മറക്കാന്‍ പറ്റുവോ! എറിക്സണിന് രക്ഷകരായ താരങ്ങള്‍ക്കും മെഡിക്കൽ സംഘത്തിനും ആരാധ‍കര്‍ക്കും ഫിഫയുടെ ആദരം

By Web TeamFirst Published Jan 18, 2022, 10:16 AM IST
Highlights

യൂറോയില്‍ ഫിൻലൻഡിനെതിരായ മത്സരത്തിൽ ഇടവേളയ്‌ക്ക് തൊട്ടുമുൻപാണ് ക്രിസ്റ്റ്യൻ എറിക്സൺ മൈതാനത്ത് കുഴഞ്ഞുവീണത്

സൂറിച്ച്: യൂറോ കപ്പ് (UEFA Euro 2020) മത്സരത്തിനിടെ ക്രിസ്റ്റ്യന്‍ എറിക്സണ് (Christian Eriksen) ഹൃദയാഘാതമുണ്ടായപ്പോള്‍ സമചിത്തതയോടെ പ്രതികരിച്ച ഡെന്മാര്‍ക്ക് താരങ്ങള്‍ക്കും മെഡിക്കൽ സംഘത്തിനും ഫെയര്‍പ്ലേ പുരസ്കാരത്തിലൂടെ (FIFA Fair Play Award) ഫിഫയുടെ ആദരം. കളിക്കളത്തിലെ വൈരം മറന്ന് എറിക്സണിനായി ആര്‍ത്തുവിളിച്ച ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ് ആരാധകര്‍ മികച്ച ആരാധകക്കൂട്ടായ്മയ്ക്കുള്ള അംഗീകാരവും നേടി.

യൂറോയില്‍ ഫിൻലൻഡിനെതിരായ മത്സരത്തിൽ ഇടവേളയ്‌ക്ക് തൊട്ടുമുൻപാണ് ക്രിസ്റ്റ്യൻ എറിക്സൺ മൈതാനത്ത് കുഴഞ്ഞുവീണത്. കളി ഉടന്‍ നിര്‍ത്തിവച്ച റഫറി ആന്‍റണി ടെയ്‌ലര്‍ മൈതാനത്തേക്ക് വൈദ്യസംഘത്തെ വിളിച്ചു. ഇതിനിടെ എറിക്സണ് ഡെന്‍മാര്‍ക്ക് നായകൻ സിമൺ കെയർ കൃത്രിമശ്വാസം നൽകി. ഡെന്‍മാര്‍ക്ക് താരങ്ങളെല്ലാം ചേര്‍ന്ന് എറിക്‌സണ് ചുറ്റും മനുഷ്യമതില്‍ തീര്‍ത്തു. എറിക്സണ് പ്രാഥമിക വൈദ്യസഹായം നല്‍കുന്നത് ക്യാമറക്കണ്ണുകളില്‍ നിന്ന് മറയ്ക്കാന്‍ ഫിന്‍ലന്‍ഡ് ആരാധകര്‍ പതാക എറിഞ്ഞുകൊടുത്തു. 

മൈതാനത്ത് താരങ്ങളും ആരാധകരുമെല്ലാം കണ്ണീര്‍ പൊഴിച്ച മിനുറ്റുകള്‍ക്കൊടുവില്‍ എറിക്‌സണ്‍ അപകടനില തരണം ചെയ്തു എന്ന അറിയിപ്പ് മൈതാനത്തെത്തി. 'ക്രിസ്റ്റ്യന്‍, എറിക്‌സണ്‍' എന്ന ആര്‍പ്പുവിളിയോടെയാണ് ഫിന്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക് ആരാധകര്‍ വൈരം മറന്ന് ഈ സന്തോഷ വാര്‍ത്ത സ്വീകരിച്ചത്. ഫിന്‍ലന്‍ഡ് ആരാധകര്‍ ക്രിസ്റ്റ്യന്‍ എന്നും ഡെന്മാര്‍ക്ക് ആരാധകര്‍ എറിക്സൺ എന്നും ഉച്ചത്തില്‍ വിളിച്ച് ആശ്വാസം പ്രകടിപ്പിക്കുകയായിരുന്നു. പിന്നാലെ താരം കോപ്പന്‍ഹേഗനിലെ ആശുപത്രിയിൽ ഹൃദയശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. 

എറിക്‌സന് കൃത്രിമശ്വാസം നൽകി, പങ്കാളിയെ ആശ്വസിപ്പിച്ചു; യഥാര്‍ഥ നായകന്‍ കെയര്‍, കയ്യടിച്ച് ഫുട്ബോള്‍ ലോകം

ഫുട്ബോളിന് അതിര്‍ത്തികളില്ല; എറിക്‌സണ് മറതീര്‍ക്കാന്‍ പതാക നല്‍കി ഫിന്‍ലന്‍ഡ് ആരാധകര്‍

click me!