
ദില്ലി: ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് വൻ സർപ്രൈസുമായി ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സംഘാടകർ. ഒക്ടോബർ 10 മുതൽ ആരംഭിക്കുന്ന ഐഎസ്എല്ലിന്‍റെ 2026-27 സീസണിലെ മുഴുവൻ മത്സരങ്ങളും യൂട്യൂബിലൂടെ സൗജന്യമായി തത്സമയം സംപ്രേഷണം ചെയ്യും. ഡിജിറ്റൽ സ്ട്രീമിംഗ് പങ്കാളിയായി യൂട്യൂബിനെ ഉൾപ്പെടുത്തിയതോടെ ആരാധകർക്ക് പ്രത്യേക വരിസംഖ്യയോ സബ്‌സ്‌ക്രിപ്‌ഷൻ ചാർജുകളോ ഇല്ലാതെ തന്നെ മത്സരങ്ങൾ കാണാൻ സാധിക്കും. രാജ്യത്തുടനീളം അന്താരാഷ്ട്ര തലത്തിലും ഫുട്ബോളിന്‍റെ ജനപ്രീതി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. യൂട്യൂബിന് പുറമേ സോണിലിവ് ഒടിടി പ്ലാറ്റ്‌ഫോമിലും ഡിജിറ്റൽ സംപ്രേഷണം ലഭ്യമായിരിക്കും.
കുറഞ്ഞ ദൈർഘ്യമുള്ള സീസണിൽ നിന്ന് മാറി, പഴയപടിയുള്ള 'ഹോം ആൻഡ് എവേ' ഫോർമാറ്റിലേക്ക് ലീഗ് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഒക്ടോബർ 10 മുതൽ 2027 മേയ് വരെ നീണ്ടുനിൽക്കുന്ന എട്ട് മാസത്തെ ദൈർഘ്യമേറിയ സീസണിൽ ആകെ 163 മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ ജനുവരി 17 വരെയുള്ള ആദ്യ ഘട്ടത്തിൽ 78 മത്സരങ്ങൾ നടക്കും. വാരാന്ത്യങ്ങളിൽ കൂടുതൽ ആളുകളിലേക്ക് കളി എത്തിക്കുന്നതിനായി ആദ്യ ഘട്ടത്തിലെ 53 മത്സരങ്ങളും വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇത്തവണ ആകെ 13 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ്, മോഹൻ ബഗാൻ, മുംബൈ സിറ്റി, ബംഗളൂരു എഫ്‌സി ഉൾപ്പെടെയുള്ള പ്രമുഖ ടീമുകൾക്കൊപ്പം ജാംഷെഡ്പൂർ എഫ്‌സിക്ക് പകരം എത്തുന്ന ചർച്ചിൽ ബ്രദേഴ്‌സും ലീഗിന്‍റെ ഭാഗമാകും. ഇതോടെ ഐഎസ്എൽ ചരിത്രത്തിലെ ആദ്യ 'ഗോവൻ ഡെർബി'ക്ക് ഇത്തവണ വേദി ഒരുങ്ങും. കൂടാതെ ഇംഫാലിലെ ഖുമാൻ ലംപാക് സ്റ്റേഡിയത്തിലും ഇത്തവണ ഐഎസ്എൽ പോരാട്ടം അരങ്ങേറും. നവംബർ 24-ന് നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും സ്‌പോർട്ടിംഗ് ക്ലബ് ഡൽഹിയുമാണ് ഇവിടെ ഏറ്റുമുട്ടുന്നത്.
അതേസമയം, പ്രൊമോഷൻ ലഭിച്ച് എത്തിയ ഡയമണ്ട് ഹാർബർ എഫ്‌സിക്ക് അഡ്മിനിസ്ട്രേറ്റീവ് ഫീസ് അടയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് ഇത്തവണത്തെ പോയിന്റ് പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ലീഗ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമിന് ഐഎസ്എൽ ഷീൽഡും ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിലേക്കുള്ള യോഗ്യതയും ലഭിക്കും. തുടർന്ന് പോയിന്‍റ് പട്ടികയിലെ ആദ്യ ആറ് സ്ഥാനക്കാർ പ്ലേഓഫിലേക്ക് കടക്കുകയും ഐഎസ്എൽ കപ്പിനായി പോരാടുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!