Asianet News MalayalamAsianet News Malayalam

മത്സരത്തിന് മുമ്പ് ലൈംഗികബന്ധത്തില്‍ ഏർപ്പെടുന്നത് അത്‍ലറ്റുകള്‍ക്ക് ഗുണമോ ദോഷമോ? മറുപടിയുമായി ഡോക്ടർ

മത്സരങ്ങള്‍ക്ക് മുമ്പ് അത്‍ലറ്റുകള്‍ ലൈംഗികബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന വാദം കാലങ്ങളായി കായികരംഗത്ത് നിലനില്‍ക്കുന്നതാണ്

is it sex before a sports competition good or bad
Author
Tokyo, First Published Jul 1, 2021, 4:08 PM IST

ടോക്യോ: ലൈംഗികബന്ധവും കായിക മത്സരങ്ങളിലെ പ്രകടനവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ടോക്യോ ഒളിംപിക് വേദിയില്‍ കോണ്ടം വിതരണം ചെയ്യുന്നതിനെ ചൊല്ലിയുള്ള ചർച്ചകളാണ് ഈ ചോദ്യം വീണ്ടും സജീവമാക്കിയത്. മത്സരങ്ങള്‍ക്ക് മുമ്പ് അത്‍ലറ്റുകള്‍ ലൈംഗികബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന വാദം കാലങ്ങളായി കായികരംഗത്ത് നിലനില്‍ക്കുന്നതാണ്. അതേസമയം ലൈംഗികപ്രവർത്തനങ്ങള്‍ മാനസികസമ്മർദം കുറയ്ക്കും എന്ന നിരീക്ഷണങ്ങളുമുണ്ട്. സ്പോർട്സ് മെഡിസന്‍ വിദഗ്ധയായ ഡോ. സോളിഡാഡ് മോണ്‍റോയ് ഇക്കാര്യത്തില്‍ മറുപടി നല്‍കുകയാണ്. 

ഡോ. സോളിഡാഡ് മോണ്‍റോയുടെ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍

മത്സരങ്ങള്‍ക്ക് മുമ്പ് ലൈംഗികപ്രവർത്തികളില്‍ ഏർപ്പെടുന്നതില്‍ നിന്ന് അത്‍ലറ്റുകളെ പരിശീലകർ വിലക്കാറുണ്ട്. മനസിനെയും ആത്മാവിനേയും ഏകാഗ്രമാക്കാന്‍ ലൈംഗികവർജ്ജനം അനിവാര്യമാണെന്ന് പുരാതന ഗ്രീക്ക്, റോമന്‍ കാലം തൊട്ടേ വിശ്വസിച്ചിരുന്നു. മികച്ച പ്രകടനം ഉറപ്പിക്കാന്‍ മത്സരത്തിന് മുമ്പ് അത്‍ലറ്റുകള്‍ വിശ്രമിക്കുകയും ശ്രദ്ധതിരിക്കുന്ന കാര്യങ്ങളില്‍ ഇടപഴകാതിരിക്കുകയും വേണമെന്ന് ഇതിനാല്‍ത്തന്നെ കായികരംഗത്തും വിശ്വസിച്ചുപോന്നു. ഈ നിർദേശം ഏറെ വർഷക്കാലം നിലനിന്നു. 

പുരുഷന്‍മാരില്‍ സ്ഖലനം ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് കുറയ്ക്കുകയും അത് അക്രമണോത്സുകതയും പേശികളുടെ കരുത്തും കുറയ്ക്കുകയും ചെയ്യും. പോരാട്ടത്തിന് മുമ്പ് ആറ് ആഴ്ച ലൈംഗികബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇതിഹാസ ബോക്സർ മുഹമ്മദ് അലി പറയുമായിരുന്നു. ലൈംഗികതയില്‍ നിന്ന് ഇടവേളയെടുക്കുന്നത് റിങ്ങില്‍ തന്നിലെ അക്രമണോത്സുകത കൂട്ടി എന്നും അലി പറയുന്നു.  

കെട്ടുകഥയോ സത്യമോ?

ഡോ. സോളിഡാഡ് മോണ്‍റോയ് തന്‍റെ അനുഭവം പറയുന്നത് ഇങ്ങനെ... 'സ്‌പോർട്‌സ് മെഡിസിനിൽ സ്‌പെഷ്യലൈസ് ചെയ്യുന്ന ഒരു ഡോക്ടർ എന്ന നിലയിൽ, മെക്‌സിക്കൻ പ്രൊഫഷണൽ ഫുട്‌ബോൾ ടീമിനൊപ്പം ഞാൻ വർഷങ്ങളോളം പ്രവർത്തിച്ചിരുന്നു. കളിക്കാർ ലൈംഗികപ്രവർത്തികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പരിശീലകർ ശുപാർശ ചെയ്തതായി ഞാൻ ഓർക്കുന്നു. പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് മുമ്പ് സന്ദർശകരെ താരങ്ങളുടെ മുറിയില്‍ നിന്ന് വിലക്കിയിരുന്നു'.  

അതേസമയം മത്സരങ്ങള്‍ക്ക് മുമ്പുള്ള ലൈംഗികബന്ധം താരങ്ങള്‍ക്ക് ഗുണകരമാണ് എന്ന വാദവുമുണ്ട്. 2012ലെ ലണ്ടന്‍ ഒളിംപിക്സില്‍ 150,000 കോണ്ടം ആണ് അത്‍ലറ്റുകള്‍ക്ക് സംഘാടകർ വിതരണം ചെയ്തത്. ലൈംഗികത താരങ്ങളുടെ മാനസിക സമ്മർദം കുറയ്ക്കുന്നതായി സംഘാടകരും അത്ലറ്റുകളും ഡോക്ടർമാരും പറയുന്നതായി അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്‍ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. 

സയന്‍സ് പറയുന്നത്...

മത്സരങ്ങള്‍ക്ക് മുമ്പുള്ള ലൈംഗികബന്ധം കായികതാരങ്ങളുടെ പ്രകടനത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ച് രണ്ട് പഠനങ്ങള്‍ സയന്‍സ് ജേണലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. Sexual Activity before Sports Competition: A Systematic Review. Frontiers in Physiology 2016, എന്നതാണ് ആദ്യത്തെ പഠനം. ചോദ്യാവലിയിലൂടെയും രക്തത്തിന്‍റെ അളവുകൾ, അത്‍ലറ്റിന്‍റെ കരുത്ത്, ഹൃദയ പരിശോധന എന്നിവയിലൂടെയുമാണ് ഈ പഠനം നടത്തിയിട്ടുള്ളത്. മത്സരത്തിന് മുമ്പുള്ള ലൈംഗികബന്ധം കായിക താരങ്ങളുടെ പ്രകടനങ്ങളെ ദോഷമായി ബാധിക്കുന്നെന്ന് തെളിയിക്കാനാവശ്യമായ തെളിവുകള്‍ ഗവേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ലൈംഗിക പ്രവർത്തനവുമായി ബന്ധപ്പെട്ട ഹോർമോൺ വ്യതിയാനങ്ങൾക്കും തെളിവുകള്‍ ലഭിച്ചില്ല. അതേസമയം വേണ്ടത്ര ഗവേഷണമില്ലെന്നത് മാത്രമല്ല, ശാസ്ത്രീയ പിന്‍ബലങ്ങളില്ലാത്തതും പഠനത്തിന്‍റെ രൂപകൽപ്പനയിൽ പിശകുകളുണ്ടെന്നതും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 

മറ്റൊരു പഠനത്തില്‍(Sexual Activity before Competition and Athletic Performance: A Systematic Review. Annals of Applied Sport Science, 2017) പറയുന്നത് ഇപ്രകാരമാണ്. ലൈംഗികബന്ധം പ്രകടനത്തെ ബാധിക്കില്ല. മത്സരത്തിന് 10 മണിക്കൂർ മുമ്പ് ലൈംഗികബന്ധത്തില്‍ നിന്ന് വിട്ടുനിന്നവരും ഏർപ്പെടുന്നവരും തമ്മിൽ ട്രാക്കിലെ പ്രകടനത്തില്‍ വ്യത്യാസമില്ലെന്നാണ് കണ്ടെത്തല്‍. ഒരു കെട്ടിടത്തിന്‍റെ രണ്ട് നിലകള്‍ കയറുന്നത്ര ലളിതമാണ് ലൈംഗിക ബന്ധമെന്നും ഈ പഠനം നിരീക്ഷിക്കുന്നു. എന്നാല്‍ കായിക മത്സരത്തിന് രണ്ട് മണിക്കൂർ മുമ്പ് ലൈംഗികബന്ധം നടക്കുമ്പോൾ പ്രതികൂല ഫലമുണ്ടെന്ന് ഇതേ റിപ്പോർട്ടില്‍ ഒരു ഗവേഷകന്‍ പരാമർശിച്ചിട്ടുണ്ട്. എന്നാൽ ഈയൊരൊറ്റ നിരീക്ഷണത്തില്‍ നിന്ന് ഒരു പൊതു വിലയിരുത്തലില്‍ എത്തുക സാധ്യമല്ല. 

'നിഗമനത്തിലെത്തുക ഇപ്പോള്‍ സാധ്യമല്ല'

ഓരോ കായികതാരത്തിന്‍റെയും വ്യക്തിഗത ഘടകങ്ങളും ശീലങ്ങളും കണക്കിലെടുക്കേണ്ടതുണ്ട് എന്നും കായികതാരങ്ങള്‍ ഇക്കാര്യത്തിൽ സ്വന്തം തീരുമാനങ്ങൾ എടുക്കാൻ മടിക്കേണ്ടതില്ലെന്നും ഇരു പഠനങ്ങളിലും ചൂണ്ടിക്കാട്ടുന്നു. മത്സരത്തിന് മുമ്പുള്ള ലൈംഗികപ്രവർത്തികള്‍ മത്സരഫലത്തെ ദോഷമായി ബാധിക്കുന്നു എന്ന് ഇപ്പോള്‍ ശാസ്ത്രീയമായി പറയാനാവില്ല. ചില പഠനങ്ങൾ അത്ലറ്റുകൾക്ക് അവരുടെ ലൈംഗിക ശീലങ്ങൾ സ്ഥിരമായി നിലനിർത്തേണ്ടതിന്‍റെ പ്രാധാന്യം അടിവരയിടുന്നുണ്ട്. എന്നിരുന്നാലും ലൈംഗികബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കണം എന്ന് പരിശീലകർ താരങ്ങളോട് ആവശ്യപ്പെടുന്നത് ശാസ്ത്രീയമായ തെളിവുകളില്ലാതെയാണ്. 

ലൈംഗികബന്ധവും കായികതാരങ്ങളുടെ പ്രകടനത്തെയും കുറിച്ചുള്ള പഠനങ്ങളില്‍ ഇതുവരെയുള്ള തെളിവുകൾ വിവാദപരമാണ്. കായിക മത്സരങ്ങള്‍ക്ക് മുമ്പ് ലൈംഗിക ബന്ധം പാടുണ്ടോ എന്ന കാര്യത്തില്‍ മികച്ച നിർദേശം അത്‍ലറ്റുകള്‍ക്ക് നല്‍കാന്‍ ഇപ്പോള്‍ കഴിയില്ല. അത്‍ലറ്റുകളുടെ പ്രകടന വ്യത്യാസങ്ങളെ കുറിച്ചുള്ള വിവരശേഖരണത്തിന്‍റെ അഭാവമാണ് ഇതിന് കാരണം. ഇക്കാര്യത്തില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണ്. ശാസ്ത്രീയമായ നിർദേശങ്ങള്‍ നല്‍കാന്‍ അത് ഉപകരിക്കും എന്നും ഡോക്ടർ സോളിഡാഡ് മോണ്‍റോയ്‌ കൂട്ടിച്ചേർത്തു. നിങ്ങള്‍ക്കെന്ത് തോന്നുന്നു എന്ന ചോദ്യത്തോടെയാണ് ഡോക്ടർ തന്‍റെ ലേഖനം അവസാനിപ്പിക്കുന്നത്. 

തൊടരുത്! എന്നിട്ടും ഒളിംപിക്‌സിനെത്തുന്ന ഒരു താരത്തിന് 14 കോണ്ടം വീതം; കാരണം വിശദമാക്കി ഒളിംപിക് കമ്മിറ്റി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios