റയല്‍, സിറ്റി, പിഎസ്‌ജി, ചെല്‍സി, യുവന്‍റസ്; ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പൻ പോരാട്ടങ്ങള്‍

By Jomit JoseFirst Published Oct 5, 2022, 12:31 PM IST
Highlights

നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ഇന്ന് യുക്രെയ്ൻ ക്ലബ് ഷാക്തറിനെ നേരിടും

മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നും വമ്പൻ ടീമുകൾക്ക് മത്സരമുണ്ട്. മൂന്നാംറൗണ്ടിൽ പിഎസ്‌ജി ഇന്ന് ബെൻഫിക്കയെ നേരിടും. മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡ്, ചെൽസി, യുവന്‍റസ് ടീമുകളും ഇന്ന് കളത്തിലിറങ്ങും.

ചാമ്പ്യൻസ് ലീഗിൽ തോൽവിയറിയാത മുന്നേറുന്ന പിഎസ്‌ജി മൂന്നാംജയമാണ് ലക്ഷ്യമിടുന്നത്. ലിയോണല്‍ മെസി, നെയ്‌മർ, കിലിയന്‍ എംബപ്പെ ത്രയത്തിന്‍റെ ബൂട്ടുകളിൽ തന്നെ പിഎസ്‌ജിയുടെ പ്രതീക്ഷ. പരിക്ക് കാരണം മാർക്കോ വെരാറ്റി, പ്രസ്നൽ കിംബംപെ, റെനാറ്റോ സാഞ്ചസ് എന്നിവർ പിഎസ്‌ജി നിരയിലുണ്ടാകില്ല. ആദ്യ രണ്ട് മത്സരവും ജയിച്ചാണ് ബെൻഫിക്കയും ഗ്രൂപ്പിലെ കരുത്തരെ നേരിടാനിറങ്ങുന്നത്. സ്വന്തം മൈതാനത്താണ് മത്സരമെന്നത് ബെൻഫിക്കയ്ക്ക് പോരാട്ടത്തിന് മുമ്പ് ആശ്വാസമാണ്.

അതേസമയം നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ഇന്ന് യുക്രെയ്ൻ ക്ലബ് ഷാക്തറിനെ നേരിടും. തുടർച്ചയായ മൂന്നാം സീസണിലാണ് ഇരുടീമുകളും ഒരേ ഗ്രൂപ്പിൽ കളിക്കുന്നത്. ലാലിഗയിൽ സമനില വഴങ്ങി രണ്ടാംസ്ഥാനത്തേക്ക് വീണ റയലിന് വിജയവഴിയിൽ തിരിച്ചെത്തുകയാണ് ലക്ഷ്യം. സാന്‍റിയാഗോ ബെർണബ്യൂവിൽ ഷാക്തറിന് കാര്യങ്ങൾ എളുപ്പമാകില്ലെങ്കിലും 2020 സീസണിൽ രണ്ട് മത്സരങ്ങളിലും റയലിനെ വീഴ്ത്തിയ ചരിത്രം ടീമിന് പ്രതീക്ഷ നൽകും.

മറ്റൊരു മത്സരത്തില്‍ ചെൽസി ഇന്ന് ഇറ്റാലിയൻ കരുത്തരായ എസി മിലാനുമായി കൊമ്പുകോർക്കും. സീസണിൽ ഒരു ജയം പോലുമില്ലാതെ ഗ്രൂപ്പിൽ അവസാന സ്ഥാനത്തുള്ള ചെൽസിക്ക് മത്സരം ഏറെ നിർണായകം. പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും കരുത്ത് കാട്ടി മുന്നേറുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് കോപ്പൻഹേഗനാണ് മൂന്നാം റൗണ്ടിലെ എതിരാളികൾ. യുവന്‍റസ് ഇസ്രായേൽ ടീം മക്കാബി ഹൈഫയെ നേരിടും. എല്ലാ മത്സരങ്ങളും രാത്രി പന്ത്രണ്ടരയ്ക്കാണ് തുടങ്ങുക. മറ്റ് മത്സരങ്ങളിൽ ബൊറൂസിയ ഡോർട്ട്മുണ്ട് സെവിയ്യയെയും ആർബി ലെയ്പ്സിഗ്, സെൽറ്റിക്കിനെയും ആർബി സാൽസ്ബെർഗ് ഡൈനാമോ സാഗ്രബിനെയും നേരിടും.

ചാമ്പ്യൻസ് ലീഗ്: രണ്ടാം തോൽവി രുചിച്ച് ബാഴ്‌സ; നാപ്പോളിക്കും ലിവര്‍പൂളിനും ബയേണിനും തകര്‍പ്പന്‍ ജയം

click me!