Asianet News MalayalamAsianet News Malayalam

മഹ്‌റേസ് രണ്ടടിച്ചു, പിഎസ്‌ജി വീണു; മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലില്‍

ചാമ്പ്യൻസ് ലീഗിൽ ആദ്യ കിരീടം ലക്ഷ്യമിടുന്ന മാഞ്ചസ്റ്റർ സിറ്റി കിരീടത്തിന് ഒരു മത്സരം കൂടെ അരികിലെത്തി. 

UEFA Champions League 2020 21 Manchester City into their first final
Author
Manchester, First Published May 5, 2021, 8:15 AM IST

മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി മാഞ്ചസ്റ്റർ സിറ്റി. പിഎസ്ജിയെ ഇരുപാദങ്ങളിലായി ഒന്നിനെതിരെ നാലുഗോളുകൾക്ക് തോൽപ്പിച്ചാണ് സിറ്റിയുടെ മുന്നേറ്റം. രണ്ടാംപാദത്തില്‍ റിയാദ് മഹ്റേസിന്‍റെ ഇരട്ട ഗോൾ നേട്ടത്തിലാണ് സിറ്റി പിഎസ്ജിയെ മറികടന്നത്. 

സിറ്റിയുടെ മൈതാനത്ത് നടന്ന രണ്ടാംപാദ സെമിഫൈനലിൽ പിഎസ്ജിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ഇംഗ്ലീഷ് വമ്പൻമാരുടെ മുന്നേറ്റം. ഇരുപാദങ്ങളിലായി ഒന്നിനെതിരെ നാലു ഗോളുകളുടെ ആധികാരിക ജയം. ഒരു ഗോൾ കടവുമായി സിറ്റിയുടെ മൈതാനത്തെത്തിയ നെയ്‌മറിനും സംഘത്തിനും കാര്യമായൊന്നും ചെയ്യാനായില്ല. മത്സരം തുടങ്ങിയത് മുതൽ ആക്രമിച്ച് കളിച്ച സിറ്റി റിയാദ് മെഹ്റേസിലൂടെ പതിനൊന്നാം മിനുട്ടിൽ തന്നെ ലക്ഷ്യം കണ്ടു.

അറുപത്തിമൂന്നാം മിനുട്ടിൽ രണ്ടാം ഗോളിലൂടെ മഹ്റേസ് സിറ്റിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. പരിക്കേറ്റ സൂപ്പർ താരം കിലിയൻ എംബാപ്പെ ഇല്ലാതെയാണ് പിഎസ്ജി കളത്തിലിറങ്ങിയത്. വജ്രായുധമായ നെയ്മർ-എംബാപ്പെ കൂട്ടുകെട്ടില്ലാത്തതും സിറ്റിക്ക് കാര്യങ്ങൾ എളുപ്പമാക്കി. തുടർച്ചയായ രണ്ടാം ഫൈനലെന്ന പിഎസ്ജിയുടെ സ്വപ്നം കൂടെയാണ് പൊലിഞ്ഞത്.

പാരീസിൽ നടന്ന ആദ്യപാദ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സിറ്റിയുടെ ജയം. എവേ ഗോളിന്റെ മുൻതൂക്കവും ഹോം ഗ്രൗണ്ട് ആനുകൂല്യവും സിറ്റിക്ക് തുണയായി. അതേസമയം സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് പിഎസ്ജിക്ക് തിരിച്ചടിയായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios