മാഞ്ചസ്‌റ്ററിലെ പദ്ധതികള്‍ ക്രിസ്റ്റ്യാനോ തകിടം മറിച്ചു, റയല്‍ മാഡ്രിഡ്‌ സൂപ്പര്‍താരത്തെ തന്ത്രപരമായി പുറത്താക്കുകയായിരുന്നുവെന്ന്‌ ടെന്‍ ഹാഗ്‌

Published : Nov 02, 2026, 10:08 AM IST
ERIC TEN HAG AND CRISTIANO RONALDO

Synopsis

2018 ല്‍ റയല്‍ മാഡ്രിഡ്‌ ക്രിസ്റ്റ്യാനോയെ ഒഴിവാക്കുന്നത്‌ അദ്ദേഹത്തില്‍ നിന്ന്‌ കൂടുതലായൊന്നും പ്രതീക്ഷിക്കാനില്ലാത്തതു കൊണ്ടാണ്‌. കളിക്കാരുടെ പ്രകടനം എപ്പോള്‍ താഴോട്ട്‌ പോകുമെന്ന്‌ കൃത്യമായി മനസിലാക്കി അവരെ ഒഴിവാക്കാന്‍ റയല്‍ മാഡ്രിഡിന്‌ അറിയാമെന്നും റൊണാള്‍ഡോയെ വിറ്റത്‌ അതിന്‌ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു

ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയും ഡച്ച്‌ ഫുട്‌ബോള്‍ മാനേജര്‍ എറിക്‌ ടെന്‍ ഹാഗും തമ്മിലുള്ള വാക്‌ പോര്‌ കായിക ലോകത്ത്‌ എന്നും വലിയ വാര്‍ത്തയാണ്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബ്ബ്‌ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കുള്ള രണ്ടാം വരവില്‍ കൂടുതല്‍ കാലം ക്രിസ്റ്റ്യാനോ അവിടെ നില്‍ക്കാതിരിക്കാന്‍ കാരണം ടെന്‍ ഹാഗുമായുള്ള അഭിപ്രായ വ്യത്യാസങ്ങളായിരുന്നു.

എറിക്‌ ടെന്‍ ഹാഗിന്റെ പരിശീലന രീതികളുമായി പൊരുത്തപ്പെട്ടു പോകുവാന്‍ ക്രിസ്‌റ്റിയാനോക്ക്‌ സാധിച്ചില്ല. തന്നെ അനുസരിക്കാത്തവര്‍ ടീമില്‍ വേണ്ടെന്ന്‌ ടെന്‍ ഹാഗും തീരുമാനിച്ചു. ക്രിസ്‌റ്റിയാനോയെ പകരക്കാരുടെ ബെഞ്ചിലിരുത്തി ഡച്ച്‌ പരിശീലകന്‍ താനാണ്‌ ബോസ്‌ എന്ന്‌ വ്യക്തമാക്കിക്കൊണ്ടിരുന്നു. അതിനിടെ പിയേഴ്‌സ്‌ മോര്‍ഗന്‌ നല്‍കിയ അഭിമുഖത്തില്‍ എറിക്‌ ടെന്‍ ഹാഗിനോട്‌ തനിക്ക്‌ ബഹുമാനമില്ലെന്നും മാഞ്ചസ്‌റ്ററിന്‌ ടെന്‍ ഹാഗ്‌ ഗുണം ചെയ്യില്ലെന്നും ക്രിസ്‌റ്റിയാനോ പരസ്യമായി പ്രതികരിച്ചു. തുടര്‍ന്നാണ്‌ ഉഭയസമ്മത പ്രകാരം കരാര്‍ അവസാനിപ്പിച്ച്‌ ക്രിസ്റ്റ്യാനോ സൗദി പ്രോ ലീഗിലേക്ക്‌ ചേക്കേറുന്നത്‌.

ടെന്‍ ഹാഗ്‌ മാഞ്ചസ്റ്ററിനെ നശിപ്പിക്കും എന്ന്‌ ക്രിസ്റ്റ്യാനോ പറഞ്ഞത്‌ സൗദി ക്ലബ്ബില്‍ ചേര്‍ന്നതിന്‌ ശേഷമായിരുന്നു. അധികം കഴിയാതെ ടെന്‍ ഹാഗിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ മാനേജ്‌മെന്റ്‌ പുറത്താക്കുകയും ചെയ്‌തു. ഇപ്പോഴിതാ, ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ ആയിരം ഗോള്‍ എന്ന ചരിത്ര നേട്ടത്തിലേക്ക്‌ അടുത്തു കൊണ്ടിരിക്കുമ്പോള്‍ ടെന്‍ ഹാഗ്‌ വീണ്ടും താരത്തിനെതിരെ ആരോപണങ്ങളുമായി രംഗത്ത്‌ വന്നിരിക്കുന്നു.

ഡച്ച്‌ ക്ലബ്ബ്‌ എഫ്‌ സി ട്വെന്റെയുടെ ടെക്‌നിക്കല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ടെന്‍ ഹാഗ്‌ ആരോപിക്കുന്നത്‌ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്‌ മാഞ്ചസ്‌റ്ററില്‍ തന്റെ പദ്ധതികള്‍ അട്ടിമറിച്ചതെന്ന്‌. ടീമിന്‌ വേണ്ടി പരിശീലന സമയത്ത്‌ ഓടാന്‍ പോലും ക്രിസ്‌റ്റിയാനോ തയ്യാറായിരുന്നില്ല. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ കളിക്കാന്‍ വേണ്ട ഫിറ്റ്‌നെസ്‌ കണ്ടെത്താനോ നിലനിര്‍ത്താനോ അദ്ദേഹത്തിന്‌ സാധിച്ചിരുന്നില്ലെന്നും തന്റെ ഗെയിം പ്ലാനുകളോട്‌ മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു താരമെന്നും ടെന്‍ ഹാഗ്‌ കുറ്റപ്പെടുത്തി.

2018 ല്‍ റയല്‍ മാഡ്രിഡ്‌ ക്രിസ്റ്റ്യാനോയെ ഒഴിവാക്കുന്നത്‌ അദ്ദേഹത്തില്‍ നിന്ന്‌ കൂടുതലായൊന്നും പ്രതീക്ഷിക്കാനില്ലാത്തതു കൊണ്ടാണ്‌. കളിക്കാരുടെ പ്രകടനം എപ്പോള്‍ താഴോട്ട്‌ പോകുമെന്ന്‌ കൃത്യമായി മനസിലാക്കി അവരെ ഒഴിവാക്കാന്‍ റയല്‍ മാഡ്രിഡിന്‌ അറിയാമെന്നും റൊണാള്‍ഡോയെ വിറ്റത്‌ അതിന്‌ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ എട്ട്‌ വര്‍ഷങ്ങളായി റൊണാള്‍ഡോയ്‌ക്ക്‌ ഉയര്‍ന്ന തലത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നില്ലെന്നും യുവന്റസിലേക്ക്‌ മാറിയതു മുതല്‍ അദ്ദേഹത്തിന്റെ കരിയര്‍ ഫലത്തില്‍ അവസാനിച്ചെന്നുമാണ്‌ ടെന്‍ ഹാഗ്‌ പറയുന്നത്‌.

എന്നാല്‍, സ്റ്റാറ്റിസ്റ്റിക്‌സ്‌ പ്രകാരം റൊണാള്‍ഡോയുടെ യുവെന്റസ്‌ കരിയര്‍ മികച്ചതായിരുന്നു. മൂന്ന്‌ സീസണുകളിലായി 134 മത്സരങ്ങള്‍ കളിച്ച പോര്‍ച്ചുഗല്‍ നായകന്‍ 101 ഗോളുകള്‍ നേടിയിരുന്നു. ഇതില്‍ പ്രായത്തെ വെല്ലുന്ന വിഖ്യാതമായ ഗോളുകളും ഉള്‍പ്പെടുന്നു. 2021 ല്‍ മാഞ്ചസ്റ്ററിലേക്ക്‌ തിരിച്ചെത്തിയ ശേഷം 54 മത്സരങ്ങളാണ്‌ താരം കളിച്ചത്‌. 27 ഗോളുകള്‍ നേടാന്‍ കഴിഞ്ഞു. ഇപ്പോള്‍ പ്രായം 41 ആയെങ്കിലും ക്രിസ്റ്റ്യാനോ കളി തുടരുകയാണ്‌. ഒക്ടോബര്‍ 29ന്‌ അല്‍ നസര്‍ ക്ലബ്ബിന്‌ വേണ്ടി 15 മിനുട്ടിനുള്ളില്‍ ഹാട്രിക്ക്‌ പൂര്‍ത്തിയാക്കിയ ക്രിസ്റ്റ്യാനോ കരിയറിലെ അറുപത്തേഴാമത്‌ ഹാട്രിക്ക്‌ ആഘോഷിച്ചു. ആകെ കരിയര്‍ ഗോളുകള്‍ 985 ആയി. ഇനി പതിനഞ്ച്‌ ഗോളുകള്‍ മതി ആയിരം ഗോളുകള്‍ എന്ന നാഴികക്കല്ലില്‍ എത്താന്‍.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇനി ആഞ്ചലോട്ടി വന്നാലും കാര്യമുണ്ടാകില്ല; യുണൈറ്റഡിന്റെ പ്രശ്നം മെന്റാലിറ്റി
മലപ്പുറത്തിന്റെ വലയില്‍ കാലിക്കറ്റിന്റെ സിക്‌സര്‍, ആദ്യ പകുതിയിലെ അവസാന അഞ്ച്‌ മിനുട്ട്‌ അവിസ്‌മരണീയം