
ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളം പുറത്ത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ കരുത്തരായ പഞ്ചാബിനോട് സമനില വഴങ്ങിയതാണ് ചാമ്പ്യന്‍മാര്‍ക്ക് പുറത്തേക്കുള്ള വഴി തുറന്നത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 24-ാം മിനിറ്റിൽ വിശാഖ് മോഹനന്‍ മുന്നിലെത്തിച്ച ശേഷമാണ് കേരളം സമനില വഴങ്ങിയത്. സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ പഞ്ചാബിനെതിരെ കേരളത്തിന് ജയം അനിവാര്യമായിരുന്നു. പഞ്ചാബും കര്‍ണാടകയും ഗ്രൂപ്പ് എയില്‍ നിന്ന് സെമിയിലെത്തി. ആതിഥേയരായ ഒഡിഷയെ 2-2ന് സമനില പിടിച്ചാണ് കര്‍ണാടക സെമിക്ക് യോഗ്യരായത്.
ഗ്രൂപ്പ് എയിലെ എല്ലാ മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ അഞ്ച് കളികളില്‍ മൂന്ന് ജയവും രണ്ട് സമനിലയും സഹിതം 11 പോയിന്‍റുമായി പഞ്ചാബ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലെത്തി. രണ്ടാംസ്ഥാനം ഉറപ്പിച്ച കര്‍ണാടകയ്ക്കുള്ളത് രണ്ട് ജയവും മൂന്ന് സമനിലയും ഉള്‍പ്പടെ 9 പോയിന്‍റും. കേരളത്തിന് രണ്ട് വീതം ജയവും സമനിലയുമായി എട്ട് പോയിന്‍റിലെത്താനേ കഴിഞ്ഞുള്ളൂ. ബി ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരങ്ങള്‍ നാളെയാണ്. നാല് കളികളില്‍ 10 പോയിന്‍റോടെ സര്‍വീസസാണ് നിലവില്‍ മുന്നില്‍.
കിരീടം നിലനിര്‍ത്താനാവാതെ...
കഴിഞ്ഞ വര്‍ഷം മലപ്പുറം വേദിയായ ടൂര്‍ണമെന്‍റില്‍ കേരളമായിരുന്നു ചാമ്പ്യന്‍മാര്‍. പയ്യനാട് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ നടന്ന സന്തോഷ് ട്രോഫി ഫൈനലിൽ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തകർത്ത് കേരളം ഏഴാം കിരീടം സ്വന്തമാക്കുകയായിരുന്നു. നിശ്ചിത സമയം ഗോള്‍രഹിതമായി മാറിയ മത്സരത്തില്‍ എക്‌സ്‌ട്രാടൈമിന്‍റെ ഏഴാം മിനിറ്റില്‍ ദിലീപ് ഓര്‍വനിലൂടെ ബംഗാള്‍ ലീഡെടുത്തു. എക്‌സ്‌ട്രാടൈം തീരാന്‍ നാല് മിനിറ്റ് ബാക്കിയിരിക്കെ വലതുവിങ്ങില്‍ നിന്ന് നൗഫല്‍ നല്‍കിയ ക്രോസില്‍ പകരക്കാരനായി എത്തിയ സഫ്‌നാദ് ഉഗ്രന്‍ ഹെഡറിലൂടെ കേരളത്തെ ഒപ്പമെത്തിച്ചതോടൊണ് കലാശപ്പോര് കഴിഞ്ഞകുറി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ബംഗാളിനെ എറിഞ്ഞിട്ട് ഉനദ്‌കട്ട്; സൗരാഷ്‌ട്രക്ക് രഞ്ജി ട്രോഫി കിരീടം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!