ആദ്യം ഓടിയെത്തിയ നായകൻ സിമൺ കെയർ എറിക്സനെ മരണത്തിന് വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. വൈദ്യസംഘം ഓടിയെത്തും മുൻപേ കൃത്രിമശ്വാസം നൽകി.  

കോപ്പൻഹേഗ്: യൂറോ കപ്പിനിടെ സൂപ്പര്‍താരം ക്രിസ്റ്റ്യൻ എറിക്സന്റെ ജീവൻ രക്ഷിച്ചത് ഡെൻമാർക്ക് നായകൻ സിമൺ കെയറിന്റെ അവസരോചിത ഇടപെടൽ കൊണ്ട് കൂടിയാണ്. ഇതോടെ ഫുട്ബോൾ ലോകം മുഴുവൻ കെയറിനെ പ്രശംസ കൊണ്ട് മൂടുകയാണ്.

ഫിൻലൻഡിനെതിരായ മത്സരത്തിൽ ഇടവേളയ്‌ക്ക് തൊട്ടുമുൻപാണ് ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞുവീണത്. താരങ്ങളും റഫറിയും കാണികളും ഒരുപോലെ ഞെട്ടിത്തരിച്ച നിമിഷങ്ങൾ. ആദ്യം ഓടിയെത്തിയ നായകൻ സിമൺ കെയർ എറിക്സനെ മരണത്തിന് വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. വൈദ്യസംഘം ഓടിയെത്തും മുൻപേ കൃത്രിമശ്വാസം നൽകി. ബോധം നഷ്ടമായ എറിക്സന്റെ നാവ് ഉള്ളിലേക്ക് വലിഞ്ഞ് ശ്വാസം നഷ്ടപ്പെടാതെ കാത്തു. ഡോക്ടർമാർ എത്തുമ്പോഴേക്കും പ്രാഥമിക ചികിത്സ നൽകി. 

ഗാലറിയിലുള്ളവരെല്ലാം മൈതാനത്തേക്ക് ആശങ്കയോടെ ഉറ്റുനോക്കിയപ്പോൾ താരങ്ങളെയെല്ലാം കോർത്തിണക്കി എറിക്സന് ചുറ്റും മനുഷ്യമതിൽ തീർത്തതും പരിഭ്രാന്തയായി പൊട്ടിക്കരഞ്ഞ എറിക്സന്റെ ഭാര്യയെ ആശ്വസിപ്പിച്ചതും കെയറായിരുന്നു. നായകന്റെ കെയറാണ് എറിക്സന്റെ ജീവൻ രക്ഷിച്ചതെന്ന് ഡോക്ടർമാരും പറയുന്നു. ഇപ്പോൾ ആരാധകരും സാമൂഹ്യമാധ്യമങ്ങളുമെല്ലാം ഒരേസ്വരത്തിൽ പറയുന്നു, സിമൺ കെയർ നിങ്ങളാണ് യഥാർഥ ഹീറോ. 

കുഴഞ്ഞുവീണ ക്രിസ്റ്റ്യൻ എറിക്സൺ അപകടനില തരണം ചെയ്തിട്ടുണ്ട്. കുടുംബവുമായി എറിക്സൻ സംസാരിച്ചു. താരത്തെ കൂടുതൽ പരിശോധനയ്ക്ക് വിധേയനാക്കി. അദേഹത്തിന്‍റെ ക്ലബായ ഇന്‍റർമിലാൻറെ ഡോക്ടർ ആശുപത്രിയുമായി ബന്ധപ്പെട്ടു. അഞ്ച് തവണ ഡെൻമാർക്കിലെ ഏറ്റവും മികച്ച ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള താരമാണ് ക്രിസ്റ്റ്യൻ എറിക്സൺ. 

അതേസമയം, എറിക്സന്റെ ആരോഗ്യസ്ഥിതിയോർത്ത് മാനസികമായി തളർന്ന ഡെന്മാർക്കിനെ ഫിൻലാൻഡ് അട്ടിമറിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫിൻലാൻഡിന്റെ വിജയം. ഫിൻലാൻഡിന് ഇത് ചരിത്ര വിജയമാണ്. അവർ ആദ്യമായാണ് ഒരു പ്രധാന ടൂർണമെന്റിൽ വിജയിക്കുന്നത്. അവരുടെ ആദ്യ യൂറോ കപ്പ് മത്സരമായിരുന്നു ഇന്ന് പുലര്‍ച്ചെ നടന്നത്. ക്രിസ്റ്റ്യൻ എറിക്സൺ അപകടനില തരണം ചെയ്തു എന്ന് ഉറപ്പാക്കിയ ശേഷമാണ് ഇരു ടീമുകളും മത്സരം പൂര്‍ത്തിയാക്കാന്‍ മൈതാനത്ത് തിരിച്ചെത്തിയത്. 

കൂടുതല്‍ യൂറോ വാര്‍ത്തകള്‍...

ഫുട്‌ബോള്‍ ലോകത്തിന് ആശ്വാസം; ക്രിസ്റ്റ്യന്‍ എറിക്‌സണിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി

എറിക്‌സണിന്റെ അഭാവത്തില്‍ ഡാനിഷ് പട തളര്‍ന്നു; ഫിന്‍ലന്‍ഡിന് ചരിത്ര വിജയം

ലുകാകുവിന് ഇരട്ട ഗോള്‍; റഷ്യയെ തകര്‍ത്ത് ബെല്‍ജിയം തുടങ്ങി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona