Sergio Aguero‌|സെര്‍ജിയോ അഗ്യൂറോ ഫുട്ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Nov 12, 2021, 6:08 PM IST
Highlights

അഗ്യൂറോ ഫുട്ബോളില്‍ തുടരണോയെന്ന കാര്യത്തില്‍ ഫെബ്രുവരിയോടുകൂടി തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
33കാരനായ താരത്തിന് മൂന്ന് മാസത്തെ വിശ്രമം വേണ്ടിവന്നേക്കുമെന്ന് ബാഴ്സലോണ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

ബാഴ്സലോണ: ബാഴ്സലോണയുടെ(Barcelona) അര്‍ജന്‍റീനിയന്‍ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോ(Sergio Aguero) ഫുട്ബോളില്‍ നിന്ന് വിരമിക്കാന്‍ നിര്‍ബന്ധിതനായേക്കുമെന്ന് റിപ്പോര്‍ട്ട്. അഗ്യൂറോയ്ക്ക് ഗുരുതരമായ ഹൃദ്രോഗമാണെന്നും കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നേക്കുമെന്നും ഡോക്ടര്‍മാരെ ഉദ്ധരിച്ച് കാറ്റലോണിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഗ്യൂറോ ഫുട്ബോളില്‍ തുടരണോയെന്ന കാര്യത്തില്‍ ഫെബ്രുവരിയോടുകൂടി തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 33കാരനായ താരത്തിന് മൂന്ന് മാസത്തെ വിശ്രമം വേണ്ടിവന്നേക്കുമെന്ന് ബാഴ്സലോണ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. അലാവാസിനെതിരായ(Deportivo Alaves) മത്സരത്തിനിടെ 42-ാം മിനിറ്റിലാണ് നെഞ്ചുവേദനയും ശ്വാസതടസ്സവുമുണ്ടെന്നു പറഞ്ഞ് അഗ്യൂറോ മൈതാനത്തു കിടന്നത്. ബാർസയുടെ മെഡിക്കൽ ടീം ഉടന്‍ ഗ്രൗണ്ടിലിറങ്ങി താരത്തെ പരിശോധിച്ചു.

പിന്നീട് സ്ട്രെച്ചര്‍ കൊണ്ടുവന്നെങ്കിലും സ്ട്രെച്ചറിൽ ഗ്രൗണ്ടിനു പുറത്തേക്കു പോകാൻ തയാറാകാതിരുന്ന അഗ്യൂറോ കണ്ണീരണിഞ്ഞ് സാവധാനം നടന്നു പുറത്തേക്കു പോവുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച താരത്തെ വിശദമായ ഹൃദയപരിശോധനകൾക്കു വിധേയനാക്കിയിരുന്നു. വിശദപരിശോധനയിലാണ് ഹദ്രോഗം പ്രതീക്ഷിച്ചതിനേക്കാള്‍ ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞത്. നിലിവിലെ അവസ്ഥയില്‍ അഗ്യൂറോക്ക് മത്സര ഫുട്ബോള്‍ കളിക്കാനാകില്ലെന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

സൂപ്പര്‍ താരം ലിയോണല്‍ മെസിയുടെ(Lionel Messi) ഏറ്റവും അടുത്ത സുഹൃത്തുകൂടിയായ അഗ്യൂറോ മെസിയുടെ കൂടെ നിര്‍ബന്ധത്തിലാണ് ഇംഗ്ലിഷ് ക്ലബ് മാ‍ഞ്ചസ്റ്റർ സിറ്റിയിൽനിന്ന് ബാർസയിലെത്തിയത്. എന്നാല്‍ കരാര്‍ പുതുക്കാനാവാതെ മെസിക്ക് ബാഴ്സ വിടേണ്ടിവന്നതിന് പിന്നാലെ സീസണിന്‍റെ തുടക്കത്തിൽ രണ്ടു മാസം പരുക്കുമൂലം അഗ്യൂറോക്ക് പുറത്തിരിക്കേണ്ടിയും വന്നു. ഫിറ്റ്നസ് വീണ്ടെടുത്ത് ആദ്യ ഇലവനിലേക്കു തിരിച്ചെത്തിയ സമയത്താണ് അലവാസാനെതിരായ മത്സരത്തില്‍ നെഞ്ചുവേദന അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

സീസണില്‍ ബാഴ്സക്കായി ഒരേയൊരു ഗോളാണ് അഗ്യൂറോ ബാഴ്സ കുപ്പായത്തില്‍ നേടിയത്. എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെതിരെ ബാഴ്സ 2-1ന് പരാജയപ്പെട്ട മത്സരത്തിലായിരുന്നു ഇത്. റയോ വല്ലേക്കാനോക്കെതിരെ മാത്രമാണ് സീസണില്‍ അഗ്യൂറോ 90 മിനിറ്റും ബാഴ്സ കുപ്പായത്തില്‍ കളിച്ചത്.

click me!