ചാമ്പ്യൻസ് ലീഗ്: ആരാവും സിറ്റിക്ക് എതിരാളികള്‍; ചെൽസി-റയൽ പോരാട്ടം ഇന്ന്

By Web TeamFirst Published May 5, 2021, 8:55 AM IST
Highlights

സിനദിൻ സിദാന്റെയും തോമസ് ടുഷേലിന്റെയും തന്ത്രങ്ങൾ ഒരിക്കൽക്കൂടി മാറ്റുരയ്‌ക്കുന്നു. റയലിന്റെ മൈതാനത്ത് മഴയിൽ കുതിർന്ന ആദ്യപാദത്തിൽ ഇരുടീമും ഓരോ ഗോളടിച്ച് സമനില പാലിച്ചിരുന്നു. 

സ്റ്റാഫോർഡ് ബ്രിഡ്‌ജ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഫൈനൽ ലക്ഷ്യമിട്ട് ചെൽസിയും റയൽ മാഡ്രിഡും ഇന്ന് ഏറ്റുമുട്ടും. ചെൽസിയുടെ മൈതാനത്ത് രാത്രി പന്ത്രണ്ടരയ്‌ക്കാണ് കളി തുടങ്ങുക. പതിനേഴാം ഫൈനലും പതിനാലാം കിരീടവും ലക്ഷ്യമിട്ടാണ് റയൽ മാഡ്രിഡ് ഇറങ്ങുന്നത്. അതേസമയം മൂന്നാം ഫൈനലും രണ്ടാം കിരീടവും ഉന്നമിട്ട് ചെൽസി. ഇന്നത്തെ വിജയികള്‍ കലാശപ്പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. 

സിനദിൻ സിദാന്റെയും തോമസ് ടുഷേലിന്റെയും തന്ത്രങ്ങൾ ഒരിക്കൽക്കൂടി മാറ്റുരയ്‌ക്കുന്നു. റയലിന്റെ മൈതാനത്ത് മഴയിൽ കുതിർന്ന ആദ്യപാദത്തിൽ ഇരുടീമും ഓരോ ഗോളടിച്ച് സമനില പാലിച്ചു. ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ ഗോളിന് മുന്നിലെത്തിയ ചെൽസിക്കെതിരെ റയൽ ഒപ്പമെത്തിയത് കരീം ബെൻസേമയിലൂടെ. സമനിലയോടെ മടങ്ങിയെങ്കിലും എവേ ഗോളിന്റെ മുൻതൂക്കം ചെൽസിക്കുണ്ട്. 

പരിക്കേറ്റ ഡിഫൻഡർ റാഫേൽ വരാൻ കളിക്കില്ലെങ്കിലും ക്യാപ്റ്റൻ സെർജിയോ റാമോസും ഫെർലാൻഡ് മെൻഡിയും ഫെഡെ വെൽവേർദയും തിരിച്ചെത്തിയത് സിദാന് ആശ്വാസമാവും. കരീം ബെൻസേമയുടെ സ്‌കോറിംഗ് മികവിനെയാണ് റയൽ ഉറ്റുനോക്കുന്നത്. ചെൽസിയിൽ നിന്ന് റയലിലേക്ക് ചേക്കേറിയതിന് ശേഷം എഡൻ ഹസാർഡ് സ്റ്റാഫോർഡ് ബ്രിഡ്ജിൽ തിരിച്ചെത്തുന്ന ആദ്യമത്സരം കൂടിയാവും ഇത്. 

ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം മുതലാക്കാനിറങ്ങുന്ന ചെല്‍സി തിമോ വെർണർ, പുലിസിച്ച്, മേസൺ മൗണ്ട് എന്നിവരെയാവും ഗോൾവേട്ടയ്ക്ക് നിയോഗിക്കുക. മധ്യനിരയിൽ എൻഗോളെ കാന്റെ, ബെൻ ചിൽവെൽ എന്നിവരുടെ പ്രകടനവും ചെൽസിക്ക് നിർണായകമാവും. റയലും ചെൽസിയും ഇതിന് മുൻപ് നാല് കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ചെൽസി ഒറ്റക്കളിയിലും ജയിച്ചിട്ടില്ല. റയൽ രണ്ടിൽ ജയിച്ചപ്പോൾ രണ്ടുമത്സരം സമനിലയിൽ അവസാനിച്ചു.

മഹ്‌റേസ് രണ്ടടിച്ചു, പിഎസ്‌ജി വീണു; മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലില്‍

click me!