
ന്യൂയോര്‍ക്ക്: ലോകകപ്പ് നോക്കൗട്ട് പോരാട്ടത്തിൽ ബെൽജിയത്തോട് നാടകീയമായി തോറ്റ് പുറത്തായതിന് പിന്നാലെ സെനഗൽഫുട്ബോൾ ടീമിൽ വൻ ആഭ്യന്തര കലഹം. നിലവിലെ കോച്ചിങ് സ്റ്റാഫിന് കീഴിൽ ഇനി താൻ സെനഗൽ ദേശീയ ടീമിനായി ബൂട്ട് കെട്ടില്ലെന്ന് പ്രഖ്യാപിച്ച് മിഡ്‌ഫീൽഡർ പപ്പെ ഗായെ രംഗത്തെത്തി. അവസാന അഞ്ച് മിനിറ്റിൽ കളി കൈവിട്ട് ദുരന്തപൂർണ്ണമായി സെനഗൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് ടീം മാനേജ്‌മെന്‍റിനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് താരം താൽക്കാലിക വിരമിക്കൽ പ്രഖ്യാപിച്ചത്.
മത്സരത്തിന് പിന്നാലെ തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പപ്പെ ഗായെ പരിശീലകർക്കെതിരെ തിരിഞ്ഞത്. ഈ ലോകകപ്പ് പുറത്താകലിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ പിന്നീട് വരാം. എന്നാൽ നിലവിലെ ടെക്നിക്കൽ സ്റ്റാഫ് (കോച്ചുമാർ) ഈ സ്ഥാനത്ത് തുടരുന്നിടത്തോളം കാലം ഞാൻ ദേശീയ ടീമിൽ നിന്ന് ഒരു ഇടവേള എടുക്കുകയാണെന്ന് ഇപ്പോൾ പ്രഖ്യാപിക്കുന്നു, ഗായെ കുറിച്ചു. നിലവിൽ സ്പാനിഷ് ക്ലബ്ബ് വിയ്യാറയലിന്‍റെ താരമായ 27-കാരൻ ഗായെ, ഗ്രൂപ്പ് ഘട്ടത്തിൽ ഇറാഖിനെതിരെ സെനഗൽ 5-0 ന് ജയിച്ച മത്സരത്തിൽ രണ്ട് ഗോളുകൾ നേടി മാച്ച് ഓഫ് ദി മാച്ച് ആയിരുന്നു. എന്നാൽ കുറിപ്പിൽ മുഖ്യപരിശീലകൻ പപ്പെ തിയാവിന്‍റെ പേര് താരം നേരിട്ട് പരാമർശിച്ചിട്ടില്ല.
അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ബെൽജിയത്തിനെതിരായ മത്സരത്തിൽ 51-ാം മിനിറ്റ് വരെ ഹബീബ് ദിയാര, ഇസ്മായില സാർ എന്നിവരുടെ ഗോളുകളിൽ സെനഗൽ 2-0 ന് മുന്നിലായിരുന്നു. പ്രീ-ക്വാർട്ടർ ഉറപ്പിച്ചെന്ന് കരുതിയ നിമിഷത്തിൽ നിന്നാണ് ആഫ്രിക്കൻ കരുത്തർക്ക് പിഴച്ചത്. 64-ാം മിനിറ്റിൽ മികച്ച ഫോമിലായിരുന്ന പപ്പെ ഗായെയെ കോച്ച് പിൻവലിച്ചതോടെ സെനഗലിന്‍റെ താളം തെറ്റി. 86-ാം മിനിറ്റിൽ റൊമേലു ലുകാകുവും 89-ാം മിനിറ്റിൽ യൂറി ടീലമാൻസും ഗോളടിച്ചതോടെ ബെൽജിയം മത്സരത്തിലേക്ക് തിരിച്ചുവന്നു. തുടർന്ന് അധികസമയത്തിന്റെ ഇഞ്ചുറി ടൈമില്‍ (125-ാം മിനിറ്റ്) ടീലമാൻസ് നേടിയ പെനാൽറ്റി ഗോളിലൂടെ 3-2 ന് ബെൽജിയം വിജയം പിടിച്ചെടുക്കുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വൈകിയുള്ള വിന്നിങ് ഗോളാണിത്.
സെനഗൽ ഫുട്ബോളിനെ സംബന്ധിച്ച് വിവാദങ്ങൾ നിറഞ്ഞ ഒരു വർഷമാണിത്. കഴിഞ്ഞ ജനുവരിയിൽ നടന്ന ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ടൂർണമെന്‍റിൽ മൊറോക്കോയ്‌ക്കെതിരെ ഗായെയുടെ ഗോളിൽ സെനഗൽ കിരീടം നിലനിർത്തിയെന്ന് കരുതിയെങ്കിലും പിന്നീട് നടന്ന കടുത്ത നിയമപോരാട്ടത്തിൽ ആ കിരീടം സെനഗലിന് നഷ്ടമാകുന്ന അഭൂതപൂർവ്വമായ സംഭവമുണ്ടായി. മൊറോക്കോയിൽ നടന്ന ആ ടൂർണമെന്‍റിന്റിൽ, ഇഞ്ചുറി ടൈമിൽ മൊറോക്കോയ്ക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചപ്പോൾ കോച്ച് പപ്പെ തിയാവ് തന്‍റെ ടീമിനെയും വിളിച്ച് കളി ബഹിഷ്കരിച്ചിരുന്നു. തുടര്‍ന്ന് 15 മിനിറ്റോളം കളി തടസപ്പെട്ടു. പിന്നീട് കളി പുനരാരംഭിക്കുകയും മൊറോക്കോയുടെ പെനാൽറ്റി സെനഗൽ ഗോളി തടുക്കുകയും ചെയ്തു. എന്നാൽ കളിക്ക് ശേഷം ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ നടത്തിയ അച്ചടക്ക നടപടിയിൽ, കളി നിർത്തിവെച്ചതിന് സെനഗലിനെ തോറ്റതായി പ്രഖ്യാപിക്കുകയും കോച്ച് തിയാവിന് 5 മത്സരങ്ങളിൽ വിലക്കേർപ്പെടുത്തുകയും ചെയ്തു.
ഇതിനെതിരെ സ്വിറ്റ്‌സർലൻഡിലെ സ്പോർട്സ് ആർബിട്രേഷൻ കോടതിയെ സമീപിച്ച് അപ്പീൽ കാത്തിരിക്കുകയാണ് സെനഗൽ. അതിനിടയിലാണ് ലോകകപ്പിലെ നാടകീയ പുറത്താകലും ടീമിനുള്ളിലെ പൊട്ടിത്തെറിയും ആഫ്രിക്കൻ ഫുട്ബോളിനെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഈ ടൂർണമെന്‍റിൽ 10 ഗോളുകൾ നേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന റെക്കോർഡ് സെനഗൽ സ്വന്തമാക്കിയെങ്കിലും ടീമിലെ ആഭ്യന്തര കലഹം ഈ നേട്ടങ്ങളുടെ തിളക്കം കെടുത്തുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!