
കൊച്ചി: ഐ എസ് എല്ലിന്‍റെ പുതിയ സീസണിന് മുന്നോടിയായി ആക്രമണനിര ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി സ്പാനിഷ് താരം വിക്ടർ ബെർട്ടോമിയുവിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. മുന്നേറ്റനിരയിൽ സ്ട്രൈക്കറായും വിങ്ങറായും ഒരുപോലെ കളിക്കാൻ മികവുള്ള താരമാണ് ബെർട്ടോമിയു.
യൂറോപ്പിലും ഏഷ്യയിലുമായി വിവിധ ലീഗുകളിൽ കളിച്ച അനുഭവസമ്പത്തുമായാണ് ബെർട്ടോമിയു ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. സ്പെയിനിലെ ജിംനാസ്റ്റിക് ഡി ടരാഗോണ, സി.എഫ് അസ്കോ, എ.ഇ പ്രാറ്റ് തുടങ്ങിയ ക്ലബ്ബുകൾക്ക് പുറമെ ഹോങ്കോങ്ങ് പ്രീമിയർ ലീഗിലെ ഈസ്റ്റേൺ എഫ്.സി, ഇന്തോനേഷ്യൻ ക്ലബ്ബായ ഗ്രെസിക് യുണൈറ്റഡ് എഫ്.സി എന്നിവയ്ക്കായും അദ്ദേഹം പന്തുതട്ടിയിട്ടുണ്ട്. വേഗതയേറിയ നീക്കങ്ങളും ആക്രമണ ശൈലിയും ബെർട്ടോമിയുവിനെ ശ്രദ്ധേയനാക്കുന്നു.
വിക്ടർ ബെർട്ടോമിയുവിനെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു. ആക്രമണനിരയിൽ ഏത് റോളും കൈകാര്യം ചെയ്യാൻ മികവുള്ള ബെർട്ടോമിയു ടീമിന് പുതിയൊരു ഊർജ്ജം നൽകും. വരാനിരിക്കുന്ന സീസണിലെ മത്സരങ്ങൾക്കായി ടീമിനെ സജ്ജമാക്കുമ്പോൾ അദ്ദേഹത്തിന്റെ സാന്നിധ്യം ഗുണകരമാകുമെന്ന് വിശ്വസിക്കുന്നുവെന്നും അഭിക് ചാറ്റര്‍ജി വ്യക്തമാക്കി. വിക്ടർ ബെർട്ടോമിയു ഉടൻ തന്നെ ടീമിനൊപ്പം ചേർന്ന് പരിശീലനം ആരംഭിക്കും.
ഫെബ്രുവരി 14ന് കൊൽക്കത്തയിൽ മോഹന്‍ ബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ മത്സരം. മത്സരക്രമം അനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കും. മുംബൈ സിറ്റി എഫ് സി ആണ് എതിരാളികൾ. ഫെബ്രുവരി 28, മാർച്ച് 7,21 ,ഏപ്രിൽ 15,18, 23 ,മെയ് 10,17 ദിവസങ്ങളിലും കോഴിക്കോട്ട് ബ്ലാസ്റ്റേഴ്സിന് ഹോം മത്സരങ്ങളുണ്ട്. ബ്ലാസ്റ്റേഴ്സിന്‍റെ എല്ലാ ഹോം മത്സരങ്ങളും കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലാകും നടക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!