
റിയാദ്: ലോകകപ്പ് ഫുട്ബോളിൽ അർജന്റീനയെ തോൽപ്പിച്ചതിന്റെ ആഹ്ലാദസൂചകമായി സൗദിയിൽ നാളെ പൊതു അവധി. സ്വകാര്യ പൊതു മേഖല സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. ലോക ഫുട്‌ബോളിലെ കരുത്തന്മാരായ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സൗദി ടീം നേടിയ അട്ടിമറി വിജയത്തില്‍ ആവേശത്തിലാണ് രാജ്യത്തെ ഫുട്ബോൾ ആരാധകർ.
ലുസൈല്‍ സ്റ്റേഡിയത്തിലെ ആവേശപ്പോരില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഇരട്ട ഗോളുമായി സൗദി അറേബ്യയാണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാര്‍ക്ക് ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ നാണംകെട്ട തോല്‍വി സമ്മാനിച്ചത്. അര്‍ജന്‍റീനക്കായി ലിയോണല്‍ മെസിയും സൗദിക്കായി സലേ അല്‍ഷെഹ്‌രിയും സലീം അല്‍ദാവസാരിയും വലകുലുക്കി. സൗദി ഗോളി അല്‍ ഒവൈസിക്ക് മുന്നിലാണ് അര്‍ജന്‍റീന അടിയറവുപറഞ്ഞത്.
ആദ്യ മത്സരത്തില്‍ തന്നെ ആയുധപ്പുരയിലെ വജ്രായുധങ്ങളെ തന്നെ അര്‍ജന്‍റീന പരിശീലകന്‍ സ്‌കലോണി മൈതാനത്ത് അണിനിരത്തി. ലിയോണല്‍ മെസിയെയും ലൗറ്റാരോ മാര്‍ട്ടിനസിനേയും ആക്രമണത്തിന് നിയോഗിച്ച് 4-4-2 ശൈലിയില്‍ ലാറ്റിനമേരിക്കന്‍ പട കളത്തിറങ്ങിയപ്പോള്‍ ഏയ്ഞ്ചല്‍ ഡി മരിയയും റോഡ്രിഗോ ഡി പോളും ലിയാന്‍ഡ്രോ പരേഡസും പപു ഗോമസും മധ്യനിരയില്‍ കരുക്കള്‍ നീക്കാനെത്തി. പരിചയസമ്പന്നനായ ഒട്ടാമെന്‍ഡിക്കൊപ്പം ക്രിസ്റ്റ്യന്‍ റൊമേറോയും നഹ്വേല്‍ മൊളീനയും നിക്കോളാസ് ടാഗ്ലിഫിക്കോയും ഉള്‍ക്കൊള്ളുന്നതായിരുന്നു അതിശക്തമായ പ്രതിരോധം. ഒന്നാം നമ്പര്‍ ഗോളി എമിലിയാനോ മാര്‍ട്ടിനസ് ഗോള്‍ബാറിന് കീഴെയുമെത്തി.
രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ സൗദി ഇരട്ട മറുപടി നല്‍കിയതോടെ അര്‍ജന്‍റീനന്‍ പ്രതിരോധത്തിലെ പാളിച്ചകളെല്ലാം മറനീക്കി പുറത്തുവന്നു. 48-ാം മിനുറ്റില്‍ സലേ അല്‍ഷെഹ്‌രിയും 53-ാം മിനുറ്റില്‍ സലീം അല്‍ദാവസാരിയുമാണ് സൗദിക്കായി ഗോള്‍വല പൊട്ടിച്ചത്. പിന്നീട് പലതവണ അര്‍ജന്‍റീന തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സൗദി ഗോളി വിലങ്ങുതടിയായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!