
ലണ്ടന്‍: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ (Cristiano Ronaldo) വേണ്ടെന്ന് ചെല്‍സി കോച്ച് തോമസ് ടുഷേല്‍. ടീം മാനേജ്‌മെന്റ് റൊണാള്‍ഡോയെ ടീമിലെത്തിക്കാന്‍ നീക്കം തുടങ്ങിയപ്പോഴാണ് ടുഷേല്‍ (Thomas Tuchel) നിലപാട് വ്യക്തമാക്കിയത്. ഏതൊരു കോച്ചും കൊതിക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒറ്റക്ക് കളി ജയിപ്പിക്കാന്‍ ശേഷിയുള്ള താരം. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United) നിറംമങ്ങിയപ്പോഴും റൊണാള്‍ഡോയുടെ കളിമികവിനും ഗോള്‍വേട്ടയ്ക്കും കോട്ടംതട്ടിയിരുന്നില്ല.
എങ്കിലും യുണൈറ്റഡ് വിടാനുള്ള ഒരുക്കത്തിലാണ് റൊണാള്‍ഡോ. യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാത്തതും പുതിയ സീസണിലേക്ക് മികച്ച താരങ്ങളെ സ്വന്തമാക്കാത്തതുമാണ് റൊണാള്‍ഡോയെ ടീം വിടാന്‍ പ്രേരിപ്പിക്കുന്നത്. പ്രീ സീസണ്‍ പരിശീലന ക്യാമ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്ന റൊണാള്‍ഡോ സന്നാഹമത്സരങ്ങളിലും കളിക്കുന്നില്ല. ഇതോടെയാണ് ചെല്‍സിയടക്കമുള്ള ക്ലബുകള്‍ സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ രംഗത്തെത്തിയത്.
എന്നാല്‍ റൊണാള്‍ഡോയെ ടീമിലെടുക്കേണ്ടെന്നാണ് ചെല്‍സി കോച്ച് തോമസ് ടുഷേലിന്റെ നിലപാട്. റൊണാള്‍ഡോയെത്തിയാല്‍ ടീമിന്റെ സന്തുലിതാവസ്ഥ നഷ്ടമാവുമെന്നാണ് ടുഷേല്‍ ക്ലബ് മാനേജ്‌മെന്റിന് മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ സീസണില്‍ മികച്ച താരങ്ങളുണ്ടായിട്ടും യുണൈറ്റഡ് നേരിട്ട തിരിച്ചടിയും ടുഷേല്‍ ചൂണ്ടിക്കാട്ടുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ റഹീം സ്റ്റെര്‍ലിംഗുമായി ധാരണയിലെത്തിയ ചെല്‍സി മാനേജ്‌മെന്റിനോട് റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, റഫീഞ്ഞ എന്നിവരെ ടീമിലെത്തിക്കാനാണ് ടുഷേല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ടീം വിട്ട അന്റോണിയോ റൂഡിഗറിന് പകരം പ്രതിരോധനിരയിലേക്ക് ശക്തനായൊരു താരത്തേയും ടുഷേല്‍ നോട്ടമിട്ടിട്ടുണ്ട്. യൂള്‍സ് കോണ്ടേ, പ്രസ്‌നല്‍ കിംബംബേ എന്നിവരിലൊരാളെ ടീമിലെത്തിക്കാനാണ് ടുഷേലിന്റെ നീക്കം.