പന്തടക്കത്തില്‍ മുന്നില്‍, ഗോള്‍ മാത്രമില്ല; സ്‌പെയ്‌നിന് സ്വീഡന്റെ പ്രതിരോധപ്പൂട്ട്

By Web TeamFirst Published Jun 15, 2021, 2:50 AM IST
Highlights

38-ാം മിനിറ്റില്‍ മത്സരത്തിലെ ഏറ്റവും മികച്ച അവസരം സ്പാനിഷ് സ്‌ട്രൈക്കര്‍ അല്‍വാരോ മൊറാട്ട പാഴാക്കി. സ്വീഡന്റെ ബോക്‌സിനകത്ത് നിന്ന് ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ മൊറാട്ട പന്ത് പുറത്തേക്ക് അടിച്ചുകളഞ്ഞു.
 

സെവിയ്യ: യൂറോ കപ്പ് ഗ്രൂപ്പ് ഇയില്‍ സ്‌പെയ്‌നിനെ സ്വിഡന്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചു. എന്നത്തേയും പോലെ പന്തടക്കത്തില്‍ സ്‌പെയ്ന്‍ മുന്നിട്ട് നിന്നെങ്കിലും ഗോള്‍വല കുലുക്കാനായില്ല. പോളണ്ട്, സ്ലോവാക്യ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.  

16-ാം മിനിറ്റിലാണ് സ്‌പെയ്‌നിന് ആദ്യ അവസരം ലഭിക്കുന്നത്. പെനാല്‍റ്റി ഏരിയയിലേക്ക് കോക്കെ ഉയര്‍ത്തിവിട്ട പന്തില്‍ ഡാനി ഓല്‍മൊ തലവച്ചു. പോസ്റ്റിന് താഴെ വലതുമൂലയിലേക്ക് താഴ്ന്നിറങ്ങിയ പന്ത് സ്വഡീഷ് ഗോള്‍ കീപ്പര്‍ റോബിന്‍ ഓള്‍സണ്‍ രക്ഷപ്പെടുത്തി. 29-ാം മിനിറ്റില്‍ ഓല്‍മോ ഒരു അവസരം ഒരുക്കികൊടുത്തു. 

ഇടത് വിംഗില്‍ നിന്ന് ഓല്‍മോ നല്‍കിയ ക്രോസില്‍ കോക്കെ ഓടിയടുത്ത് കാല്‍വച്ചെങ്കിലും പന്ത് ബാറിന് മുകളിലൂടെ പറന്നു. 38-ാം മിനിറ്റില്‍ മത്സരത്തിലെ ഏറ്റവും മികച്ച അവസരം സ്പാനിഷ് സ്‌ട്രൈക്കര്‍ അല്‍വാരോ മൊറാട്ട പാഴാക്കി. സ്വീഡന്റെ ബോക്‌സിനകത്ത് ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ മൊറാട്ട പന്ത്  പുറത്തേക്ക് അടിച്ചുകളഞ്ഞു.

41-ാം മിറ്റില്‍ സീഡന് ഒരവസരം ലഭിച്ചു. ആദ്യ പകുതിയില്‍ അവര്‍ക്ക് ലഭിക്കുന്ന ഏക ചാന്‍സായിരുന്നു അത്. ഒരു കൗണ്ടര്‍ അറ്റാക്കിനിടെ സ്പാനിഷ് ബോക്‌സിലേക്ക് പന്തുമായി കുതിച്ച അലക്‌സാണ്ടര്‍ ഇസാഖ് പ്രതിരോധതാം ഐമറിക് ലാപോര്‍ട്ടയെ കബളിപ്പിച്ച് ഷോട്ടുതിര്‍ത്തി. ഗോള്‍ കീപ്പര്‍ ഉനൈ സിമോണിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെങ്കിലും മാര്‍കോസ് ലോറന്റെയുടെ കാലില്‍ തട്ടി അപകടം ഒഴിവായി. ഇതിനിടെ ഇസാഖ് നല്‍കിയ പാസ് മുതലാക്കാന്‍ മാര്‍കസ് ബര്‍ഗിനും സാധിച്ചില്ല. 

66-ാം മിനിറ്റില്‍ റോഡ്രിക്ക് പകരം തിയാഗോ അല്‍കാന്‍ട്ര കളത്തിലെത്തിയതോടെ സ്‌പെയ്‌നിന്റെ നീക്കങ്ങള്‍ക്ക് കുറച്ച് ജീവന്‍ വച്ചു. 90ാം മിനിറ്റില്‍ ജെറാര്‍ഡ് മൊറേനോയ്ക്കും ഒരവസരം ലഭിച്ചു. പാബ്ലോ സറാബിയ നല്‍കിയ ക്രോസില്‍ മൊറേനൊ തലവച്ചെങ്കിലും കീപ്പര്‍ വിലങ്ങുതടിയായി. ഇതോടെ ഇരുവര്‍ക്കും ഓരോ പോയിന്റ് പങ്കിട്ട് പിരിയേണ്ടിവന്നു.

click me!