ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരങ്ങള്‍ ഇന്ന് ലണ്ടനിൽ പ്രഖ്യാപിക്കും. ഹാരി കെയ്ന്‍, ലമീൻ യമാൽ, കിലിയൻ എംബാപ്പെ തുടങ്ങിയ പ്രമുഖരാണ് ഇത്തവണത്തെ പ്രധാന സാധ്യത പട്ടികയിലുള്ളത്.
ലണ്ടൻ: ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ബാലണ്‍ ഡി ഓര് ചരിത്രത്തിൽ ആദ്യമായി ഫ്രാൻസിന് പുറത്ത് ഇംഗ്ലണ്ടിലെ 'ലണ്ടൻ പാലാഡിയം' തിയേറ്ററാണ് പുരസ്കാര പ്രഖ്യാപനത്തിന് വേദിയാകുന്നത്. 1956-ൽ ആദ്യ ബാലൺ ഡി ഓർ സ്വന്തമാക്കിയ ഇംഗ്ലീഷ് ഇതിഹാസം സർ സ്റ്റാൻലി മാത്യൂസിനോടുള്ള ആദരസൂചകമായാണ് പുരസ്കാര ചടങ്ങ് ലണ്ടനിലേക്ക് മാറ്റിയത്.
സമീപകാല ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത മത്സരമാണ് ഇത്തവണ പുരസ്കാരത്തിനായുള്ളത്. സീസണിൽ ക്ലബ്ബിനും രാജ്യത്തിനുമായി 73 ഗോളുകൾ അടിച്ചുകൂട്ടുകയും ബയേൺ മ്യൂണിക്കിനൊപ്പം ഡൊമസ്റ്റിക് ട്രെബിൾ സ്വന്തമാക്കുകയും ചാമ്പ്യൻസ് ലീഗ്, ലോകകപ്പ് സെമിഫൈനലുകളിൽ എത്തുകയും ചെയ്ത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ന്‍, ബാഴ്സലോണയുടെ സ്പാനിഷ് കൗമാര താരം ലമീൻ യമാൽ, റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ എന്നിവരാണ് ബാലണ്‍ ഡി ഓറിനായി പ്രധാനമായും രംഗത്തുള്ളത്. സ്പെയിനിനൊപ്പം ലോകകപ്പും ബാഴ്സലോണയ്ക്കൊപ്പം ലാ ലിഗയും സ്വന്തമാക്കിയ യമാലിന്റെ കിരീടനേട്ടങ്ങൾ കൗമാരതാരത്തിന് സാധ്യത നൽകുന്നു. മ
റുവശത്ത് ലോകകപ്പിലും ചാമ്പ്യൻസ് ലീഗിലും ലാ ലിഗയിലും ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ എംബാപ്പെയുടെ വ്യക്തിഗത കണക്കുകളും എടുത്തുപറയേണ്ടതാണ്. ഇവർക്ക് പുറമേ ലിയോണൽ മെസി, ജൂഡ് ബെല്ലിംഗ്ഹാം, റോഡ്രി, മൈക്കൽ ഒലിസെ തുടങ്ങിയ പ്രമുഖരും പുരസ്കാരത്തിനായി മത്സരരംഗത്തുണ്ട്. വനിതാ-പുരുഷ വിഭാഗങ്ങളിലെ ബാലൺ ഡി ഓർ പുരസ്കാരങ്ങൾക്ക് പുറമേ മികച്ച യുവതാരം (കോപ ട്രോഫി), മികച്ച ഗോൾകീപ്പർ (യാഷിൻ ട്രോഫി), മികച്ച പരിശീലകർ, മികച്ച ക്ലബ്ബുകൾ, മികച്ച സ്ട്രൈക്കർ (ഗെർഡ് മുള്ളർ ട്രോഫി) എന്നിവർക്കുള്ള പുരസ്കാരങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങൾ മാനിച്ചു നൽകുന്ന സോക്രട്ടീസ് അവാർഡും ഉൾപ്പെടെ ആകെ 13 പുരസ്കാരങ്ങളാണ് വേദിയിൽ സമ്മാനിക്കുക.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഇന്ന് രാത്രി 11:30 മുതൽ പുരസ്കാര ചടങ്ങുകൾ ആരംഭിക്കും. ബാലൺ ഡി ഓർ ജേതാവിനെ ചൊവ്വാഴ്ച പുലർച്ചെ 01:30-ന് ശേഷമേ പ്രഖ്യാപിക്കൂ. ഇന്ത്യയിൽ ടെലിവിഷൻ ലൈവ് ചാനൽ സംപ്രേക്ഷണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും DAZN ആപ്പ്/വെബ്സൈറ്റ് വഴിയും ഔദ്യോഗിക ബാലൺ ഡി ഓർ വെബ്സൈറ്റ് വഴിയും ചടങ്ങുകൾ സൗജന്യമായി ലൈവ് സ്ട്രീം ചെയ്യാം.
വിനീഷ്യസ് ജൂനിയർ, ഏർലിംഗ് ഹാലൻഡ്, ഹാരി കെയ്ൻ, കിലിയൻ എംബാപ്പെ, ലമീൻ യമാൽ, ലിയോണൽ മെസി, റൊഡ്രി, ബ്രൂണോ ഫെർണാണ്ടസ്, ലൗട്ടാറോ മാർട്ടിനെസ്, ജൂലിയൻ ആൽവാരസ്, ഡെക്ലൻ റൈസ് തുടങ്ങിയ 30 പ്രമുഖ താരങ്ങളാണ് ഇത്തവണ പുരുഷ വിഭാഗത്തിലെ അന്തിമ നാമനിർദ്ദേശ പട്ടികയിലുള്ളത്.





