ബാഴ്‌സയില്‍ മെസി- അഗ്യൂറോ കൂട്ടുകെട്ട്; ഔദ്യോഗിക തീരുമാനം പുറത്തുവിട്ട് ക്ലബ്

By Web TeamFirst Published May 31, 2021, 9:08 PM IST
Highlights

അണ്ടര്‍ 19 തലം തൊട്ട് മെസിയുടെ അടുത്ത സുഹൃത്താണ് അഗ്യൂറോ. ഡച്ച് സ്‌ട്രൈക്കര്‍ മെംഫിസ് ഡിപെയും ബാഴ്സയിലെത്തുമെന്നാണ് അറിയുന്നത്.
 

ബാഴ്സലോണ: അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോയെ വരും സീസണില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയുടെ ജേഴ്‌സിയില്‍ കാണാം. താരം ബാഴ്‌സയുമായി കരാര്‍ ഒപ്പിട്ട കാര്യം ക്ലബ് സോഷ്യല്‍ മീഡിയയിലൂടെ ഔദ്യോഗികമായി പുറത്തുവിട്ടു. രണ്ട് വര്‍ഷത്തേക്കാണ് അഗ്യൂറോയുടെ കരാര്‍. സിറ്റിയുമായുള്ള കരാര്‍ അവസാനിച്ചതോടെ താരം ഫ്രീ ഏജന്റായിരുന്നു. നേരത്തെ സിറ്റിയുടെ തന്നെ പ്രതിരോധതാരം എറിക് ഗാര്‍സിയയും ബാഴ്‌സയിലെത്തുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യത്തിലും  ഔദ്യോഗിക തീരുമാനമായിട്ടില്ല. 

നേരത്തെ ലാ ലിഗയില്‍ കളിച്ച് പരിചയമുള്ള താരമാണ് അഗ്യൂറോ. 2006 മുതല്‍ 2011 വരെ അത്‌ലറ്റികോ മാഡ്രിഡിന് വേണ്ടി താരം കളിച്ചിരുന്നു. പിന്നീട് സിറ്റിയിലേക്ക് കൂടുമാറുകയായിരുന്നു. പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളാവാന്‍ അഗ്യൂറോയ്ക്ക് സാധിച്ചിരുന്നു. സിറ്റിയുടെ പടിയിറങ്ങുമ്പോള്‍ ഒരു റെക്കോഡ് കൂടി താരം സ്വന്തം പേരില്‍ കൂട്ടിച്ചേര്‍ത്തു. പ്രീമിയര്‍ ലീഗില്‍ ഒരു ക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി അഗ്യൂറോ. താരത്തിന്റെ പേരില്‍ 184 ഗോളുകളുണ്ട്. മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം വെയ്ന്‍ റൂണിയുടെ റെക്കോഡാണ് അഗ്യൂറോ മറികടന്നിരുന്നത്. 

എന്നാല്‍ യുവേഫ ചാംപ്യന്‍സ് ലീഗ് നേട്ടമെന്ന ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ അഗ്യൂറോയ്ക്കായില്ല. ഈ സീസണ്‍ ഫൈനലില്‍ ചെല്‍സിയോട് പരാജയപ്പെടുകയായിരുന്നു സിറ്റി. ചാംപ്യന്‍സ് ലീഗ് ജയിച്ചാല്‍ ബോണസ് നല്‍കുന്ന വിധത്തിലാണ് അഗ്യൂറോയുമായുള്ള ബാഴ്സയുടെ കരാറെന്നാണ് സൂചന. സിറ്റിയില്‍ ലഭിച്ചതിനേക്കാല്‍ കുറഞ്ഞ വേതനമാണ് അഗ്യൂറോയ്ക്ക് ലഭിക്കുക. 

അണ്ടര്‍ 19 തലം തൊട്ട് മെസിയുടെ അടുത്ത സുഹൃത്താണ് അഗ്യൂറോ. ഡച്ച് സ്‌ട്രൈക്കര്‍ മെംഫിസ് ഡിപെയും ബാഴ്സയിലെത്തുമെന്നാണ് അറിയുന്നത്.

click me!