
മഞ്ചേരി: ഹോം മാച്ചില്‍ തുടരെ രണ്ടാം മത്സരത്തിലും ഗോള്‍ വര്‍ഷിച്ച മലപ്പുറം എഫ് സിക്ക് മുന്നില്‍ കണ്ണൂര്‍ വാരിയേഴ്‌സിന് കനത്ത തോല്‍വി (3-0). ഈ വിജയത്തോടെ മലപ്പുറം സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. ലീഗ് പാതി പിന്നിടുമ്പോള്‍ അഞ്ച് കളികളില്‍ എട്ടു പോയിന്റാണ് മലപ്പുറത്തിന്. ഇത്രയും കളികളില്‍ ഏഴ് പോയിന്റുള്ള കണ്ണൂര്‍ നാലാം സ്ഥാനത്ത്.
മത്സരത്തിലെ ആദ്യ മികച്ച അവസരം16-ാം മിനിറ്റിൽ മലപ്പുറത്തിനാണ് ലഭിച്ചത്. വലതുവിങിൽ നിന്ന് ക്യാപ്റ്റൻ അമദു സുക്കൂന നൽകിയ പാസ് സ്വീകരിച്ച് മുന്നേറിയ എൽഫോർസിക്ക് മുന്നിൽ രണ്ട് സാധ്യതകളുണ്ടായിരുന്നു—സ്വയം ഷോട്ട് ഉതിർക്കുക, അല്ലെങ്കിൽ സഹതാരത്തിന് പന്ത് കൈമാറുക. എന്നാൽ തീരുമാനമെടുക്കാൻ വൈകിയതോടെ അവസരം നഷ്ടമായി.
19-ാം മിനിറ്റിൽ മലപ്പുറം ഗോൾ നേടി. മധ്യനിരയിൽ നിന്നുള്ള എൽഫോർസിയുടെ നീളൻ പാസ് കണ്ണൂർ പ്രതിരോധനിരയ്ക്ക് ഇടയിലൂടെ നുഴഞ്ഞുകയറിയ അമദു സുക്കൂന കൃത്യമായി നിയന്ത്രിച്ച ശേഷം പോസ്റ്റിലേക്ക് തിരിച്ചുവിട്ടു. മുന്നോട്ടുകയറി വന്ന ഗോളി ഹജ്മലിന്റെ കൈയിൽ തട്ടിയ പന്ത് വലയിൽ കയറി (1-0). സമനിലയ്ക്കായുള്ള കണ്ണൂരിന്റെ ശ്രമത്തിനിടെ ആൽവാരസിനും സിനാനും ലഭിച്ച അവസരങ്ങൾ മുതലാക്കാനായില്ല. ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്ത് മലപ്പുറം ലീഡ് രണ്ടാക്കി. എൽഫോർസിയുടെ കോർണർ കണ്ണൂർ പ്രതിരോധം ക്ലിയർ ചെയ്തെങ്കിലും പന്ത് ലഭിച്ച മുഹമ്മദ് മഹ്ദിയുടെ നിലംപറ്റെയുള്ള ഷോട്ട് ബോക്സിലെ ആൾക്കൂട്ടത്തിനിടയിലൂടെ വലയിലെത്തി (2-0).
മലപ്പുറത്തിന്റെ പ്രതിരോധത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മഷ്ഹൂർ ശരീഫ് രണ്ടാം പകുതിയുടെ തുടക്കത്തിൽ പരിക്കേറ്റ് കളംവിട്ടു. പകരം നിധിൻ കൃഷ്ണ ഇറങ്ങി. 59-ാം മിനിറ്റിൽ മലപ്പുറത്തിന്റെ മുഹമ്മദ് സാലിം ഉയർത്തിവിട്ട പന്ത് ക്രോസ്ബാറിലും ഗോളി ഹജ്മലിന്റെ കൈകളിലും തട്ടി മൈതാനത്തേക്ക് മടങ്ങി. 66-ാം മിനിറ്റിൽ മലപ്പുറത്തിന്റെ മൂന്നാം ഗോൾ. ബോക്സിനുള്ളിൽ നിന്നും കനത്ത ഷോട്ടിലൂടെ സ്കോർ ചെയ്തത് റാഷിദ്. രണ്ട് മത്സരങ്ങളിൽ താരത്തിന്റെ മൂന്നാം ഗോൾ. 90-ാം മിനിറ്റിൽ റാഷിദ് വീണ്ടും സ്കോർ ചെയ്തെങ്കിലും ഓഫ് സൈഡ് ഫ്ലാഗ് ഉയർന്നു.
ആറാം റൗണ്ടിലെ ആദ്യ മത്സരത്തിൽ വെള്ളിയാഴ്ച (ഒക്ടോബർ 30) ഫോഴ്‌സ കൊച്ചി എഫ്സി, തൃശൂർ മാജിക് എഫ്സിയുമായി മത്സരിക്കും. ഇരു ടീമുകളും ആദ്യ പാദത്തിൽ മത്സരിച്ചപ്പോൾ ഷൂട്ടൗട്ടിൽ (1-4) കൊച്ചിക്കായിരുന്നു ജയം. കൊച്ചി ജാവഹർലാൽ നെഹ്‌റു സ്റ്റേഡിയമാണ് വേദി. കിക്കോഫ് രാത്രി 7.30ന്.
മത്സരം തത്സമയം കാണാൻ: സീ5 (ഇന്ത്യ), ഇത്തിസാലാത്ത് ടിവി (യുഎഇ), സ്റ്റാർസ്പ്ലേ (മിഡിൽ ഈസ്റ്റ് & വടക്കേ ആഫ്രിക്ക മേഖല)
ടിക്കറ്റുകൾക്ക് https://www.superleaguekerala.com/tickets സന്ദർശിക്കുക. സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസുകളിലും ടിക്കറ്റ് ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്:https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!