യൂറോ: പത്ത് പേരുമായി ചുരുങ്ങിയ പോളണ്ടിനെ തകര്‍ത്ത് സ്ലോവാക്യ ജയത്തോടെ അരങ്ങേറി

By Web TeamFirst Published Jun 14, 2021, 11:40 PM IST
Highlights

മിലന്‍ സ്‌ക്രിനിയറാണ് സ്ലോവാക്യയുടെ വിജയഗോള്‍ നേടിയത്. നേരത്തെ നേരത്തെ പോളണ്ട് ഗോള്‍ കീപ്പര്‍ സെസ്‌നിയുടെ സെല്‍ഫ് ഗോളിലാണ് സ്ലോവാക്യ മുന്നിലെത്തിയിരുന്നത്.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: യൂറോ കപ്പില്‍ ഗ്രൂപ്പ് ഇയില്‍ പോളണ്ടിനെതിരായ മത്സരത്തില്‍ സ്ലോവാക്യയ്ക്ക് ജയം. ഒരു ചുവപ്പ് കാര്‍ഡിനെ തുടര്‍ന്ന് പോളണ്ട് 10 പേരായി ചുരുങ്ങിയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു സ്ലോവാക്യയുടെ ജയം. മിലന്‍ സ്‌ക്രിനിയറാണ് സ്ലോവാക്യയുടെ വിജയഗോള്‍ നേടിയത്. നേരത്തെ നേരത്തെ പോളണ്ട് ഗോള്‍ കീപ്പര്‍ സെസ്‌നിയുടെ സെല്‍ഫ് ഗോളിലാണ് സ്ലോവാക്യ മുന്നിലെത്തിയിരുന്നത്. കരോള്‍ ലിനേറ്റി പോളണ്ടിന്റെ ഒരു ഗോള്‍ നേടി. 

മത്സരത്തിലുടനീളം പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണതത്തിലും പോളണ്ടായിരുന്നു മുന്നില്‍. എന്നാല്‍ 18-ാം മിനിറ്റില്‍ മത്സരത്തിന്റെ ഒഴുക്കിന് വിപരീതമായി സ്ലോവാക്യ ആദ്യ ഗോള്‍ നേടി. റോബര്‍ട്ട് മാക് ഇടതുവിംഗിലൂടെ പന്തുമായി വന്ന് പോളണ്ടിന്റെ ബോക്‌സില്‍ കയറി. രണ്ട് പ്രതിരോധ താരങ്ങളെ കബളിപ്പ് മുന്നോട്ട് നീങ്ങിയ മാക് തൊടുത്ത ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുന്നതിനിടെ സെസ്‌നിയുടെ ദേഹത്ത് തട്ടി ഗോള്‍വര കടക്കുകയായിരുന്നു.

ആദ്യ പകുതിയില്‍ പിന്നീട് ഗോളൊന്നും പിറന്നില്ല. എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച് ആദ്യ മിനിറ്റില്‍ തന്നെ പോളണ്ട് ഗോള്‍ മടക്കി. ഇടത് വിംഗിലൂടെ പന്തുമായി മുന്നേറിയ മാസീസ് റിബസ് പന്തുമായി സ്ലോവാക്യന്‍ ബോക്‌സില്‍ പ്രവേശിച്ചു. പ്രതിരോധം വളയുന്നതിന് അദ്ദേഹം ലിനേറ്റിക്ക് മറിച്ച് നല്‍കി. ലിനേറ്റി ഗോള്‍ കീപ്പര്‍ക്ക് അവസരം നല്‍കാതെ പന്ത് വലയിലാക്കി. 

62-ാം മിനിറ്റില്‍ പോളിഷ് മിഡ്ഫീല്‍ഡര്‍ ഗ്രസെഗോര്‍സ് ക്രച്ചോവിയാക് ചുവപ്പുകാര്‍ഡുമായി മടങ്ങിയത് പോളണ്ടിന് തിരിച്ചടിയായി. ടൂര്‍ണമെന്റിലെ ആദ്യ ചുവപ്പുകാര്‍ഡായിരുന്നു അത്.  ഇതോടെ ആക്രമണം കടുപ്പിച്ച സ്ലോവാക്യ 69-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി. കോര്‍ണറിനെ തുടര്‍ന്നുണ്ടായ കൂട്ടപൊരിച്ചിലിനിടെ ഇന്റര്‍ മിലാന്റെ പ്രതിരോധതാരം കൂടിയായ സ്‌ക്രിനിയര്‍ വലകുലുക്കി. അവസാന നിമിഷങ്ങളില്‍ പോളണ്ട് ചില അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫലം കണ്ടില്ല. പോളണ്ട് ക്യാപ്റ്റന്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി നിറം മങ്ങിയതും വിനയായി.

click me!