Asianet News MalayalamAsianet News Malayalam

ചാമ്പ്യൻസ് ലീഗ്: രണ്ടാം തോൽവി രുചിച്ച് ബാഴ്‌സ; നാപ്പോളിക്കും ലിവര്‍പൂളിനും ബയേണിനും തകര്‍പ്പന്‍ ജയം

ചാമ്പ്യൻസ് ലീഗിൽ മൂന്ന് മത്സരത്തിൽ നിന്ന് 13 ഗോളാണ് നാപ്പോളി അടിച്ച് കൂട്ടിയത്

UCL 2022 23 Inter Milan beat Barcelona by Hakan Calhanoglu goal
Author
First Published Oct 5, 2022, 8:21 AM IST

സാന്‍ സിറോ: ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയ്ക്ക് രണ്ടാം തോൽവി. ഇന്‍റർ മിലാൻ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സയെ വീഴ്ത്തിയത്. 45 -ാം മിനിറ്റിലായിരുന്നു ഇന്റർ മിലാന്‍റെ വിജയഗോൾ. ഹകൻ ചാഹനഗ്ലുവാണ് നിർണായക ഗോൾ നേടിയത്. 67-ാം മിനിറ്റിൽ പെഡ്രിയുടെ ഗോളിലൂടെ ബാഴ്സലോണ സമനില നേടിയെങ്കിലും റഫറി ഹാൻഡ്ബോൾ വിളിച്ചതോടെ ഗോൾ നിഷേധിച്ചു. തുടർച്ചയായ രണ്ടാം തോൽവിയോടെ ബാഴ്സലോണ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തായി.

ആംസ്റ്റർഡാമിൽ നടന്ന മറ്റൊരു മത്സരത്തിൽ നാപ്പോളി ഒന്നിനെതിരെ ആറ് ഗോളുകൾക്ക് അയാക്സിനെ തകർത്തു. ചാമ്പ്യൻസ് ലീഗിൽ മൂന്ന് മത്സരത്തിൽ നിന്ന് 13 ഗോളാണ് നാപ്പോളി അടിച്ച് കൂട്ടിയത്. ഒൻപത് പോയിന്റുമായി നാപ്പോളിയാണ് ഗ്രൂപ്പിൽ ഒന്നാമത്. 

അതേസമയം ചാമ്പ്യൻസ് ലീഗിൽ ലിവർപൂള്‍ രണ്ടാം ജയം സ്വന്തമാക്കി. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ സ്കോട്ടിഷ് ചാമ്പ്യൻമാരായ റേഞ്ചേഴ്സിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലിവർപൂൾ തോൽപിച്ചത്. ഏഴാം മിനിറ്റിൽ തന്നെ ലിവ‍പൂൾ മുന്നിലെത്തി. ട്രെന്‍റ് അലക്സാണ്ടർ അർനോൾഡായിരുന്നു സ്കോറർ. രണ്ടാം പകുതിയിൽ മുഹമ്മദ് സലായിലൂടെ ലിവർപൂൾ രണ്ടാം ഗോൾ നേടി.  

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്ക് തുട‍ർച്ചയായ മൂന്നാം ജയം സ്വന്തമാക്കി. ബയേൺ എതിരില്ലാത്ത അഞ്ച് ഗോളിന് വിക്ടോറിയെ പ്ലാസനെ തോൽപിച്ചു. ലിറോയ് സാനെയുടെ ഇരട്ടഗോൾ കരുത്തിലാണ് ബയേണിന്റെ തകർപ്പൻ ജയം. 7, 50 മിനിറ്റുകളിലായിരുന്നു സാനേയുടെ ഗോളുകൾ. സെർജി ഗ്നാബ്രി, സാദിയോ മാനേ, എറിക് മാക്സിം ചൗപ്പോ മോട്ടിംഗ് എന്നിവരാണ് ബയേണിന്‍റെ മറ്റ് ഗോളുകൾ നേടിയത്. ഗ്നാബ്രി പതിമൂന്നാം മിനിറ്റിലും മാനേ ഇരുപത്തിയൊന്നാം മിനിറ്റിലും മോട്ടിംഗ് അൻപത്തിയൊൻപതാം മിനിറ്റിലും ലക്ഷ്യംകണ്ടു.

മറ്റ് മത്സരങ്ങളിൽ ക്ലബ് ബ്രുഗെ എതിരില്ലാത്ത രണ്ട് ഗോളിന് അത്‍ലറ്റിക്കോ മാഡ്രിഡിനെ തോൽപിച്ചപ്പോൾ ടോട്ടനം, ഐൻട്രാക്ടുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

സ്‌കൂള്‍ കുട്ടികള്‍ ഇതിനേക്കാള്‍ ഭേദമാടേ; സിറാജിന്‍റെ പിഴവില്‍ കലിച്ച് രോഹിത്തും ചാഹറും- വീഡിയോ

Follow Us:
Download App:
  • android
  • ios