയാന്‍ ബാനര്‍ജിയുടെ ഗോള്‍ ബഗാന്‍ ആരാധകര്‍ ശരിക്കും ആഘോഷമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!