സൗരാഷ്ട്രയുടെ അര്‍പിത് വസവാഡ ടൂര്‍ണമെന്‍റിന്‍റെ താരമായി തെരഞ്ഞെടുക്കപ്പെട്ടു

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സിലെരഞ്ജി ട്രോഫി ഫൈനലില്‍ ബംഗാളിനെ 9 വിക്കറ്റിന് തോല്‍പിച്ച് സൗരാഷ്‌ട്രക്ക് കിരീടം. കഴിഞ്ഞ മൂന്ന് സീസണുകളില്‍ സൗരാഷ്‌ട്രയുടെ രണ്ടാം കിരീടമാണിത്. രണ്ട് ഇന്നിംഗ്‌സുകളിലുമായി 9 വിക്കറ്റ് നേടി സൗരാഷ്‌ട്ര ക്യാപ്റ്റന്‍ ജയ്‌ദേവ് ഉനദ്‌കട്ട് ഫൈനലിലേയും സൗരാഷ്ട്രയുടെ തന്നെ അര്‍പിത് വസവാഡ ടൂര്‍ണമെന്‍റിന്‍റേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു. സ്കോര്‍: ബംഗാള്‍-174 & 241, സൗരാഷ്‌ട്ര-404 & 14/1. 

നാല് വിക്കറ്റിന് 169 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ബംഗാളിന് രണ്ടാം ഇന്നിംഗ്‌സില്‍ 70.4 ഓവറില്‍ 241 റണ്‍സേ നേടാനായുള്ളൂ. ജയ്‌ദേവ് ഉനദ്‌കട്ടിന്‍റെ ആറ് വിക്കറ്റും ചേതന്‍ സക്കരിയയുടെ മൂന്ന് വിക്കറ്റുമാണ് ബംഗാളിനെ തരിപ്പണമാക്കിയത്. ക്യാപ്റ്റന്‍ മനോജ് തിവാരിയും(68), അനുസ്‌ത്യൂപ് മജുംദാറും(61) അര്‍ധ സെഞ്ചുറി നേടിയത് മാത്രമാണ് ബംഗാളിന്‍റെ ഭേദപ്പെട്ട പ്രകടനം. ഇതോടെ മുന്നിലെത്തിയ 12 റണ്‍സ് വിജയലക്ഷ്യം 2.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടപ്പെടുത്തി സൗരാഷ്‌ട്ര സ്വന്തമാക്കി. ജയ് ഗോഹില്‍ റണ്ണൊന്നും നേടാതെ പുറത്തായപ്പോള്‍ ഹാര്‍വിക് ദേശായിയും(4*), വിശ്വരാജ് ജഡേജയും(10*) സൗരാഷ്‌ട്രക്ക് അര്‍ഹമായ കിരീടം സമ്മാനിച്ചു. 

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ബംഗാളിന് 54.1 ഓവറില്‍ 174 റണ്‍സേ നേടാനായുള്ളൂ. 69 റണ്‍സുമായി ഷഹ്‌ബാസ് അഹമ്മദും 50 റണ്‍സെടുത്ത അഭിഷേക് പോരെലുമായിരുന്നു ടോപ്പര്‍മാര്‍. ഉനദ്‌കട്ടും സക്കരിയയും മൂന്ന് വീതവും ചിരാഗ് ജാനിയും ധര്‍മ്മേന്ദ്ര സിംഗ് ജഡേജയും രണ്ടും വിക്കറ്റ് വീഴ്‌ത്തി. മറുപടി ബാറ്റിംഗില്‍ സൗരാഷ്‌ട്ര 110 ഓവറില്‍ 404 റണ്‍സുമായി വ്യക്തമായ മുന്‍തൂക്കം നേടിയിരുന്നു. ഹാര്‍വിക് ദേശായി(50), ഷെല്‍ഡന്‍ ജാക്‌സണ്‍(59), അര്‍പിത് വസവാഡ(81), ചിരാഗ് ജാനി(60) എന്നിവര്‍ സൗരാഷ്‌ട്രക്കായി അര്‍ധ സെഞ്ചുറികള്‍ നേടി. മുകേഷ് കുമാര്‍ നാലും ആകാശ് ദീപും ഇഷാന്‍ പോരെലും മൂന്ന് വീതവും പേരെ പുറത്താക്കി. 

രാജ്യാന്തര കരിയറില്‍ 25000 റണ്‍സ്; സാക്ഷാല്‍ സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് കിംഗ് കോലി